കൊച്ചി: മലയാള സിനിമയിലെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങളുമായി വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). സിനിമയിലെ എല്ലാ ജോലികൾക്കും കൃത്യമായ കരാർ കൊണ്ടുവരണമെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം എല്ലാ കരാറിലും ഉൾപ്പെടുത്തണം. കരാർ ലംഘനങ്ങളെക്കുറിച്ച് പരാതിപ്പെടാനുള്ള അവകാശം വേണമെന്നും ഡബ്ല്യുസിസി നിർദേശിച്ചു. ലൈംഗികാതിക്രമം തടയുന്നതിനുള്ള വ്യവസ്ഥകൾ കരാറിൻ്റെ ഭാഗമാക്കണമെന്നും സംഘടന ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.
പ്രതിഫലവും നിബന്ധനകളും കാലാവധിയും ക്രെഡിറ്റുകളും കരാറിൽ വ്യക്തമാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാർ രൂപരേഖകൾ ഉണ്ടാകണം. കരാർ ലംഘനം റിപ്പോർട്ട് ചെയ്യാനുള്ള അവകാശം വേണം. താത്ക്കാലിക ജീവനക്കാർക്കും കരാറുകൾ വേണം. സിനിമയുടെ പേരും തൊഴിലുടമയുടെയും ജീവനക്കാരന്റെയും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെടുന്നുണ്ട്.
തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും സിനിമ വ്യവസായത്തെ ഒരുമിച്ച് പുനര്‍നിര്‍മിക്കാമെന്നും നേരത്തെ ഡബ്ല്യുസിസി പറഞ്ഞിരുന്നു. ചലച്ചിത്ര രംഗത്തെ വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ സുതാര്യവും സുസ്ഥിരവുമായ സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നുവെന്നും അന്ന് ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു.