കുവൈറ്റ് സിറ്റി: ഒരു പേരിൽ എന്താണുള്ളതെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് കുവൈറ്റില്‍ ജയിലില്‍ കഴിയുന്ന യുവാവിന്റെ കഥ.
കുവൈറ്റിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന പാലാ സ്വദേശി തോമസ് ജോസഫാണ് കമ്പനിയിലെ മലയാളിയായ സഹപ്രവർത്തകന് തന്റെ സിവിൽ ഐഡിയുടെ കോപ്പി നൽകി നിയമക്കുരുക്കിൽ അകപ്പെട്ടത്. മൂന്ന് കോടിയിലധികം രൂപയുടെ സാമ്പത്തികവും ക്രിമിനൽ കേസുകളും ഉള്ളതിനാൽ കസ്റ്റഡിയിൽ കഴിയേണ്ടി വന്നതിനാൽ കഴിഞ്ഞ രണ്ട് വർഷമായി നാട്ടിൽ പോകാൻ കഴിയാതെ വിഷമസന്ധിയിലായിരിക്കുകാണ് ഈ യുവാവ്.
2020-ലാണ് കേസുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം. കുവൈറ്റ് ഓയിൽ കമ്പനിയിൽ നിന്ന് ഉപയോഗിച്ച കമ്പ്യൂട്ടർ വാങ്ങാൻ ഗേറ്റ് പാസ് ഉണ്ടാക്കാനാണ് മലയാളിയായ സഹപ്രവർത്തകൻ തോമസിൻ്റെ സിവിൽ ഐഡിയുടെ കോപ്പി ആവശ്യപ്പെട്ടത്. ഐഡി കോപ്പി വാട്സാപ്പിലൂടെ അയച്ചുകൊടുത്തതായി തോമസ് ജോസഫ് പറയുന്നു. രണ്ട് വർഷത്തിന് ശേഷം കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റ് തോമസ് ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് വിളിപ്പിച്ചു. അവിടെയെത്തിയപ്പോള്‍ സി ഐ ഡി ഉദ്യോഗസ്ഥര്‍ തോമസിന്‍റെ പേരില്‍ ഒപ്പിട്ട ചെക്കും ചില രേഖകളും കാണിച്ചുകൊടുത്തു. ചെക്ക് തന്റേതല്ലെന്നും കുവൈത്തില്‍ ബാങ്ക് ചെക്ക് സ്വന്തമായി ഇല്ലെന്നും തോമസ് വ്യക്തമാക്കിയെങ്കിലും പ്രശ്നം തീര്‍ന്നില്ല.
വ്യാജരേഖകള്‍ ഉപയോഗിച്ചു മറ്റ് ചിലരോടെപ്പം 1.2 ലക്ഷം കുവൈത്ത് ദിനാര്‍ തട്ടിയെടുത്തു എന്നതാണ് തോമസ് ജോസഫിനെതിരെയുള്ള കേസ്. കുവൈത്ത് പൗരന്‍ നല്‍കിയ കേസിലാണ് തോമസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോലി ചെയ്യുന്ന കമ്പനിയുടെ അതേ പേരിലുള്ള മറ്റൊരു കമ്പനിയിലെ തോമസ് ഉൾപ്പെട്ട കേസാണിത്. തട്ടിപ്പ് നടത്തിയ ആളാകട്ടേ രാജ്യം വിടുകയും ചെയ്തു.
തോമസ് ജോസഫിന്‍റെ കമ്പനിയിലെ സഹപ്രവര്‍ത്തകന്‍റെ സുഹൃത്താണ് നാടുവിട്ട തോമസ്. തോമസ് ജോസഫിന്റെ സിവില്‍ ഐ ഡി കോപ്പി കൈക്കലാക്കി തട്ടിപ്പുകാരന് കൊടുത്ത സുഹൃത്ത് സംഭവശേഷം കുടുംബസമ്മേതം ന്യൂസിലാന്റിലേക്ക് പോയി. ഈ കേസില്‍ നിന്ന് എങ്ങനെയും തലയൂരാന്‍ തോമസ് ജോസഫ് പല വഴികളും തേടിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും ചെയ്തു.
എംബസി മുഖേന സി ഐ ഡി അധികൃതരെ സിവില്‍ ഐഡി കോപ്പി നല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് തോമസ് ജോസഫിനെതിരെ കേസ് ഫയൽ ചെയ്തതും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതും. തുടര്‍ന്ന് ജയിലിലുമായി. 100 കുവൈത്ത് ദിനാര്‍ ജാമ്യത്തിലാണ് തോമസ് ജോസഫ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഇതിനിടയില്‍ ഒരു സ്വദേശി അഭിഭാഷകന്‍ മുഖേന സി ഐ ഡി ഓഫിസില്‍ കേസ് സംബന്ധിച്ച് ബന്ധപ്പെട്ടെങ്കിലും രണ്ട് വര്‍ഷമായി കേസ് ഇതുവരെ കോടതിയില്‍ പോലും എത്തിയിട്ടില്ലാത്തതിനാല്‍ അഭിഭാഷകനും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. 9 വര്‍ഷത്തിലെറെയായി ജോലി ചെയ്യുന്ന കമ്പനിക്ക് തോമസ് ജോസഫിനെ വിശ്വാസമാണെന്നതിനാല്‍ ജോലി സുരക്ഷിതമാണ്. കൂടാതെ, താമസ രേഖയായ ഇഖാമയും നിയമപരം. എങ്കിലും, മനസ്സറിയാതെ താന്‍ കുടുങ്ങിയ കേസില്‍ നിന്ന് എങ്ങനെ കരകയറുമെന്ന ആശങ്ക കുവൈത്തിൽ കുടുംബവുമൊത്ത് കഴിയുന്ന തോമസ് ജോസഫിനെ വിട്ടൊഴിഞ്ഞിട്ടില്ല. ഇതിനായി സാമൂഹിക പ്രവർത്തകരുടെ സഹായം തേടുകയാണ് ഇദ്ദേഹം.