സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രസ്താവന നടത്തിയ പി വി അന്‍‌വര്‍ എം എല്‍ എ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്‌ചക്കു ശേഷം പിവി അൻവർ എംഎൽഎ മടങ്ങി. സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് അൻവർ എംഎൽഎ ഉന്നയിച്ചത്. അതിന് ശേഷമാണ് മുഖ്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട എ.ഡി.ജി.പി.എം ആർ.അജിത് കുമാറിനെതിരെ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയെന്നാണ് ലഭ്യമായ വിവരം. കൂടിക്കാഴ്ച നടത്തിയ ശേഷം തിരിച്ചെത്തിയ ഉടൻ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

നിർണായക തെളിവുകൾ മുഖ്യമന്ത്രിയ്ക്ക് അൻവർ എംഎൽഎ കൈമാറിയിട്ടുണ്ടെങ്കിൽ എം ആർ അജികുമാറിനും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എതിരെ മുഖ്യമന്ത്രി എന്ത് നടപടി എടുക്കും എന്നതും നിർണായകമാണ്. വളരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടും ക്രമ സമാധാന ചുമതലയിൽ നിന്ന് എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റാത്തതിൽ അൻവർ എംഎൽഎക്ക് കടുത്ത അതൃപ്തിയും നിലനിൽക്കുന്നുണ്ട്.

പി വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളെ തുടർന്ന് സർക്കാർ അന്വേഷണസംഘം രൂപീകരിച്ച് ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു. എഡിജിപി സ്ഥാനത്തു നിന്നും അജിത് കുമാറിനെ മാറ്റുകയാണെങ്കിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെയും ആ സ്ഥാനത്തുനിന്ന് മാറ്റേണ്ടിവരും എന്നതിനാലാണ് അജിത് കുമാറിനെതിരെ സർക്കാർ നടപടിയെടുക്കാത്തത് എന്നാണ് സൂചന. ഏതായാലും പ്രതിപക്ഷവും ബിജെപിയും സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News