ന്യൂയോർക്ക്: അമേരിക്കയിൽ മലയാളീ പൈതൃകം നിലനിർത്താനായി ന്യൂയോർക്ക് സംസ്ഥാന സെനറ്റിലെ മലയാളീ സെനറ്റർ കെവിൻ തോമസിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട ന്യൂയോർക്ക് മലയാളീ ഹെറിറ്റേജ് ഫൗണ്ടേഷൻ ഈ വർഷം തിരുവോണ നാളായ സെപ്റ്റംബർ 15 ഞായറാഴ്ച വമ്പിച്ച ഓണാഘോഷവും വള്ളംകളി മത്സരവും ലോങ്ങ് ഐലൻഡ് കേന്ദ്രീകരിച്ച് നടത്തപ്പെടുന്നു. ലോങ്ങ് ഐലൻഡ് ഫ്രീപോർട്ടിലെ അതി മനോഹരവും വിശാലവുമായ കൗമെഡോ പാർക്കിനോട് (Cow Meadow Park, 701 South Main Street, Freeport, NY 11520) ചേർന്നുള്ള തടാകത്തിൽ കേരള തനിമയെ വിളിച്ചോതുന്ന വള്ളംകളി ജലോത്സവം നടത്തുന്നതിനോടൊപ്പം പാർക്കിലെ പച്ചപ്പരവതാനിയായ പുൽത്തകിടിയിൽ ഓണാഘോഷവും നടത്തുന്നതിനാണ് ആലോചിക്കുന്നത്.
സെനറ്റർ കെവിനുമായി സഹകരിച്ച് ഫ്രീപോർട്ട് മേയർ റോബർട്ട് കെന്നഡി ഓണാഘോഷങ്ങൾക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പോലീസ് ഡിപ്പാർട്മെന്റും ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്മെന്റും, കോസ്റ്റ് ഗാർഡും, പാർക്ക് ഡിപ്പാർട്മെന്റും ഒത്തൊരുമിച്ച് സുരക്ഷക്കായുള്ള എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിവരുന്നു. മലയാളികളും പ്രദേശികമായ വിവിധ സമൂഹത്തിലെ ജനവിഭാഗങ്ങളും ആഘോഷത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ കണക്കാക്കുന്നത്. ഫ്രീപോർട്ട് മേയർ റോബർട്ട് കെന്നഡിയുടെ ഓഫീസ് ആഘോഷത്തിന് കൂടുതൽ ജനപങ്കാളിത്തം ഉറപ്പു വരുത്തുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് കൗമെഡോ പാർക്ക് മുഴുവനായും തുറന്ന് നൽകുന്നതിനും മേയർ റോബർട്ട് പ്രത്യേക താൽപ്പര്യം കാണിച്ചിട്ടുണ്ട്.
ഓണാഘോഷത്തോട് അനുബന്ധിച്ച് കേരളത്തിൻറെ തനതായ കലാരൂപങ്ങളും, വടം വലിയും, ചെണ്ടയും, ഓണ സദ്യയും, തിരുവാതിര കളിയും, ഓണപ്പൂക്കളവും മറ്റ് ആഘോഷങ്ങളും ക്രമീകരിച്ചിട്ടുണ്ട്. 15-ന് ഞായറാഴ്ച രാവിലെ 11:30 മണിക്ക് എല്ലാവരും കൗമെഡോ പാർക്കിൽ എത്തിച്ചേരുന്നതും, കൃത്യം 12 മണിക്ക് തന്നെ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിദ്ധ്യത്തിൽ സെനറ്റർ കെവിൻറെ നേതൃത്വത്തിൽ ഉത്ഘാടന സമ്മേളനംനടക്കുന്നതുമാണ്. അതിന് ശേഷം പാർക്കിൻറെ ഒരു വശത്തുള്ള തടാകത്തിൽ വള്ളംകളി മത്സരം നടത്തുന്നതിനാണ് ക്രമീകരണം ചെയ്തിരിക്കുന്നത്. കലാമണ്ഡലം ഡോ . ജോൺ, കലാതരംഗിണി ഡോ. മേരി ജോൺ, കലാ ഹാർട്സ് ഡാൻസ് സ്കൂൾ ഡയറക്ടർ ഡോ.റിയാ ജോൺ എന്നിവരുടെ ടീം, കഥകളി, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം തുടങ്ങിയ കേരളാ കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കുന്നതാണ്.
ഓണാഘോഷത്തിൽ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നവർ പ്രവേശനത്തിനായി തങ്ങളുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയേണ്ടതാണ്. പ്രവേശനം സൗജന്യമായിരിക്കും. പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനാവശ്യമായ ഓൺലൈൻ ലിങ്ക് ഈ വാർത്തയുടെ അവസാനഭാഗത്തിൽ ചേർത്തിരിക്കുന്നു. ഏതെങ്കിലും കാരണവശാൽ പേരു രജിസ്റ്റർ ചെയ്യുവാൻ സാധിക്കാത്തവർക്ക് പാർക്കിൽ പ്രവേശിക്കുന്നതിനോ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കുന്നതല്ല. ഭക്ഷണ ക്രമീകരണങ്ങൾക്കായി വിവിധ ഫുഡ് സ്റ്റാളുകൾ ക്രമീകരിക്കുന്നുണ്ട്. 14-ന് ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യുന്നത് ഉചിതമായിരിക്കും.
ഗൃഹാദുരത്വം ഉണർത്തുന്ന കേരളത്തനിമയിൽ ഓണസദ്യയ്ക്ക് വിളമ്പാറുള്ള എല്ലാത്തരം സ്വാദിഷ്ടമായ വിഭവങ്ങളോടുകൂടിയ വിഭവ സമൃദ്ധമായ സദ്യ ഒറിജിനൽ വാഴയിലയിൽ നൽകുന്നതിനായി ഫ്ലോറൽ പാർക്കിലുള്ള സന്തൂർ-കുട്ടനാടൻ റെസ്റ്റോറന്റ് എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. പാർക്കിൽ പ്രത്യേകമായി ഒരുക്കുന്ന ടെന്റിൽ വച്ച് ഉച്ചക്ക് ഏകദേശം ഒന്നര മണിയോടെ ഓണസദ്യ നൽകുന്നതിനുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്. ഫുഡ് കൗണ്ടറിൽ സദ്യക്കുള്ള പണം നൽകി ടിക്കറ്റ് എടുക്കുന്നവർക്കാണ് സദ്യ ലഭിക്കുന്നത്. ആദ്യം ടിക്കറ്റ് എടുക്കുന്ന മുൻഗണനാ ക്രമത്തിലാണ് സദ്യക്ക് ഭക്ഷണം വിളമ്പുന്നത്. കേരളാ ഭക്ഷണത്തിന്റെ ഫുഡ് കൌണ്ടർ കൂടാതെ ബർഗർ ഐറ്റങ്ങൾ ലഭിക്കുന്ന മറ്റൊരു ഫുഡ് സ്റ്റാളും സീഫുഡ് ഐറ്റങ്ങൾ ലഭിക്കുന്ന ഒരു ഫുഡ് സ്റ്റാളും പാർക്കിൽ തന്നെ ക്രമീകരിക്കുന്നുണ്ട്.
“വള്ളംകളി മത്സരം സംബന്ധിച്ചും ഓണാഘോഷം സംബന്ധിച്ചും വാർത്ത ഏതാനും ആഴ്ച്ച മുമ്പ് പ്രസിദ്ധീകരിച്ചെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ മൂലം പിന്നീടുള്ള പുരോഗതിയെപ്പറ്റി വാർത്തകൾ പ്രസിദ്ധീകരിക്കുവാൻ സാധിച്ചില്ല. എന്നാൽ വള്ളംകളി മത്സരത്തിൽ പങ്കെടുക്കുവാൻ തല്പരരായ കുറെ ബോട്ട് ക്ലബ്ബ്കൾ ഇതിനോടകം പേരുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും വള്ളംകളി മത്സരത്തിന് പങ്കെടുക്കുവാൻ താല്പര്യമുള്ള ഏതെങ്കിലും ടീമുകൾ പേര് രജിസ്റ്റർ ചെയ്യുവാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ 13 വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണി വരെ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. താഴെ കൊടുത്തിരിയ്ക്കുന്നു രെജിസ്ട്രേഷൻ ഫോം അതിനായി ഉപയോഗിക്കാവുന്നതാണ്. വള്ളംകളി മത്സരത്തിൽ വിജയിക്കുന്ന ടീമിന് ക്യാഷ് പ്രൈസ് നൽകുന്നതാണ്.” സംഘാടക സമിതി അംഗം അജിത് കൊച്ചൂസ് ലോങ്ങ് ഐലൻഡിൽ പ്രസ്താവിച്ചു.
വിവിധ സ്പോൺസർമാരുടെ സഹകരണത്തോടെയാണ് ഈ പരിപാടികളെല്ലാം നടത്തപ്പെടുന്നത്. റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരായ ജയാ അജിത്, അലൻ എന്നിവരുടെ അമേരിക്കൻ ലക്ഷ്വറി ഹോംസ് (American Luxury Homes); ബിജു ചാക്കോ, ഷോണി വർഗ്ഗീസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐലൻഡ് പൾമനറി സ്ലീപ്പ് സെൻറർ (Island Pulmonary Sleep Center); ഹാൻലി, ആനി ജോസഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വെൽ ഹെൽത്ത് ഫിസിക്കൽ തെറാപ്പി (Well Health Physical Therapy); ധൻ തോമസിൻറെ ഉടമസ്ഥതയിലുള്ള ഫിലാഡെൽഫിയ മോർട്ട്ഗേജ് കമ്പനി (Philadelphia Mortgage Company); പോലീസ് ഓഫീസർ തോമസ് ജോയിയുടെ അദ്ധ്യക്ഷതയിലുള്ള സഫോക്ക് കൗണ്ടി പോലീസ് ഏഷ്യൻ ജയ്‌ഡ് സൊസൈറ്റി (Suffolk County Police Asian Jade Society); എന്നിവർ ഈ ആഘോഷ പരിപാടികളുടെ സിൽവർ സ്പോൺസർമാരാണ്. അർച്ചന ഫിലിപ്പിൻറെ ഉടമസ്ഥതയിലുള്ള ബോലെ ഫർമസി (Bole Pharmacy) ബ്രോൺസ് സ്പോൺസറാണ്. ഡോ. തോമസ് മാത്യുവിൻറെ ഉടമസ്ഥതയിലുള്ള ഹിൽസൈഡ് ഇന്റെർണൽ മെഡിസിൻ ആൻഡ് ജെറിയാട്രിക്‌സ് (Hillside Internal Medicine & Geriatrics), ഡി.ജെ. ജനുവിൻ തോമസ്, കൊട്ടിലിയൻ റെസ്റ്റോറന്റ് ഉടമ തോമസ് നെടുനിലം, എൽമോണ്ടിലുള്ള കേരളാ സെൻറർ എന്നിവരും സ്പോൺസർമാരാണ്.
ഇനിയും കൂടുതൽ സ്‌പോൺസർമാർ പ്രസ്തുത പരിപാടികളിൽ ഭാഗഭാക്കാകുവാൻ തയ്യാറെടുത്ത് മുൻപോട്ട് വരുന്നുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ക്രമീകരിക്കുന്ന ഈ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ധാരാളം പേർ ഇതിനോടകം പേരുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇനിയും അടുത്ത ദിവസങ്ങളിലായി നല്ലൊരു ജന സമൂഹം ഈ ആഘോഷ പരിപാടികളിലേക്ക് എത്തിച്ചേരുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരും, വള്ളംകളി മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു ടീമുകളും ഈ ലിങ്ക് വഴി പേരുകൾ രജിസ്റ്റർ ചെയ്യുക. മത്സരത്തിൽ പങ്കെടുക്കുന്നവർ അത് പ്രത്യേകമായി പേരിനൊപ്പം രേഖപ്പെടുത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: Ajith Abraham (Kochoos) – 516-225-2814 , Biju Chacko – 516-996-4611, Mathewkutty Easow – 516-455-8596.
Registration Link : https://forms.gle/bnavGFpeDoHTTVSL9