ഡല്‍ഹി കോച്ചിംഗ് സെൻ്റർ കേസ്: ഉടമകളുടെ ജാമ്യാപേക്ഷയിൽ സിബിഐ നിലപാട് തേടി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ജൂലൈയിൽ മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾ മുങ്ങിമരിച്ച ഓൾഡ് രജീന്ദർ നഗർ കോച്ചിംഗ് സെൻ്റർ കേസില്‍ ജയിലിൽ കഴിയുന്ന ഉടമകളുടെ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച സിബിഐയുടെ നിലപാട് തേടി.

കോച്ചിംഗ് സെന്റര്‍ സഹ ഉടമകളായ പർവീന്ദർ സിംഗ്, തജീന്ദർ സിംഗ്, ഹർവിന്ദർ സിംഗ്, സർബ്ജിത് സിംഗ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ)ക്ക് മറുപടി നല്‍കാന്‍ നോട്ടീസ് അയച്ചത്. സംഭവം വളരെ ദൗർഭാഗ്യകരമാണെന്നും നോട്ടീസ് പുറപ്പെടുവിക്കുന്നതിനിടെ ജസ്റ്റിസ് ശർമ അഭിപ്രായപ്പെട്ടു.

മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികളായ ഉത്തർപ്രദേശിൽ നിന്നുള്ള ശ്രേയ യാദവ് (25), തെലങ്കാനയിൽ നിന്നുള്ള തന്യ സോണി (25), കേരളത്തിൽ നിന്നുള്ള നെവിൻ ഡെൽവിൻ (24) എന്നിവരാണ് സെൻട്രൽ ഡൽഹിയിലെ കനത്ത മഴയെത്തുടർന്ന്
ഓള്‍ഡ് രജീന്ദര്‍ നഗറില്‍ സ്ഥിതി ചെയ്യുന്ന റാവു ഐഎഎസ് സ്റ്റഡി സർക്കിളിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറി മുങ്ങി മരിച്ചത്. ജൂലൈ 27ന് വൈകുന്നേരംമാണ് സംഭവം നടന്നത്.

105-ാം വകുപ്പ് (കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ) ഉൾപ്പെടെയുള്ള ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം അന്വേഷിക്കുന്ന കേസ് ഡൽഹി പോലീസിൽ നിന്ന് ഹൈക്കോടതി സിബിഐക്ക് കൈമാറി.

സംഭവം ദുഃഖകരമാണെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സമ്മതിച്ചു. എന്നാൽ, ഇടപാടുകാർക്ക് ബേസ്‌മെൻ്റും മറ്റൊരു നിലയും കോച്ചിംഗ് സെൻ്ററിന് പാട്ടത്തിന് നൽകിയതാണെന്നും, അതിനാൽ മരണത്തിന് ഉത്തരവാദിയാകാൻ കഴിയില്ലെന്നും ഉടമ പറഞ്ഞു.

റാവുവിൻ്റെ ഐഎഎസ് സ്റ്റഡി സർക്കിളിന് ബേസ്മെൻ്റ് പാട്ടത്തിന് നൽകുമ്പോൾ, ആരെങ്കിലും കൊല്ലപ്പെടുമെന്ന് നാല് സഹോദരന്മാരും കരുതിയിരിക്കില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News