പോർട്ട് ബ്ലെയറിൻ്റെ പേര് ശ്രീ വിജയപുരം എന്ന് പുനർനാമകരണം ചെയ്യും: അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യയുടെ ചരിത്ര പാരമ്പര്യം പ്രതിഫലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കത്തിൽ, പോർട്ട് ബ്ലെയറിൻ്റെ പേര് ‘ശ്രീ വിജയപുരം’ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. “കൊളോണിയൽ ചരിത്രത്തിൻ്റെ ചിഹ്നങ്ങൾ രാജ്യത്ത് നിന്ന് നീക്കം ചെയ്യാനുള്ള” സർക്കാരിൻ്റെ ശ്രമത്തിൻ്റെ ഭാഗമാണ് ഈ തീരുമാനം.

“പോർട്ട് ബ്ലെയറിൻ്റെ പേര് ‘ശ്രീ വിജയപുരം’ എന്ന് പുനർനാമകരണം ചെയ്യാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഈ പുതിയ പേര് ഞങ്ങളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ ഉൾക്കൊള്ളുന്നു, ആ പോരാട്ടത്തിൽ ആൻഡമാൻ നിക്കോബാറിൻ്റെ പങ്ക് അംഗീകരിക്കുന്നു,” എക്‌സിലെ ഒരു പോസ്റ്റിലൂടെയാണ് മാറ്റം പ്രഖ്യാപിച്ചത്.

ദ്വീപിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും ഷാ അതിൻ്റെ സവിശേഷമായ സ്ഥാനം എടുത്തു പറഞ്ഞു. ചോള സാമ്രാജ്യത്തിൻ്റെ കാലത്ത് ഒരു നാവിക താവളമായിരുന്ന ദ്വീപ് ഇപ്പോൾ രാജ്യത്തിൻ്റെ സുരക്ഷയും വികസനവും വർദ്ധിപ്പിക്കാൻ സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ തടവിലാക്കപ്പെട്ട സുപ്രധാന ചരിത്ര സ്ഥലമായ സെല്ലുലാർ ജയിലിനെ കുറിച്ചും ഷാ സംസാരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി ത്രിവർണ്ണ പതാക ഉയർത്തിയതും വീർ സവർക്കറും മറ്റ് രാജ്യസ്നേഹികളും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയതും ഈ ദ്വീപിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചരിത്രപരമായ പ്രാധാന്യവും അമിത് ഷാ ഊന്നിപ്പറഞ്ഞു, “ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ നമ്മുടെ സ്വാതന്ത്ര്യ സമരത്തിലും ചരിത്രത്തിലും അതുല്യമായ സ്ഥാനമാണ് വഹിക്കുന്നത്. ഒരിക്കൽ ചോള സാമ്രാജ്യത്തിൻ്റെ നാവിക താവളമായിരുന്ന ഈ ദ്വീപുകൾ, നമ്മുടെ തന്ത്രപരവും വികസനപരവുമായ ലക്ഷ്യങ്ങളിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി നമ്മുടെ ദേശീയ പതാക ഉയർത്തിയതും നമ്മുടെ രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി വീർ സവർക്കറും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളും നടത്തിയ പോരാട്ടങ്ങൾക്ക് സെല്ലുലാർ ജയിൽ സാക്ഷ്യം വഹിച്ച സ്ഥലവുമാണ്,” ഷാ പറഞ്ഞു.

കേന്ദ്ര ഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാന നഗരമായി ശ്രീ വിജയപുരം പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News