എറണാകുളം ബോട്ടുജെട്ടിക്ക് സമീപം “അനുഭവങ്ങൾ പാളിച്ചകൾ “എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. ചുറ്റും കൂടി നിൽക്കുന്ന ജനക്കൂട്ടത്തിന്റെ ഇടയിൽ ഗവണ്മെന്റ് ലോ കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുമുണ്ട്. കക്ഷിക്ക് സംവിധായകൻ കെ.എസ്. സേതുമാധവനെ ഒന്നു കാണണം. പക്ഷേ സെക്യൂരിറ്റിക്കാർ ഒട്ടും സമ്മതിക്കുന്നില്ല. ഷൂട്ടിംഗിന്റെ മൂന്നാം ദിവസം പയ്യന്റെ ഈ തുടർച്ചയായ നിൽപ്പ് കണ്ട് സെക്യൂരിറ്റിക്കാരന് അല്പം ദയ തോന്നി ആളെ സംവിധായകനെ കാണാൻ അനുവദിച്ചു.
താൻ എൽ.എൽ.ബിക്ക് പഠിക്കുകയാണെന്നും സിനിമയിൽ അഭിനയിക്കാൻ വളരെ താല്പര്യമുണ്ടെന്നും പറ്റിയെങ്കിൽ ഈ സിനിമയിൽ തന്നെ ഒരു ചെറിയ റോളെങ്കിലും തരണമെന്നും ഉള്ള പതിവ് ആവശ്യം കേട്ട് സേതുമാധവൻ ചിരിച്ചുകൊണ്ട് പറഞ്ഞു….
“അനിയൻ ആദ്യം പഠിച്ച് നല്ലൊരു വക്കീലാകാൻ നോക്ക്. അതു കഴിഞ്ഞിട്ട് മതി സിനിമാ അഭിനയമൊക്കെ തുടങ്ങാൻ”
പെട്ടെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ വന്നു പറഞ്ഞു …
“സർ ഷോട്ട് റെഡി ….”
മുന്നോട്ടു നടന്ന സേതുമാധവൻ തിരിഞ്ഞു നിന്നു ഇത്രയും കൂടി പറഞ്ഞു …
“എന്തായാലും താൻ വളരെ കഷ്ടപ്പെട്ട് ഇവിടം വരെ വന്നതല്ലേ … അടുത്ത ഷോട്ടിൽ നാലഞ്ചു പേരുള്ള ഒരു സീൻ ഉണ്ട് .. വേണമെങ്കിൽ ഒന്ന് കേറി നിന്നോ …”
എന്നിട്ട് അസിസ്റ്റൻന്റിന് നിർദ്ദേശം കൊടുത്തു ….
“എടോ ,ആ ഓടുന്നവരുടെ കൂട്ടത്തിൽ ഇയാളേയും കൂട്ടിക്കോ ….”
പയ്യന്റെ മനസ്സിൽ ലഡ്ഢു പൊട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ ?
അനുഭവങ്ങൾ പാളിച്ചകളിൽ തൊഴിലാളി സഖാവ് ചെല്ലപ്പനായി അഭിനയിക്കുന്ന സത്യന്റെ പിന്നാലെ ഓടുന്ന നാലഞ്ചു പേരിൽ ഒരാളായി ആ വിദ്യാർത്ഥി അങ്ങനെ സിനിമയിൽ ആദ്യമായി മുഖം കാണിച്ചു .
അഭിനയമോഹം തലക്കു പിടിച്ചുകൊണ്ട് അന്ന് സത്യന്റെ പിന്നാലെ ഓടിയ ആ കൊച്ചു പയ്യനെ നമുക്കെല്ലാവർക്കും നല്ല പരിചയമുണ്ട്. മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ സാക്ഷാൽ മമ്മൂട്ടി എന്ന നടന്റെ അഭിനയപ്രയാണം ഇവിടെ തുടങ്ങുന്നു.
മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി സിനിമയിലെത്തിയതിന്റെ സുവർണ്ണജൂബിലി മൂന്നു വർഷം മുൻപ് വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയുണ്ടായി.
1971 ഓഗസ്റ്റ് 6 – ന് പ്രദർശനത്തിനെത്തിയ “അനുഭവങ്ങൾ പാളിച്ച”കളിൽ മമ്മൂട്ടിക്ക് സംഭാഷണം ഒന്നുമുണ്ടായിരുന്നില്ല . ഏതാനും സെക്കൻഡുകൾ നീണ്ടു നിൽക്കുന്ന ഒരു ചെറിയ മിന്നലാട്ടം മാത്രം. പ്രേംനസീർ നായകനായി അഭിനയിച്ച “കാലചക്രം”എന്ന ചിത്രത്തിലാണ് മമ്മൂട്ടി ആദ്യമായി ഒരു സംഭാഷണം ഉരുവിടുന്നത്.
“അല്ലാ താനീ നാട്ടിലൊന്നും ഇല്ലായിരുണോ ……” എന്ന് അടൂർ ഭാസിയോടു പറയുന്ന ഡയലോഗ് ഇതിനകം അഞ്ചു ലക്ഷത്തോളം പേരാണ് യൂട്യൂബിൽ കണ്ടത്.
ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ പേര് സജിൻ എന്നായിരുന്നുവത്രെ !
ഒരു കടത്തുകാരന്റെ വേഷത്തിൽ പ്രേംനസീറിൽ നിന്നും തുഴ ഏറ്റുവാങ്ങിക്കൊണ്ടുള്ള മമ്മുട്ടി എന്ന മഹാനടന്റെ പിന്നീടുള്ള ജൈത്രയാത്ര മലയാള സിനിമയുടെ അര നൂറ്റാണ്ട് നീണ്ടുനിൽക്കുന്ന സംഭവബഹുലമായ ചരിത്രം കൂടിയാണ് …
ആസാദ് സംവിധാനം ചെയ്ത എം ടി വാസുദേവൻ നായരുടെ “വിൽക്കാനുണ്ട് സ്വപ്നങ്ങള്‍” ആയിരുന്നു മമ്മൂട്ടിയെ മലയാളത്തിൽ ശ്രദ്ധേയമാക്കുന്ന ആദ്യചിത്രം.
ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ച് തിക്കുറിശ്ശി സുകുമാരൻ നായർ മുഹമ്മദ്കുട്ടിയെ മമ്മൂട്ടിയാക്കി ജ്ഞാനസ്നാനം ചെയ്യിച്ചത് ദൈവത്തിന്റെ മറ്റൊരു വികൃതിയാകാം.
വയസ്സാകുംതോറും ചെറുപ്പം കൂടി കൂടി വരുന്ന മലയാള സിനിമയിലെ മഹാത്ഭുതമായ മമ്മൂട്ടിക്ക് മികച്ച നടനുള്ള എട്ട് സംസ്ഥാന പുരസ്ക്കാരങ്ങളും, മൂന്ന് ദേശീയ പുരസ്ക്കാരങ്ങളും, പന്ത്രണ്ട് ഫിലിം ഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി അഭിനയം തുടങ്ങിയ അര നൂറ്റാണ്ടിനുള്ളിൽ മലയാളത്തിൽ നൂറു കണക്കിന് നടന്മാർ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടെങ്കിലും കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച നടനുള്ള പുരസ്ക്കാരം “നൻപകൽ മയക്ക ” ത്തിലൂടെ വീണ്ടും മമ്മൂട്ടിയിലേക്ക് എത്തിച്ചേർന്നത് ഒരു ചരിത്ര സംഭവം തന്നെയാണ്. രാജ്യം പത്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
അടുത്തിടെ പുറത്തിറങ്ങിയ കാതൽ, ഭ്രമയുഗം എന്നീ ചിത്രങ്ങളിലൂടെ സമാനതകളില്ലാത്ത പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചത്. ഒരുപക്ഷേ അടുത്ത ദേശീയ പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തിയാൽ അത്ഭുതപ്പെടാനില്ല.
എത്രയോ ഉജ്ജ്വല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ ഈ നടനവിസ്മയം മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ അഭിനയിച്ചെന്ന് മാത്രമല്ല പഴശ്ശി രാജാ ,വൈക്കം മുഹമ്മദ് ബഷീർ, ഭരണഘടനാ ശിൽപ്പിയായ അംബേദ്കർ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖരറെഡ്ഢി എന്നീ ചരിത്രപുരുഷന്മാരെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുകൊണ്ട് ഒരു പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചു. കേരളാ, കാലിക്കറ്റ് യൂണിവേഴ്സിറ്റികൾ ഡോക്ടറേറ്റ് നൽകി മമ്മൂട്ടിയെ ആദരിച്ചിട്ടുണ്ട്…
1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂരിൽ ജനിച്ച മമ്മൂട്ടി വളർന്നത് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പിലാണ്. മമ്മൂട്ടി സിനിമയിലെത്തിയതിന്റെ അമ്പതാം വാർഷികദിനം ഉജ്ജ്വലമായി ആഘോഷിച്ചപ്പോൾ കുവൈറ്റിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ സെക്രട്ടറി കൂടിയായ കൊടുങ്ങല്ലൂർ സ്വദേശി ഷാലി മമ്മൂട്ടിയുടെ മൂന്നടി നീളമുള്ള ഒരു പൂർണ്ണകായ പ്രതിമ പണികഴിപ്പിച്ചിരുന്നു.
മണപ്പുറത്തിന്റെ പ്രിയശില്പി ഡാവിഞ്ചി സുരേഷാണ് ഈ ശിൽപ്പത്തിന് സാക്ഷാൽക്കാരം നൽകിയത്.
സംഗീത പ്രണയികൾക്ക് എന്നുമെന്നും ഓർത്തുവെക്കുവാൻ പറ്റിയ ഒരുപാട് നല്ല ഗാനങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ കൊടുക്കാൻ ഈ മഹാനടന് കഴിഞ്ഞിട്ടുണ്ട്. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത “മേള ” എന്ന ചിത്രത്തിലെ
“മനസ്സൊരു മാന്ത്രികക്കുതിരയായി പായുന്നു …..” എന്ന ഗാനമാണ് മമ്മൂട്ടി വെള്ളിത്തിരയിൽ ആദ്യമായി പാടി അഭിനയിക്കുന്നത്.
“നീ എൻ സർഗ്ഗ സൗന്ദര്യമേ …” (കാതോടു കാതോരം)
“നെറ്റിയിൽ പൂവുള്ള സ്വർണ്ണചിറകുള്ള പക്ഷീ…” (മണിവത്തൂരിലെ ആയിരം ശിവരാത്രികൾ)
“തൊഴുതുമടങ്ങും സന്ധ്യയുമേതോ ..”.(അക്ഷരങ്ങൾ)
“പൂമാനമേ ഒരു രാഗമേഘം താ .. (നിറക്കൂട്ട്)
“ശ്യാമാംബരം നീളേ …” (അർത്ഥം)
“തങ്കമനസ്സ് അമ്മ മനസ്സ് ..”.(രാപ്പകൽ )
“പുലരെ പൂങ്കോണിയിൽ ..”.(അമരം)
“പൂമുഖവാതിലിൽ സ്നേഹം വിടർത്തുന്ന … ” (രാക്കുയിലിൻ രാഗസദസ്സിൽ)
“മാനേ മധുരക്കരിമ്പേ ..”.(പിൻനിലാവ് )
“യമുനേ നിന്നുടെ നെഞ്ചിൽ … ” (യാത്ര )
“എന്തിനു വേറൊരു സൂര്യോദയം …” (മഴയെത്തും മുൻപേ )
“മയ്യഴിപ്പുഴയൊഴുകി തൃക്കാൽചിലമ്പ് കിലുങ്ങി …” (ഉദ്യാനപാലകൻ )
“വെണ്ണിലാചന്ദനകിണ്ണം …” (അഴകിയ രാവണൻ)
“മാമ്പുള്ളി കാവിൽ മരതകക്കടവിൽ.. ” (കഥ പറയുമ്പോൾ )
“താരാപഥം ചേതോഹരം .. (അനശ്വരം)
“ചന്ദനലേപ സുഗന്ധം … ” (ഒരു വടക്കൻ വീരഗാഥ)
തുടങ്ങി എണ്ണമറ്റ ഗാനങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന താരരാജാവിന്റെ പിറന്നാൾ ദിനമാണിന്ന്.
32 വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1992-ൽ കോഡി രാമകൃഷ്ണ സംവിധാനം ചെയ്ത “റെയിൽവേ കൂലി”എന്ന തെലുഗു സിനിമയിൽ അഭിനയിക്കാനായി വിശാഖപട്ടണത്തെത്തിയപ്പോഴാണ് മമ്മൂട്ടിയെ ഈ ലേഖകൻ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.
പത്ര വായനയിൽ അതീവ തല്പരനായ അദ്ദേഹത്തിന് അന്ന് നാട്ടിൽ നിന്നെത്തിയിരുന്ന മലയാള ദിനപത്രം ദസ്പാല ഹോട്ടലിലെ സ്യൂട്ടിൽ ദിവസങ്ങളോളം എത്തിച്ചുകൊടുക്കാൻ കഴിഞ്ഞതും അരികിൽ വിളിച്ചു നിർത്തി ഫോട്ടോയെടുപ്പിച്ചതും പോകുന്നതിന്റെ തലേ ദിവസം നന്ദി പറഞ്ഞതുമെല്ലാം ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന സുന്ദര സ്മരണകൾ .
മലയാള നാടിന്റെ അഭിമാനമായ മഹാനടന് പിറന്നാളാശംസകൾ..
കടപ്പാട്: സതീഷ് കുമാർ വിശാഖപട്ടണം
പാട്ടോർമ്മകൾ @ 365 )