ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ വ്യക്തിഹത്യയ്ക്കാകരുത്: നടി രേവതി

കൊച്ചി: സമൂഹത്തിന് മുന്നിൽ ഒരാളെ വ്യക്തിഹത്യ നടത്തുന്ന തരത്തിലാകരുത് വെളിപ്പെടുത്തലെന്ന് നടി രേവതി. മലയാള സിനിമാ മേഖലയിൽ നടക്കുന്നത് മീ ടൂ വെളിപ്പെടുത്തലുകളല്ല, അതിനപ്പുറം വളർന്നുവെന്നും വരും തലമുറയ്ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പാക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും രേവതി പറഞ്ഞു.

അതേസമയം, സംവിധായകൻ രഞ്ജിത്ത് തനിക്ക് യുവാവിൻ്റെ നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തുവെന്ന ആരോപണം നിഷേധിച്ച രേവതി, തനിക്ക് അത്തരത്തിലുള്ള ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടതില്ലെന്നും വ്യക്തമാക്കി. ഹേമ കമ്മറ്റി റിപ്പോർട്ടിൽ പകുതിയും ലൈംഗികചൂഷണത്തെ കുറിച്ചുള്ളതാണെങ്കിൽ ബാക്കി പകുതി വ്യവസായത്തിലെ മറ്റ് വിഷയങ്ങളാണെന്നും ലൈംഗികചൂഷണം ചർച്ച ചെയ്യേണ്ട ഗൗരവമുള്ള വിഷയമാണെന്നും രേവതി പറഞ്ഞു.

ഹേമ കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് പറഞ്ഞ താരം സുരക്ഷിതമായ തൊഴിലിടം എന്നതിന് പുറമേ തുല്യ വേതനം കൂടി നൽകുന്ന ഒരു ഇടമായി സിനിമ മേഖലയെ മാറ്റാനാണ് ശ്രമിക്കുന്നത് എന്നും പറഞ്ഞു. രാജിവെച്ച് സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഒളിച്ചോടുന്ന പ്രവണത നല്ലതാണോ എന്നും രേവതി ചോദിച്ചു.

അതേസമയം അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവച്ച നടൻ മോഹൻലാൽ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു. താൻ എവിടേക്കും ഒളിച്ചോടിയതല്ല എന്നും വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടാകാതിരുന്നതിനാൽ ആണ് പ്രതികരണം നടത്താതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News