കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ നടൻ അലൻസിയര്‍ക്കെതിരെ പോലീസ് കേസെടുത്തു. 2017ല്‍ ബംഗളുരൂവില്‍ വച്ച് തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ചെങ്ങമനാട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. എസ്‌ഐടിയാണ് അന്വേഷണം നടത്തുക.
ആഭാസം സിനിമയുടെ ലൊക്കേഷനിൽ അലൻസിയർ മോശമായി പെരുമാറിയെന്നാണ് യുവനടിയുടെ പരാതി.മുൻപ് ഇതേ നടി അലൻസിനെതിരെ പരാതി ഉയർത്തിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഐശ്വര്യ ഡോങ്‌റെയ്ക്ക് മുന്നിലാണ് നടി മൊഴി നൽകിയത്. അലൻസിയറിനെതിരെ നേരത്തേയും സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക.
പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ലൈംഗിക അതിക്രമം നടത്തിയ വിവരം ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്നും നടി വ്യക്തമാക്കിയിരുന്നു. തെറ്റുകാരനാണെങ്കിൽ കോടതി ശിക്ഷിക്കട്ടേ എന്നായിരുന്നു അലൻസിയർ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം, നടന്‍ നിവിന്‍ പോളിക്കെതിരെയും പരാതി ഉയർന്നു. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേര്യമംഗലം സ്വദേശിയാണ് പരാതി നൽകിയത്. തനിക്കെതിരെ ഉയർന്ന പീഡന ആരോപണം വ്യാജമാണെന്ന് നടൻ നിവിൻ പോളി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരാതി നൽകിയ പെൺകുട്ടിയെ അറിയില്ല. ആദ്യമായാണ് ഇത്തരത്തിൽ ഒരു ആരോപണം തനിക്കെതിരെ വരുന്നത്. ഇതിൽനിന്ന് ഓടിയൊളിക്കേണ്ട ആവശ്യമില്ല. ന്യായം ഏന്റെ ഭാഗത്താണ്. അതുകൊണ്ടാണ് ഇന്ന് തന്നെ മാധ്യമങ്ങളെ കാണാൻ വന്നത്.
നിയമത്തിന്റെ വഴിക്ക് പോകാനാണ് തീരുമാനമെന്ന് നിവിന്‍ പോളി പറഞ്ഞു. രാജ്യത്ത് ഇത്തരത്തിൽ ആണുങ്ങൾക്കെതിരെ ഒരുപാട് വ്യാജ പരാതികൾ വരുന്നുണ്ട്. നാളെ ആർക്കെതിരെയും ഇത്തരത്തിൽ ആരോപണം വരാം. അവർക്കെല്ലാം വേണ്ടിയാണ് താൻ സംസാരിക്കുന്നത്. ഏത് അന്വേഷണവുമായും സഹകരിക്കാൻ തയാറാണെന്നും നിവിൻ പോളി പറഞ്ഞു.