വയനാട് ഉരുള്‍പൊട്ടലില്‍ അനാഥയായ ശ്രുതിക്ക് പുതുജീവന്‍ നല്‍കിയ ജെന്‍സണ്‍ വാഹനാപകടത്തില്‍ മരിച്ചു

വയനാട്: വയനാട് ഉരുൾപൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട് അനാഥയായിത്തീര്‍ന്ന ശ്രുതിക്ക് പുതുജീവന്‍ നല്‍കിയ പ്രതിശ്രുത വരൻ ജെൻസണ്‍ വാഹനാപകടത്തില്‍ മരിച്ചു. കൽപ്പറ്റ വെള്ളാരംകുന്നിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെൻസൺ ചികിത്സയിലായിരുന്നു. ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 8.52ഓടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്.

ഇന്നലെ വൈകിട്ടാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യബസുമായി കൂട്ടിയിടിച്ചത്. ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാനിന്‍റെ മുന്‍ഭാഗം പൂർണമായും തകർന്നിരുന്നു. ‌വാനില്‍ ഉണ്ടായിരുന്ന കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ വാഹനത്തിന്‍റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ കാലിന് പരിക്കേറ്റ് ശ്രുതിയും ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരടക്കം വാനിൽ ഉണ്ടായിരുന്ന ഏഴ് പേർക്കാണ് പരിക്കേറ്റത്.

ബസ്സിലെ രണ്ടു യാത്രക്കാര്‍ക്കും പരിക്കേറ്റു. ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞാണ് വീണ്ടും അപകടമുണ്ടായത്. ഒറ്റപ്പെട്ടു പോയ ശ്രുതിയെ തന്നോടൊപ്പം ചേര്‍ത്തു നിര്‍ത്തിയ ജെൻസന്റെ വിവരങ്ങള്‍ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News