ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സെപ്റ്റംബർ 8നു ഡാളസിൽ; രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക നേതാക്കള്‍ പങ്കെടുക്കും

ഹ്യൂസ്റ്റൺ: ലോക്സഭാ പ്രതിപക്ഷ നേതാവും, INDIA മുന്നണിയുടെയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതാവ് രാഹുൽ ഗാന്ധി സെപ്റ്റംബർ 8-ാം തീയതി അമേരിക്കൻ ഇന്ത്യക്കാരെയും മറ്റുള്ളവരെയും ടെക്സസിലെ ഡാളസിൽ സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ അഭിസംബോധന ചെയ്യും.

അദ്ദേഹം പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം നടത്തുന്ന ആദ്യ അമേരിക്കൻ സന്ദർശനം ആണിത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ പൊതുയോഗത്തിൽ അമേരിക്കൻ ഇന്ത്യക്കാരോടൊപ്പം, അമേരിക്കൻ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.

മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിനും, ഭരണഘടനയ്ക്കും തുരങ്കം വച്ചുകൊണ്ട് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ മനുഷ്യ അവകാശങ്ങളും, ഭരണഘടനയും, മതേതരത്വവും, ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെയും, ഇന്ത്യ മുന്നണിയുടെയും നേതാവായ ശ്രീ രാഹുൽജിയുടെ അമേരിക്കൻ സന്ദർശനം വളരെയധികം പ്രതീക്ഷകൾക്ക് വക നൽകുന്നതാണെന്ന് ഇന്ത്യൻ ഓവർസീസ് പ്രവർത്തകർ അവകാശപ്പെട്ടു.

അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിൽ ശാഖകൾ ഉള്ള ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സംഘടന ശ്രീ രാഹുൽ ഗാന്ധിക്ക് ഡാലസ്‌ യോഗത്തിൽ സമുചിതമായ ഒരു വമ്പൻ വരവേൽപ്പാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹികളായ ശ്രീ ജോർജ് എബ്രഹാം, ശ്രീ തോമസ് ഓലിയൻ കുന്നേൽ തുടങ്ങിയവർ പറഞ്ഞു. ശ്രീ ജോർജ് എബ്രഹാം ഇന്ത്യൻ ഓവർസീസ് കോൺഗ്രസിൻറെ അമേരിക്ക റീജിയൻ വൈസ് ചെയർമാൻ ആണ്. അതുപോലെ ശ്രീ തോമസ് ഓലിയാൻകുന്നേൽ ഹുസ്റ്റൺ ചാപ്റ്റർ ഇന്ത്യൻ ഓവർസീസ് പ്രസിഡണ്ടും ആണ്. ഇവർ ഇരുവരും ഇന്ത്യയിലേ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ, ഇന്ത്യയിൽ പോയി കോൺഗ്രസിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചവരാണ്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന് അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ കേരള ഘടകം ഉള്ള മാതിരി തന്നെ മറ്റ് ഇന്ത്യൻ സ്റ്റേറ്റ് ഭാഷയുടെ അടിസ്ഥാനത്തിൽ ഘടകങ്ങളുണ്ട്. അതിനാൽ, രാഹുൽ ഗാന്ധിയുടെ ഡാളസ് പൊതുയോഗത്തിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ കേരള, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഘടകങ്ങള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തില്‍ ഒരു വമ്പിച്ച ജനക്കൂട്ടത്തെ പ്രതീക്ഷിക്കുന്നുണ്ട്.

ഇന്ത്യൻ ഓവർസീസ് ചെയർമാൻ ഡോ. സാം പിട്രോഡ, വൈസ് ചെയർമാൻ ജോർജ് എബ്രഹാം, കേരള ചാപ്റ്റർ ചെയർമാൻ തോമസ് മാത്യു, കേരള ചാപ്റ്റർ പ്രസിഡന്റ് സതീശൻ നായർ, സെക്രട്ടറി സജി കരിമ്പന്നൂർ, ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡൻറ് തോമസ് ഒലിയൻകുന്നേൽ, പ്രവർത്തകരായ സാക് തോമസ്, സന്തോഷ് കാപ്പിൽ തുടങ്ങിയ അനേകരും, കോൺഗ്രസിന്റെ വിവിധ പോഷക സംഘടനാ പ്രവർത്തകരും അഭ്യുദയകാംക്ഷികളും ഈ സമ്മേളനത്തിന്റെ വിജയത്തിനായി നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

യോഗത്തിന് പ്രവേശനം സൗജന്യമാണ്. എന്നാൽ, യോഗത്തിൽ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍‌കൂര്‍ രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിബന്ധനയുണ്ട്. സ്വാഭാവികമായി സെക്യൂരിറ്റി വളരെ കർശനമായിരിക്കും.

രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ്:
https://www.universe.com/events/indian-overseas-congress-usa-welcomes-sh-rahul-gandhi-tickets-6ZLNRG?ref=share-sheet

ഡാളസിലെ പ്രശസ്തമായ ടൊയോട്ട മ്യൂസിക് ഫാക്ടറി പവലിയൻ ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും പൊതുയോഗം.

The Pavilion at Toyota Music Factory
300 W Las Colinas Blvd., Irving, TX 75039, USA

അന്നേദിവസം തന്നെ വിദ്യാർത്ഥികൾക്കും മാധ്യമ പ്രവർത്തകർക്കുമായി രാഹുൽ ഗാന്ധിയുടെ പ്രത്യേക അഭിമുഖവും സജ്ജമാക്കിയിട്ടുണ്ട്. അവരുടെ ചോദ്യങ്ങൾക്ക് സമുചിതമായ മറുപടിയും അദ്ദേഹം നൽകുന്നതായിരിക്കും.

അമേരിക്കയിലെ രണ്ടാമത്തെ വലിയ സംസ്ഥാനമായ ടെക്സസിലെ നഗരങ്ങളായ ഡാളസ്‌, ഹ്യൂസ്റ്റൺ, ഓസ്റ്റിൻ, സാൻ അന്റോണിയോ, മക്‌ലിന്‍ തുടങ്ങിയ മേഖലകളിൽ നിന്ന് ഒരു വൻ ജനാവലിയെലിയെയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകരും ഭാരവാഹികളും അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News