ഹ്യൂസ്റ്റൺ: ജാതിമത വർഗ്ഗ വർണ്ണ വ്യതാസങ്ങൾക്കപ്പുറം തങ്ങളുടെ ചുറ്റുമുള്ള അശരണരെ ചേർത്തുപിടിച്ച് അവരുടെ ആവശ്യങ്ങൾ തങ്ങളാൽ കഴിയുംവിധം നിറവേറ്റി സ്റ്റാഫ്‌ഫോർഡ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകാംഗങ്ങൾ മാതൃകയാകുന്നു. അവരുടെ സുവർണ്ണ ജൂബിലി ആഘോഷണത്തിൻറെ മുഖ്യ ഘടകം സേവനമാണ് എന്നതാണ് ഏറ്റവും മാതൃകാപരം.
ഹൂസ്റ്റണിലെ ആദ്യത്തെ തന്നെ ദേവാലയങ്ങളിൽ ഒന്നായ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അതിൻറെ അൻപതാം വർഷം ആഘോഷിക്കുകയാണ്. 1974 ൽ സ്ഥാപിതമായ ഓർത്തഡോക്സ് സഭ ഒരുവർഷത്തെ ആഘോഷമാണ് നടത്തിയിരുന്നത്. അതിന്റെ സമാപനം കുറിക്കുന്ന ചടങ്ങുകളാണ് സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുക.
മലങ്കര ഓർത്തഡോൿസ് സഭയുടെ അധിപൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ ആയിരിക്കും സുവർണ ജൂബിലി സമാപന പരിപാടികൾക്ക് നേതൃത്വം നൽകുക. സെപ്റ്റംബർ 18 നു ഹൂസ്റ്റണിൽ എത്തുന്ന പരിശുദ്ധ കത്തോലിക്കാ ബാവയെ സ്വീകരിക്കുന്നതിനു വൻ സന്നാഹങ്ങളാണ് ഒരുങ്ങുന്നത്. അദ്ദേഹം കാർമികത്വം വഹിക്കുന്ന പരിശുദ്ധ കുർബാനയോടെ ആയിരിക്കും ജൂബിലി ആഘോഷ ചടങ്ങുകൾ അവസാനിക്കുക. കുർബാനയിൽ ആയിരത്തിൽ അധികം വിശ്വാസികൾ പങ്കെടുക്കുമെന്ന് കരുതുന്നു. സെപ്റ്റംബർ ഒന്നിന് സ്റ്റാഫോർഡ് സിവിക് സെന്ററിൽ ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന എക്സ്ട്രാവഗൻസാ ടാലന്റ് ഷോ ആയിരിക്കും സമാപന ചടങ്ങുകളുടെ തുടക്കം.
ഹ്യൂസ്റ്റണിലെയും പ്രാന്തപ്രദേശങ്ങളിലെയും ജീവിതം വഴിമുട്ടി നിൽക്കുന്നവരും നിർധനരുമായ ആളുകളെ കൈപിടിച്ചു കയറ്റാനായി ഒരുലക്ഷം ഡോളറിന്റെ ധനസഹായമാണ് ഇടവക നൽകുക. ഏതാണ്ട് എണ്പത്തിനായിരത്തോളം അപേക്ഷകൾ ലഭിച്ചതിൽ നിന്ന് അർഹരായ പതിനായിരം പേർക്ക് ആയിരിക്കും ആദ്യമായി സഹായം നൽകുക. അതിൽ വീടില്ലാത്തവരും, ആഹാരത്തിനു ബുദ്ധിമുട്ടുന്നവരും പഠനം നടത്താൻ സഹായം തേടുന്ന വിദ്യാർഥികളും ഒക്കെയുള്ള ഒരു നീണ്ട നിരതന്നെയുണ്ട്. ഒപ്പം കേരളത്തിൽ വീട് വക്കാനും വിവാഹം നടത്താനും കുട്ടികളുടെ പഠനത്തിനും വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെയും ചേർത്തു പിടിക്കാനും ഇവർ മറക്കുന്നില്ല.
ഹ്യൂസ്റ്റൺ സെന്റ് തോമസ് ദേവാലയത്തിൻറെ ചരിത്രം ഓർമിപ്പിക്കുന്ന ഹൃദയ സ്പർശിയായ ഒരു ഡോക്യൂമെന്ററിയും കോശി പി ജോണിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട്. ജീവിത സായാഹ്നത്തിലെത്തിനിൽക്കുന്ന ഈ ഇടവകക്ക് രുപം നൽകിയവരെയും ഇതിൽനിന്നു പിരിഞ്ഞുപോയവരെയും ഒരുമിച്ചു കൂട്ടുന്ന ഒരു ചടങ്ങും ജൂബിലിയുടെ ഭാഗമായി നടക്കുന്നുണ്ട്. പരിസരങ്ങളിലുള്ള മറ്റു ദേവാലയങ്ങളിലെ പുരോഹിതർ ഉൾപ്പടെയുള്ളവരെ പ്രാമുഖ്യം നൽകി ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നുണ്ട്.
സെപ്തംബർ 21 നു ഹ്യൂസ്റ്റൺ പൊതുസമൂഹത്തെ ആദരിച്ചുകൊണ്ടു ജനപ്രതിനിധികളും മറ്റു പ്രമുഖരും പങ്കെടുക്കുന്ന പൊതു സമ്മേളനം നടക്കും. സെപ്റ്റംബർ 22 നു സ്റ്റാഫോർഡ് സിറ്റിയുടെ പ്രത്യേക പ്രൊക്ലമേഷൻ ഉണ്ടാവുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മേയർ കെൻ മാത്യു പറഞ്ഞു.
സ്റ്റാഫോർഡ് സെന്റ് തോമസ് കത്തീഡ്രൽ അങ്കണത്തിലെ മീഡിയ റൂമിൽ ഇന്നലെ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഇടവക വികാരിയും പ്രെസിഡന്റുമായ റവ. ഫാദർ പി എം ചെറിയാൻ ആണ് വിവരങ്ങൾ വിശദീകരിച്ചത്. സഹ വികാരിമാരായ റവ. ഫാ. രാജേഷ് കെ ജോൺ റവ ഫാ.ക്രിസ്റ്റഫർ മാത്യു, ഇടവകാംഗം കൂടിയായ സ്റ്റാഫോർഡ് മേയർ കെൻ മാത്യു, ജൂബിലി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കൺവീനർ മനോജ് മാത്യു, പാരിഷ് സെക്രട്ടറി ജിനു തോമസ്, മാർക്കറ്റിംഗ് പബ്ലിസിറ്റി കമ്മിറ്റീ ചെയർ ചാക്കോ പി തോമസ്, സുവനീർ കമ്മറ്റി ജേക്കബ് കുരുവിള, ഡോക്യുമെന്ററി കോശി പി ജോൺ, ചാരിറ്റി കമ്മറ്റി എൽസി എബ്രഹാം, കൾച്ചറൽ പ്രോഗ്രാം സിബു വർഗീസ്, ഫുഡ് കമ്മിറ്റീ പോൾ വർഗീസ്, പ്രോഗ്രാം കമ്മറ്റി ജോൺസി വർഗീസ്, റിസെപ്ഷൻ ഡാർലി ജോർജ്, സ്പോർട്സ് സെബി എബ്രഹാം തുടങ്ങി നിരവധി അംഗങ്ങൾ പത്രസമ്മേളനത്തിൽ മാധ്യമ പ്രതിനിധികളുടെ ചോദ്യങ്ങൾക്കു ഉത്തരം നൽകി.
എല്ലാംകൊണ്ടും ചരിത്രത്തിൽ ഇടംപിടിക്കുന്നു വേറിട്ട അനുഭവമായിരിക്കും സ്റ്റാഫോർഡിന്റെ ഹൃദയത്തിൽ തലയുയർത്തി നിൽക്കുന്ന സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ അൻപതാം പിറന്നാൾ ആഘോഷം.