തിരുവനന്തപുരം: പിവി അൻവർ എംഎൽഎക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി ഷോൺ ജോർജ്. ഗുരുതര കുറ്റകൃത്യങ്ങൾ അറിഞ്ഞിട്ടും അത് മറച്ചുവെച്ചതും കുറ്റകൃത്യമാണെന്ന് ഷോൺ ജോർജിന്റെ പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 239 പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ള ആവശ്യം. അതേസമയം, അൻവറിന്റെ ആരോപണങ്ങളിൽ ഇടതുപക്ഷത്തും വിമർശനം രൂക്ഷമാവുകയാണ്.
പി.വി അൻവർ ഉയർത്തിയ ആരോപണത്തിൽ സിപിഐഎമ്മിൽ ഗൗരവമായ ചർച്ച നടക്കും. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം പ്രത്യേകമായി പരിഗണിക്കും. ആരോപണം മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയായതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാനാണ് പാർട്ടിയുടെ തീരുമാനം. ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ കണ്ട ശേഷം പി.വി അൻവർ വീണ്ടും നിലപാട് കടുപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയുള്ള പരാതികളിലും സിപിഐഎം ചർച്ച നടത്തും.
അതേസമയം അൻവറിന്റെ ആരോപണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ സമരം കടുപ്പിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. നാളെ കെപിസിസി ആഹ്വാനം ചെയ്ത സെക്രട്ടറിയേറ്റ് മാർച്ച് ശക്തി പ്രകടനമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.