തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഗവർണറായി കാലാവധി പൂർത്തിയാക്കിയത്. കേന്ദ്ര സർക്കാർ പുതിയ ഗവർണറെ പ്രഖ്യാപിക്കാത്തതിനാൽ പുതിയ ഗവർണർ വരുന്നത് വരെ ആരിഫ് മുഹമ്മദ് ഖാൻ നിലവിലെ സ്ഥാനത്ത് തുടരാനാണ് സാധ്യത.
സാധാരണയായി മുൻകാലങ്ങളിൽ ഗവർണറുടെ കാലാവധി തീരും മുൻപേ പുതിയ ഗവർണറെ കേന്ദ്രസർക്കാർ നിയമിക്കാറുണ്ട്. ഇതിനു മുൻപ് ഗവർണർ ആയിരുന്ന പി സദാശിവം കാലാവധി പൂർത്തിയായ ദിവസം തന്നെ ഗവർണർ സ്ഥാനത്ത് നിന്നും മാറിയിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ ഗവർണർ സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് വരെ ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിൽ തന്നെ നിലനിർത്തണമെന്ന് ബിജെപിയും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവർണർ സ്ഥാനത്ത് തുടരാനുള്ള കാലാവധി അഞ്ചുവർഷമാണ് എങ്കിലും പുതിയ ഗവർണർ ആസ്ഥാനത്തേക്ക് വരുന്നതുവരെ നിലവിലുള്ള ഗവർണർക്ക് തുടരാൻ സാധിക്കും. അതേസമയം ഗവർണർ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാൻ തന്നെ തുടരുമോ എന്ന കാര്യത്തിൽ കേന്ദ്രം ഇതുവരെയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല.