സീറോ മലബാര്‍ ഫാമിലി കോണ്‍ഫറന്‍സിനു ആവേശം പകര്‍ന്ന് യുവജന മുന്നേറ്റം

ഫിലഡല്‍ഫിയ: ചിക്കാഗൊ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ എസ്. എം. സി. സി യുടെ രജതജൂബിലിയോടനുബന്ധിച്ച് 2024 സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ ദേശീയ തലത്തില്‍ ഫിലാഡല്‍ഫിയയില്‍ നടക്കുന്ന സീറോമലബാര്‍ കുടുംബ സംഗമത്തിനു ആശയും, ആവേശവും പകര്‍ന്ന് ഊര്‍ജ്ജസ്വലരായ യുവജനങ്ങളും, യംഗ് വര്‍ക്കിംഗ് പ്രൊഫഷണല്‍സും ചേര്‍ന്ന് യുവജനകൂട്ടായ്മക്കു രൂപം നല്‍കി.

സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച യുവജനകൂട്ടായ്മയുടെ പ്രതിനിധികള്‍ ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളി യൂത്ത് ട്രസ്റ്റി ജെറി കുരുവിളയുടെ നേതൃത്വത്തില്‍ എസ്. എം. സി. സി നാഷണല്‍ ഡയറക്ടര്‍ റവ. ഫാ. ജോര്‍ജ് എളംബാശേരിലിനെ (ജോഷി അച്ചന്‍) ഫ്‌ളോറിഡാ കോറല്‍ സ്പ്രിംഗ്‌സ് ആരോഗ്യമാതാവിന്റെ ദേവാലയത്തില്‍ സന്ദര്‍ശിച്ച് ഫാമിലി കോണ്‍ഫറന്‍സിന്റെ പൂര്‍ണ വിജയത്തിനായി തങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്തു.

ദിവ്യബലിക്കുശേഷം നടന്ന രജിസ്‌ട്രേഷന്‍ പ്രൊമോഷനില്‍ ജെറി കുരുവിളക്കൊപ്പം ടോഷന്‍ തോമസ്, ടിജോ പറപ്പുള്ളി, ആല്‍ബിന്‍ ബാബു, ജിതിന്‍ ജോണി, എബിന്‍ സെബാസ്റ്റ്യന്‍, ആദര്‍ശ് ഉള്ളാട്ടില്‍, ഷിബിന്‍ സെബാസ്റ്റ്യന്‍, അനിക്‌സ് ബിനു, ക്രിസ്റ്റി ബോബി, ജിയോ വര്‍ക്കി, ജിബിന്‍ ജോബി, ആല്‍വിന്‍ ജോണ്‍, എസ്. എം. സി. സി നാഷണല്‍ കമ്മിറ്റി അംഗം റോഷിന്‍ പ്ലാമൂട്ടില്‍ എന്നിവരാണു ജോഷി അച്ചനെ സന്ദര്‍ശിച്ച് പിന്തുണയറിയിച്ചത്.

കോറല്‍ സ്പ്രിംഗ്‌സ് ആരോഗ്യമാതാവിന്റെ ദേവാലയത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ എസ്. എം. സി. സി ചാപ്റ്റര്‍ ഭാരവാഹികളായ ജോയി കുറ്റിയാനി, ഡെന്നി ജോസഫ്, മേരി ജോസഫ്, സൈമണ്‍ പറത്താഴം, മത്തായി വെമ്പാല എന്നിവര്‍ സംബന്ധിച്ചു.

മൂന്നുദിവസത്തെ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് എല്ലാദിവസവും ആഘോഷമായ ദിവ്യബലി, യുവജനസമ്മേളനം, മിസ് സീറോ പ്രിന്‍സ്, സീറോ ക്വീന്‍ സൗന്ദര്യ മല്‍സരം, ക്വയര്‍ ഫെസ്റ്റ്, ബ്രിസ്റ്റോ സേവ്യര്‍, സുഷ്മാ പ്രവീണ്‍ എന്നീ ഗായകര്‍ക്കൊപ്പം ‘പാടും പാതിരി’ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സി. എം. ഐ നയിക്കുന്ന സംഗീത നിശ, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, സെമിനാറുകള്‍, ചര്‍ച്ചാസമ്മേളനങ്ങള്‍, നസ്രാണിതനിമയിലുള്ള പൈതൃകഘോഷയാത്ര, 2024 ല്‍ വിവാഹജീവിതത്തിന്റെ 25/50 വര്‍ഷങ്ങള്‍ പിന്നിട്ട് ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരെ ആദരിക്കല്‍, മതാദ്ധ്യാപകസംഗമം, ബാങ്ക്വറ്റ്, വോളിബോള്‍ ടൂര്‍ണമെന്റ്, ഫിലാഡല്‍ഫിയ സിറ്റി ടൂര്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

സീറോമലബാര്‍ കത്തോലിക്കാ കോണ്‍ഗ്രസിന്റെ (എസ്. എം. സി. സി.) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന സീറോമലബാര്‍ കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് മൂന്നുദിവസത്തെ ഭക്ഷണമുള്‍പ്പെടെ 150 ഡോളറും, ഫാമിലിക്ക് 500 ഡോളറുമാണൂ രജിസ്‌ട്രേഷന്‍ ഫീസ്.

കോണ്‍ഫറന്‍സിനു രജിസ്റ്റര്‍ ചെയ്യുന്നതിനു ഓണ്‍ലൈന്‍ വഴിയുള്ള രജിസ്‌ട്രേഷന്‍ ആണ് ഏറ്റവും സ്വീകാര്യം. കോണ്‍ഫറന്‍സ് സംബന്ധിച്ച എല്ലാവിവരങ്ങളും ജൂബിലി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

വെബ്‌സൈറ്റ്: www.smccjubilee.org

Print Friendly, PDF & Email

Leave a Comment