ട്രംപ്-ഹാരിസ് പ്രസിഡൻഷ്യൽ ഡിബേറ്റില്‍ സാമ്പത്തിക-ഗർഭച്ഛിദ്രത്തെക്കുറിച്ചുള്ള ചര്‍ച്ചയും ക്യാപിറ്റോള്‍ ഹില്‍ കലാപവും

പെന്‍സില്‍‌വാനിയ: യു എസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഇനി രണ്ട് മാസത്തിൽ താഴെ മാത്രം ബാക്കിനില്‍ക്കെ, നവംബർ അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും മുഖാമുഖം നേരിട്ടു.

എബിസി ന്യൂസ് ആതിഥേയത്വം വഹിച്ച 90 മിനിറ്റ് നീണ്ട  സം‌വാദം ഡേവിഡ് മുയറും ലിൻസി ഡേവിസുമാണ് മോഡറേറ്റ് ചെയ്തത്. സം‌വാദത്തില്‍ ഇരു പാർട്ടികളുടെയും നേതാക്കൾ ഒരേ വേദിയിൽ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. കമലാ ഹാരിസും ഡൊണാൾഡ് ട്രംപും ആദ്യമായാണ് സം‌വാദത്തില്‍ ഏര്‍പ്പെട്ടതെങ്കിലും, ട്രംപിൻ്റെ ആദ്യ സംവാദമല്ല ഇത്. നേരത്തെ നിലവിലെ പ്രസിഡൻ്റ് ജോ ബൈഡനുമായി ട്രംപ് സം‌വദിച്ചിരുന്നു. ആ സംവാദത്തിലെ മോശം പ്രകടനത്തിന് ശേഷമാണ്, പ്രസിഡൻ്റ് മത്സരത്തിൽ ബൈഡന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നത്. ജൂലൈ 21 ന് ബൈഡന്‍ സ്വയമേവ മത്സരത്തില്‍ നിന്ന് പിന്മാറുകയും നിലവിലെ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ പിന്തുണക്കുകയും ചെയ്തു.

വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ സംബന്ധിച്ചിടത്തോളം ഈ സംവാദം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, സമീപകാല അഭിപ്രായ സർവേകൾ കാണിക്കുന്നത്, സാധ്യതയുള്ള വോട്ടർമാരിൽ നാലിലൊന്ന് പേർക്കും അവരെക്കുറിച്ച് കൂടുതൽ അറിയില്ല എന്നാണ്.

രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ മോശം അവസ്ഥയിലാണെന്ന് ട്രംപിനെ ലക്ഷ്യമിട്ട് കമലാ ഹാരിസാണ് സം‌വാദത്തിന് തുടക്കമിട്ടത്. കൊവിഡ്-19 പാൻഡെമിക് രാജ്യത്തെ നശിപ്പിക്കുകയും ട്രം‌പിന്റെ അനുയായികൾ 2021 ജനുവരി 6-ന് ക്യാപിറ്റോളില്‍ ആക്രമണം നടത്തുകയും ചെയ്തതിനെത്തുടർന്ന്, ട്രം‌പ് അധികാരമൊഴിഞ്ഞപ്പോഴുണ്ടായ സമ്പദ്‌വ്യവസ്ഥയുടെയും ജനാധിപത്യത്തിൻ്റെയും അവസ്ഥയെ ഹാരിസ് നിശിതമായി വിമർശിച്ചു.

വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുക, അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫ് തുടങ്ങി ട്രംപ് മുന്നോട്ട് വെക്കുന്ന സാമ്പത്തിക നയങ്ങളായിരുന്നു കമല ഹാരിസ് ഉയർത്തിയ മറ്റൊരു പ്രധാന വിഷയം. ട്രംപ് അധികാരത്തിൽ നിന്ന് പുറത്തുപോകുമ്പോൾ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയും ജനാധിപത്യവും താറുമാറായി കിടക്കുകയായിരുന്നു. ട്രംപ് നശിചിപ്പിച്ചതെല്ലാം ശരിയാക്കലായിരുന്നു തങ്ങളുടെ ജോലി എന്നും അവര്‍ പറഞ്ഞു.

2021 ജനുവരി 6 ന് നടന്ന കാപിറ്റോള്‍ ആക്രമണത്തെയും കമല സംവാദത്തിലുയർത്തി. എന്നാൽ താൻ സമാധാനപരമായി പ്രതിഷേധിക്കാൻ മാത്രമായിരുന്നു ആവശ്യപ്പെട്ടതെന്നായിരുന്നു ട്രംപിന്‍റെ അവകാശവാദം.

കമല ഹാരിസ് ലിബറൽ ആണെന്ന് വാദിക്കുമ്പോഴും യാഥാസ്ഥിതിക നയങ്ങളിലേക്ക് തിരിച്ച് പോവുകയാണെന്നും ട്രംപ് തിരിച്ചടിച്ചു. എല്ലാവർക്കുമായി മെഡികെയർ വിപുലീകരിക്കൽ, നിർബന്ധിത തോക്ക് ബൈബാക്ക് പ്രോഗ്രാമുകൾ, പ്ലാസ്‌റ്റിക് സ്‌ട്രോ നിരോധനത്തിൽ നിന്നുള്ള പിന്മാറ്റം തുടങ്ങിയവ ട്രംപ് ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.

ഹാരിസ് ഒരു മാർക്‌സിസ്‌റ്റ് ആണെന്നായിരുന്നു ട്രംപ് തൊടുത്ത അടുത്ത അമ്പ്. ട്രംപിന്‍റെ വംശീയവും ലിംഗപരവുമായ നിലപാടുകളെ തുറന്ന് കാട്ടി കമല ഹാരിസ് പ്രതിരോധിച്ചു.

പ്രോജക്റ്റ് 2025 സംബന്ധിച്ച് കമല ഹാരിസ് ട്രംപിനെ ലക്ഷ്യം വച്ചു, അതിന് ട്രംപ് മറുപടി പറഞ്ഞു, “ഞാൻ ആ പ്രോജക്റ്റ് ഇതുവരെ വായിച്ചിട്ടില്ല, അത് വായിക്കാൻ ആഗ്രഹിക്കുന്നില്ല.” 920 പേജുള്ള ഈ രേഖ ഹെറിറ്റേജ് ഫൗണ്ടേഷൻ തിങ്ക് ടാങ്ക് തയ്യാറാക്കിയതാണ്. ഈ പ്രോജക്റ്റ് തയ്യാറാക്കിയവര്‍ ട്രംപ് ഭരണകൂടത്തിലുണ്ട്, അതിനാലാണ് കമല ഹാരിസ് ഇത് സംബന്ധിച്ച് ട്രംപിനെ ലക്ഷ്യമിട്ടത്.

ബൈഡൻ സർക്കാർ തങ്ങളുടെ ഭരണകാലത്ത് അനധികൃത കുടിയേറ്റക്കാർക്കും തീവ്രവാദികൾക്കും ക്രിമിനലുകൾക്കും അമേരിക്കയിലേക്ക് വരാൻ അനുമതി നൽകിയെന്ന് ട്രംപ് പറഞ്ഞു. ഇതാണ് അദ്ദേഹം ചെയ്ത വലിയ തെറ്റ്. “ഇക്കൂട്ടർ ഈ രാജ്യത്തിൻ്റെ ഘടനയെ തകർത്തു. ഈ ആളുകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ അമേരിക്കയിലേക്ക് വരാൻ അനുവദിച്ചു, അവരിൽ വലിയൊരു വിഭാഗം കുറ്റവാളികളാണ്. ഇക്കാരണത്താൽ, അവരുടെ രാജ്യങ്ങളിലെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞു. അമേരിക്കയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഇപ്പോൾ വളരെ കൂടുതലാണ്,” ട്രം‌പ് പറഞ്ഞു.

“ഞാൻ ഒരു ഇടത്തരം കുടുംബത്തിലാണ് വളർന്നത്. ഈ ഘട്ടത്തിൽ, അമേരിക്കയിലെ മധ്യവർഗക്കാരുടെ പുരോഗതിയെക്കുറിച്ച് ചിന്തിക്കുന്നത് ഞാൻ മാത്രമാണ്. അമേരിക്കൻ ജനതയുടെ സ്വപ്നങ്ങളിൽ ഞാൻ വിശ്വസിക്കുന്നു. ഇക്കാരണത്താൽ, എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കുന്ന സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് എനിക്ക് ഒരു പദ്ധതിയുണ്ട്. ഇടത്തരക്കാർക്കുള്ള നികുതി ഞാൻ വെട്ടിക്കുറയ്ക്കും. ഞാൻ ചെറുകിട ബിസിനസ്സ് പ്രോത്സാഹിപ്പിക്കും. എന്നാൽ ട്രംപിന് പദ്ധതിയൊന്നുമില്ല, ഈ വ്യക്തി തന്നെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്,” രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് കമലാ ഹാരിസ് പറഞ്ഞു.

ഗർഭച്ഛിദ്രത്തിനുള്ള ദേശീയ അവകാശത്തെ അസാധുവാക്കിയ ഹാരിസ് – റോയ് വി വെയ്‌ഡ കേസിലെ സുപ്രീം കോടതി വിധിയിൽ ട്രംപിന് പങ്കുണ്ടെന്ന് കമല ഹാരിസ് ആരോപിച്ചു. ഇതിലൂടെ സ്ത്രീകൾക്ക് അവരുടെ അടിസ്ഥാന അവകാശമായ ഗർഭച്ഛിദ്ര പരിചരണം നിഷേധിക്കപ്പെട്ടു എന്ന് കമല പറഞ്ഞു. എന്നാൽ ഗർഭച്ഛിദ്ര അവകാശം സംസ്ഥാനങ്ങളുടെ മാത്രം അവകാശ പരിധിയിൽ നിൽക്കേണ്ട കാര്യമാണെന്നായിരുന്നു ട്രംപിന്‍റെ വാദം. ട്രംപ് അധികാരത്തിൽ വന്നാൽ ഗർഭച്ഛിദ്രം പൂർണമായും നിരോധിക്കുമെന്ന ഹാരിസിന്റെ വാദത്തെ അദ്ദേഹം നിഷേധിച്ചു.

Print Friendly, PDF & Email

Leave a Comment

More News