ഒ ഐ സി സി (യു കെ) യുടെ നവ നാഷണൽ കമ്മിറ്റി സെപ്റ്റംബർ 1 – ന് അധികാരമേൽക്കും; എ ഐ സി സി സെക്രട്ടറി പെരുമാൾ വിശ്വനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്യും

ലണ്ടൻ: ഒ ഐ സി സി (യു കെ) -യുടെ പുതിയ നാഷണൽ കമ്മിറ്റി സെപ്റ്റംബർ 1 – ന് ചുമതയേൽക്കും. ലണ്ടനിലെ ക്രോയ്ഡനിൽ വച്ചു സംഘടിപ്പിക്കുന്ന സമ്മേളനം എ ഐ സി സി സെക്രട്ടറി പെരുമാൾ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും.

ക്രോയ്ഡൻ സെന്റ്. ജൂഡ് വിത്ത്‌ സെന്റ്. എയ്ഡൻ ഹാളിൽ ഞായറാഴ്ച വൈകിട്ട് 6 മണി മുതലാണ് സമ്മേളനം. ചടങ്ങിൽ വെച്ചു ഒ ഐ സി സി (യു കെ)യുടെ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേൽക്കും. യു കെയിലെ വിവിധ റീജിയണൽ കമ്മിറ്റികളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി നിരവധി പ്രവർത്തകർ നാഷണൽ കമ്മിറ്റിക്ക് അനുമോദനങ്ങളും അഭിവാദ്യങ്ങളും അർപ്പിക്കുവാൻ ചടങ്ങിൽ അണിചേരും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനുമായി ഒ ഐ സി സി (യു കെ) സറെ റീജിയൻ പ്രസിഡന്റ്‌ വിൽസൻ ജോർജിനെ പ്രോഗ്രാം കൺവീനറായി തെരഞ്ഞെടുത്തിട്ടുണ്ട്.

പ്രവാസി മലയാളികൾക്കിടയിലെ കരുത്തുറ്റ സംഘടനകളിൽ ഒന്നായ ഒഐസിസിയുടെ യു കെയിലെ പ്രവർത്തനങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കുക, സംഘടനയിൽ വനിതകൾ / യുവാക്കൾ എന്നിവർക്ക് മതിയായ പ്രാധാന്യം നൽകി നേതൃനിരയിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കെ പി സി സി ഷൈനു ക്ലെയർ മാത്യൂസിനെ അധ്യക്ഷ സ്ഥാനം നൽകിക്കൊണ്ട് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി പുനസംഘടിപ്പിച്ചത്. പ്രസിഡന്റ്‌, 5 വർക്കിങ് പ്രസിഡന്റുമാർ, 5 വൈസ് പ്രസിഡന്റുമാർ, 4 ജനറൽ സെക്രട്ടറിമാർ, 15 ജോയിന്റ് സെക്രട്ടറിമാർ, ട്രഷറർ, ഔദ്യോഗിക വക്താവ്, 4 അംഗ ഉപദേശക കമ്മിറ്റി, 10 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി, 4 യുവജന പ്രതിനിധികൾ എന്നിവർ ഉൾപ്പടെ 49 ഭാരവാഹികളെയാണ് ഓഗസ്റ്റ് 16 – ന് കെ പി സി സി പ്രഖ്യാപിച്ചത്.

സംഘടനയുടെ വാർത്താകുറിപ്പുകൾ പുറത്തിറക്കുന്നതിനും പ്രവർത്തനങ്ങൾ / സമ്മേളനങ്ങൾ സംബന്ധമായ വാർത്തകൾ, സംഘടനയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ തുടങ്ങിയവ ഔദ്യോഗികമായി അറിയിക്കുന്നതിനുമായി രണ്ട് അംഗ മീഡിയ സെല്ലും രൂപീകരിച്ചിട്ടുണ്ട്.

യു കെയിലുടനീളം ഒ ഐ സി സിയുടെ സംഘടന സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയൻ കമ്മിറ്റികളുടെ രൂപീകരണം, സമൂഹത്തിലെ നാനാ മേഖലകളിൽ നിന്നുള്ളവരെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുന്നതിന് ഉതകുന്ന കർമ്മ പദ്ധതികളുടെ ആസൂത്രണം, സ്ത്രീകൾ / യുവജങ്ങൾ / ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് മുൻഗണന നല്കുന്ന പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾക്ക് സംഘടന പ്രഥമ പരിഗണന നൽകുമെന്നും കൂട്ടായ പ്രവർത്തനങ്ങൾക്ക് എല്ലാ ഭാരവാഹികളുടേയും ഒറ്റക്കെട്ടായ പിന്തുണ അഭ്യർത്ഥിക്കുന്നതായും പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.

നേരത്തെ ഒ ഐ സി സി (യു കെ) – യുടെ ചുമതല വഹിക്കുന്ന കെ പി സി സി ഭാരവാഹികളായ ശ്രീ. വി പി സജീന്ദ്രൻ, ശ്രീ. എം എം നസീർ എന്നിവർ യു കെ സന്ദർശിച്ചു നാഷണൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തുകൊണ്ടു ഒ ഐ സി സി നേതാക്കന്മാരും പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തുകയും വിശദമായ റിപ്പോർട്ട്‌ കെ പി സി സിക്ക് സമർപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റി പുനസംഘടിപ്പിക്കപ്പെട്ടത്.

സമ്മേളന വേദിയുടെ വിലാസം:

St. Jude with St. Aiden Hall
Thornton Heath
CR7 6BA

Print Friendly, PDF & Email

Leave a Comment

More News