കേദാർനാഥ് റൂട്ടിലുണ്ടായ മണ്ണിടിച്ചിലിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ച് ഭക്തർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൗരികുണ്ഡിനും സോൻപ്രയാഗിനുമിടയിൽ കേദാർനാഥ് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിൻ്റെ അവശിഷ്ടങ്ങളിൽ നിന്ന് സംസ്ഥാന ദുരന്ത പ്രതികരണ സേന (എസ്ഡിആർഎഫ്) ചൊവ്വാഴ്ച രാവിലെ നാല് തീർത്ഥാടകരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മൊത്തം മരണസംഖ്യ അഞ്ചായി. കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകർ തിങ്കളാഴ്ച വൈകീട്ട് 7.25 ഓടെയാണ് മണ്ണിടിച്ചിലിൽ കുടുങ്ങിയത്.
അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ എസ്ഡിആർഎഫും എൻഡിആർഎഫും ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി മധ്യപ്രദേശിൽ നിന്നുള്ള ഒരു തീർഥാടകൻ്റെ മൃതദേഹം കണ്ടെടുത്തതായും മൂന്ന് തീർഥാടകരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും ജില്ലാ അധികൃതർ അറിയിച്ചു.
മോശം കാലാവസ്ഥയും മലമുകളിൽ നിന്ന് തുടർച്ചയായി കല്ലുകൾ വീഴുന്നതും കാരണം തിങ്കളാഴ്ച രാത്രി രക്ഷാപ്രവർത്തനം നിർത്തിവെച്ചതായി രുദ്രപ്രയാഗ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് ഓഫീസർ എൻ.കെ.രാജ്വാർ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ശ്രമങ്ങൾ പുനരാരംഭിച്ചപ്പോൾ, അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് തീർത്ഥാടകരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.
മധ്യപ്രദേശിലെ ഘട്ട് ജില്ലയിൽ നിന്നുള്ള ദുർഗാഭായ് ഖാപ്പർ (50), നേപ്പാളിലെ ധന്‌വ ജില്ലയിലെ വൈദേഹി ഗ്രാമത്തിലെ തിത്‌ലി ദേവി (70), മധ്യപ്രദേശിലെ ധർ സ്വദേശി സമൻ ബായ് (50), സൂറത്തിൽ നിന്നുള്ള ഭാരത് ഭായ് നിർലാൽ (52) എന്നിവരാണ് മരണപ്പെട്ടത്. ആഗസ്റ്റ് 31 ന് ഉണ്ടായ വൻ മണ്ണിടിച്ചിലിൽ ഗൗരികുണ്ഡിനും സോൻപ്രയാഗിനുമിടയിൽ ഹൈവേയുടെ 150 മീറ്റർ ഭാഗം ഒലിച്ചുപോയി, ദിവസങ്ങളോളം യാത്ര തടസ്സപ്പെട്ട അതേ പ്രദേശത്താണ് സംഭവം.