കൊൽക്കത്ത ബലാത്സംഗവും കൊലപാതകവും: സുപ്രീം കോടതി അന്ത്യശാസനം നൽകിയിട്ടും ജൂനിയർ ഡോക്ടര്‍മാര്‍ പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്കകം ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടും ജൂനിയർ ഡോക്ടർമാർ തങ്ങളുടെ പ്രതിഷേധം തുടരുകയും തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.

അതേ സമയം, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റണമെന്ന് ശഠിച്ചുകൊണ്ട് അവർ സംസ്ഥാന സർക്കാരിന് അന്ത്യശാസനം നല്‍കുകയും ചെയ്തു. ഈ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ ആരോഗ്യ സെക്രട്ടേറിയറ്റിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്താനാണ് ഡോക്ടർമാരുടെ തീരുമാനം.

നിശ്ചിത സമയപരിധിക്കുള്ളിൽ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയാൽ മാത്രമേ കോടതിയുടെ ഉത്തരവ് “പരിഗണിക്കൂ” എന്നും അവർ വ്യക്തമാക്കി. ഇല്ലെങ്കിൽ, നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്തതിൻ്റെ സൂചനയായി അവർ വ്യാഖ്യാനിക്കും.

ഡോക്ടര്‍മാരുടെ ആവശ്യങ്ങളില്‍ ചിലത്:
1. ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെയും തെളിവ് നശിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്നവർക്കെതിരെയും നിയമനടപടി.

2. മുൻ ആർജി കാർ പ്രിൻസിപ്പൽ സന്ദീപ് കുമാർ ഘോഷിനെതിരെ പശ്ചിമ ബംഗാൾ മെഡിക്കൽ കൗൺസിലിൻ്റെ അച്ചടക്ക നടപടിയും കൊൽക്കത്ത പോലീസ് കമ്മീഷണർ വിനീത് ഗോയലിൻ്റെ രാജിയും.

3. ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ വർദ്ധിപ്പിക്കല്‍.

4. പശ്ചിമ ബംഗാളിൽ ഉടനീളം സർക്കാർ നടത്തുന്ന ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ആരോപിക്കപ്പെടുന്ന ‘ഭീഷണി സംസ്കാരം’ അവസാനിപ്പിക്കുക.

അതേസമയം, ഡസൻ കണക്കിന് ആളുകൾ കൊൽക്കത്തയിലെ സ്വാസ്ത്യ ഭവനിലേക്ക് മാർച്ച് ചെയ്തു. പ്രതിഷേധക്കാർ മുന്നോട്ട് പോകുന്നത് തടയാൻ, കാര്യമായ പോലീസ് സന്നാഹം സ്ഥലത്തുണ്ട്.

നേരത്തെ, കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സ്വമേധയാ കേസ് പരിഗണിക്കവെ, പ്രതിഷേധിക്കുന്ന ഡോക്ടർമാരോട് സെപ്റ്റംബർ 10 ന് വൈകുന്നേരം 5 മണിക്ക് ജോലിയിൽ പ്രവേശിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഡോക്ടർമാർ ജോലിയിൽ തിരിച്ചെത്തിയാൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്ന് കടുത്ത നടപടിയുണ്ടാകില്ലെന്ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി ഉറപ്പ് നൽകി. എന്നാൽ, ഇത് പാലിക്കുന്നതിൽ പരാജയപ്പെടുന്നത് അച്ചടക്ക നടപടികളിലേക്ക് നയിച്ചേക്കാമെന്നും അത്തരം നടപടികളിൽ നിന്ന് സംസ്ഥാന സർക്കാരിനെ തടയാൻ കഴിയില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.

ആർജി കാറിൻ്റെ മുൻ പ്രിൻസിപ്പൽ ഘോഷിനെ സെപ്തംബർ 23 വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

അതിനിടെ, സാമ്പത്തിക ക്രമക്കേട് കേസിൽ ആർജി കാർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ പ്രത്യേക സിബിഐ കോടതി ചൊവ്വാഴ്ച സെപ്റ്റംബർ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അഫ്‌സർ അലിയെയും കരാറുകാരായ ബിപ്ലബ് സിൻഹ, സുമൻ ഹസ്ര എന്നിവരെയും കോടതി സെപ്റ്റംബർ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ആവശ്യമെങ്കിൽ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നും സിബിഐ കോടതിയെ അറിയിച്ചു.

ആർജി കാർ എംസിഎച്ചിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയരുന്നതിനിടെ സെപ്റ്റംബർ രണ്ടിന് സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സെപ്തംബർ മൂന്നിന് കോടതി ഇയാളെ എട്ട് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News