ഡെലവെയർ: പ്രസിഡൻ്റ് ജോ ബൈഡൻ്റെ മകന് നാണക്കേടുണ്ടാക്കുന്ന വിചാരണ ഒഴിവാക്കിക്കൊണ്ട് ഫെഡറൽ ടാക്സ് ചാർജുകളിൽ ഹണ്ടർ ബൈഡൻ വ്യാഴാഴ്ച കുറ്റസമ്മതം നടത്തി. ശിക്ഷ ഡിസംബർ 16-ന് വിധിക്കും. കേസുമായി ബന്ധപ്പെട്ട മാസങ്ങളോളം നീണ്ട നിയമപരമായ അനിശ്ചിതത്വം അവസാനിപ്പിച്ചാണ് അപ്രതീക്ഷിത നീക്കം.
യുഎസ് പ്രസിഡൻ്റിന് നാണക്കേടും ശ്രദ്ധ തിരിക്കുന്നതുമായ ഒരു കേസിൽ, ബൈഡൻ്റെ മകൻ ഹണ്ടർ വ്യാഴാഴ്ച നികുതി വെട്ടിപ്പ് വിചാരണയിൽ കുറ്റം സമ്മതിച്ചു.
കഴിഞ്ഞ ദശകത്തിൽ 1.4 മില്യൺ ഡോളർ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് കേസ്. നികുതി വെട്ടിപ്പ്, കുറ്റകരമായ നികുതി റിട്ടേണുകൾ, നികുതി അടയ്ക്കുന്നതിലെ വീഴ്‌ച തുടങ്ങിയ ഗുരുതര സാമ്പത്തിക കുറ്റങ്ങളാണ് ഹണ്ടര്‍ ബൈഡനെതിരെയുള്ളത്. കേസില്‍ വിചാരണ ആരംഭിക്കേണ്ടിയിരുന്ന ദിവസം തന്നെയാണ് കുറ്റം സമ്മതിച്ചുകൊണ്ടുള്ള ഹണ്ടറിന്‍റെ അപേക്ഷ എത്തിയത്.
കുറ്റസമ്മതം ഹണ്ടർ ബൈഡന്‍റെ ഏകപക്ഷീയമായ നീക്കമായിരുന്നു എന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രോസിക്യൂട്ടർമാരുമായി മുൻകൂട്ടി നിശ്ചയിച്ചായിരുന്നില്ല ഹണ്ടറിന്‍റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. പ്രോസിക്യൂട്ടർമാരുമായി കൂടിയാലോചിക്കാതെ ഉന്നതനായ പ്രതി കുറ്റം സമ്മതിക്കുന്നത് അപൂർവമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹണ്ടറിന്‍റെ അപേക്ഷ കോടതി മുറിയില്‍വച്ച് കേട്ടപ്പോള്‍ എല്ലാവരേയും പോലെ താനും ഞെട്ടിപ്പോയെന്ന് പ്രോസിക്യൂട്ടർ ലിയോ വൈസ് പറഞ്ഞു.
കുറ്റസമ്മതം നടത്താൻ യാതൊരു പ്രേരണയും ഉണ്ടായിട്ടില്ലെന്നും ഹണ്ടര്‍ കോടതിയില്‍ വ്യക്തമാക്കി. യുഎസ് ജില്ലാ ജഡ്ജി മാർക്ക് സ്കാർസി അദ്ദേഹത്തിന് ദീർഘമായ ജയിൽ ശിക്ഷയും ഒരു മില്യൺ ഡോളർ വരെ പിഴയും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി.