ഡാളസ് : ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സെപ്റ്റംബർ 8 ഞായറാഴ്ച ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡാലസിൽ വൻ വരവേൽപ്പ് നൽകുന്നു. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യുഎസ് സന്ദർശനമാണിത്.
ഡാലസിലെ ഇർവിംഗ് ടൊയോട്ട മ്യൂസിക് ഫാക്ടറി പവലിയൻ ഓഡിറ്റോറിയത്തിൽ (316 W Las Colinas Blvd, Irving, Tx 75039) വൈകിട്ട് 4 മണിക്ക് ഡാലസിലെ ഇന്ത്യാക്കാരും, അമേരിക്കൻ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവർത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പ്രസംഗിക്കും.
നെഹ്‌റു – ഗാന്ധി രാഷ്ട്രീയ കുടുംബത്തിലെ അംഗമായ രാഹുൽ ഗാന്ധി ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെയും മകനും, ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി ലോകം ഉറ്റുനോക്കുന്ന യുവത്വത്തിന്റെ പ്രതീകം കൂടിയായ നേതാവാണ്. ആദ്യമായി ഡാലസിൽ എത്തുന്ന രാഹുൽ ഗാന്ധിയെ ഒരു നോക്ക് നേരിൽ കാണുവാൻ വളരെ ആകാംക്ഷയോടെയാണ് പ്രത്യേകിച്ച് രാഷ്ട്രീയഭേദം മറന്ന് ഡാലസിലെ മലയാളീ സമൂഹം കാത്തിരിക്കുന്നത്.
മനുഷ്യ അവകാശങ്ങളും, ഭരണഘടനയും, മതേതരത്വവും, ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും, ഇന്ത്യാ മുന്നണിയുടെയും അമരക്കാരനായ രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനം വളരെയധികം പ്രതീക്ഷകൾക്ക് വക നൽകുന്നതാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ അവകാശപ്പെട്ടു.
ഡാലസിലെ പൊതുയോഗത്തിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ കേരള, തമിഴ്‌നാട്, ഹരിയാന, കർണാടക, ആന്ധ്രാപ്രദേശ്, പഞ്ചാബ്, തെലുങ്കാന, ഗുജറാത്ത്, മഹാരാഷ്ട്രാ, ഉത്തര പ്രദേശ് തുടങ്ങിയ വിവിധ സ്റ്റേറ്റ് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഘടകങ്ങൾ ഒന്നിച്ചാണ് നേതൃത്വം നൽകുന്നത്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ വൈസ് ചെയർമാൻ ജോർജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന രാഹുൽ ഗാന്ധിയുടെ സ്വീകരണ അവലോകന സമ്മേളനത്തിൽ ഐഒസി യുഎസ്എ കേരളഘടകം സൗത്ത് സോണൽ ചെയർമാൻ സാക് തോമസ്, സോണൽ ഭാരവാഹികളായ സന്തോഷ് കാപ്പിൽ, മാത്യു നൈനാൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.
സമ്മേളനത്തിന് പ്രവേശനം തികച്ചും സൗജന്യമാണ്. എന്നാൽ യോഗത്തിൽ പങ്കെടുക്കേണ്ടവർ മുൻകൂറായി രജിസ്റ്റർ ചെയ്യേണ്ടതാണ്. https://tinyurl.com/49tdrpp9 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. എല്ലാ പ്രവാസി മലയാളികളെയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.