മലപ്പുറം: RSS, പോലീസ്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവയുടെ അവിശുദ്ധ കൂട്ടുകെട്ട് നടത്തി കേരളത്തെ ഒറ്റുകൊടുത്ത മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി ഇന്ന് മലപ്പുറത്ത് പ്രകടനം നടത്തി. MLAയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കുറ്റവാളികളെ സർവീസിൽ നിന്ന് മാറ്റിനിർത്തി അടിയന്തര ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യമുന്നയിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
MLAയുടെ വെളിപ്പെടുത്തലുകൾ ഗൗരവമായി കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രിയെ ഉൾപ്പെടെ ആരോപിതരായ ആരോപിതരായ മുഴുവൻ പേരും തൽസ്ഥാനത്തുനിന്ന് മാറിനിന്ന് തന്നെ അന്വേഷണത്തെ നേരിടണമെന്നും ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ പറഞ്ഞു.
തൃശ്ശൂരിലെ സംഘപരിവാർ വിജയം ഈ അച്ചുതണ്ടിന്റെ സമ്മാനമാണ് എന്നാണ് അൻവറിന്റെ വെളിപ്പെടുത്തൽ വ്യക്തമാക്കുന്നത്. ഇത് ശരിയാണെങ്കിൽ ഇടതുപക്ഷം കേരളത്തോട് മാപ്പ് പറയേണ്ടതുണ്ട്. തൃശ്ശൂരിലെ വിജയത്തിന് പകരമായി എന്ത് ഡീൽ ആണ് ഉണ്ടായത് എന്ന കാര്യം അറിയാൻ കേരളത്തിന് അവകാശമുണ്ട്.
കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്മാർ ക്രിമിനൽ സ്വഭാവത്തോടുകൂടി പ്രവർത്തിക്കുന്നവരാണെന്ന ആക്ഷേപം നേരത്തെ നിലനിൽക്കുന്നതാണ്. അത് സാധൂകരിക്കുന്നതാണ് പുതിയ ആരോപണം.
ഈ പോരാട്ടത്തിന് മുഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണം എന്നും പ്രാദേശിക തലങ്ങളിൽ ഉൾപ്പെടെ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, കാദർ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയിൽ, അഷറഫലി കട്ടുപ്പാറ, ജില്ലാ പ്രസിഡണ്ട് ജംഷീദ് അബൂബക്കർ, വി ടി എസ് ഉമർ തങ്ങൾ, ശാക്കിർ മോങ്ങം, അത്തീഖ് ശാന്തപുരം, സലാം സി എച്ച്, മെഹബൂബ് പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു.