ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 356 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. പുലർച്ചെ നാലിന് വിവാഹ ചടങ്ങുകൾ ആരംഭിച്ചു. ആറ് മണ്ഡപങ്ങളിലായാണ് വിവാഹം നടക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവാഹങ്ങൾക്കായി 6 കല്യാണ മണ്ഡപങ്ങൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്.
അതേസമയം, ബുക്കിംഗ് തുടരുകയാണെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു. ടോക്കൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
തിരക്ക് നിയന്ത്രിക്കാൻ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയും ചോതി നക്ഷത്രവും ഒരുമിച്ച് വരുന്ന ദിവസമാണിന്ന്. മുൻമന്ത്രി വിഎസ് സുനിൽ കുമാറിന്റെ സഹോദരിയുടെ മകളുടെ വിവാഹമാണ് പുലർച്ചെ നടന്ന വിവാഹങ്ങളിൽ ഒന്ന്. പുലർച്ചെ ആറ് മണി വരെ 80 ഓളം വിവാഹങ്ങൾ നടന്നു.
മണ്ഡപങ്ങൾക്ക് സമീപം രണ്ട് മംഗള വാദ്യ സംഘവും ഉണ്ട്. വധൂവരന്മാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്ക് മാത്രമേ മണ്ഡപത്തിന് സമീപത്തേക്ക് പ്രവേശനമുള്ളൂ. ക്ഷേത്രദർശനം സുഗമമായി നടത്താനും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയതായി ദേവസ്വം ഭാരവാഹികൾ അറിയിച്ചു.
താലികെട്ട് ചടങ്ങു കഴിഞ്ഞാൽ വിവാഹ സംഘം ദീപസ്തംഭത്തിനു മുന്നിൽ തൊഴുത് തെക്കേനട വഴി മടങ്ങണം. ദർശനം കഴിഞ്ഞാൽ പടിഞ്ഞാറെനട, തെക്കേനട വാതിലുകളിലൂടെ പുറത്തു പോകണം. ഭഗവതിക്കെട്ടിലൂടെ പുറത്തേക്ക് വിടില്ല. കിഴക്കേ നടയിലും കല്യാണ മണ്ഡപങ്ങളുടെ സമീപവും പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ നടത്താൻ അനുവദിക്കില്ല.