തിരുവനന്തപുരം: നടന്മാരായ സുധീഷ്, ഇവള ബാബു എന്നിവർക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയും ജൂനിയർ ആർട്ടിസ്റ്റുമായ യുവതിയിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും. നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച യുവനടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നാണ് പരാതി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എആർ ക്യാമ്പിൽ വെച്ചായിരിക്കും മൊഴിയെടുക്കുക. അമ്മയിൽ അംഗത്വം നല്‍കാമെന്നും, പകരം അഡ്ജസ്റ്റ് ചെയ്യണമെന്നും അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഇവള ബാബു പറഞ്ഞതായി യുവതിയുടെ പരാതിയില്‍ പറയുന്നു. നടൻ സുധീഷും തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നാണ് യുവതിയുടെ പരാതി.
അതേസമയം, തങ്ങൾക്ക് നേരെയുള്ള യുവതിയുടെ ആരോപണം നിഷേധിച്ചുകൊണ്ട് നടന്മാരായ സുധീഷും ഇടവേള ബാബുവും രംഗത്ത് വരികയും ചെയ്തു. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ നടനും എംഎൽഎയും ആയ മുകേഷിന്റെ രാജി കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ശക്തമായ പോലീസ് സുരക്ഷയിൽ തിരുവനന്തപുരത്ത് നിന്നും മുകേഷ് കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്.