തിരൂരങ്ങാടി: ഭരണഘടന നൽകിയ ഒരു മൗലികാവകാശം വിനിയോഗിച്ചതിന്റെ പേരിൽ കൊടിഞ്ഞിയിലെ ഫൈസൽ ആർഎസ്എസുകാരാൽ കൊല്ലപ്പെട്ടിട്ട് എട്ടു വർഷം കഴിഞ്ഞിട്ടും ഇതുവരെയും പബ്ലിക് പ്രോസിക്യൂട്ടറെ വെക്കാൻ സർക്കാർ തയ്യാറായിട്ടില്ല. സാധാരണ ഇത്തരം കേസുകളിൽ കുടുംബം ആവശ്യപ്പെട്ട വക്കീലിനെ അനുവദിച്ച് കൊടുക്കാറാണ് പതിവ്. എന്നാൽ ഈ കേസിൽ സർക്കാർ ഇതിന് തയ്യാറാവാത്തത് ആർഎസ്എസിന്റെ താല്പര്യം സംരക്ഷിക്കാനാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ പറഞ്ഞു.
കൊടിഞ്ഞി ഫൈസൽ വധം: ഇടതു സർക്കാർ സംഘ്പരിവാർ പ്രീണനം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ആർഎസ്എസുകാർ പ്രതികളായ കൊലപാതക കേസുകളിൽ ഒന്നു മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. സിപിഎമ്മുകാർ കൊല്ലപ്പെട്ട കേസുകളിൽ പോലും പ്രതികളെ വെറുതെ വിടുകയാണ് ചെയ്തിട്ടുള്ളത്. കേരള പോലീസ് ആർഎസ്എസിന്റെ സ്വകാര്യ സേനയായി മാറിയതിന്റെ അനുഭവങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ കാരണത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കേണ്ടതില്ല.
ആർഎസ്എസുകാർ പ്രതികളായ കേസുകളിൽ മുഴുവൻ അവരാവശ്യപ്പെടുന്ന അഡ്വക്കേറ്റ്‌സിനെ പബ്ലിക് പ്രോസിക്യൂട്ടർ ആയി വെച്ചു കൊടുക്കുകയാണ് സർക്കാർ ചെയ്തിട്ടുള്ളത്. ഇത്തരം കേസുകളിൽ ദുർബലമായ ഒരു എഫ്‌ഐആർ ഇടുകയാണ് പോലീസ് ചെയ്യാറുള്ളത്. പിന്നീട് അതിലേക്ക് ഏത് വകുപ്പുകൾ കൂട്ടി ചേർത്താലും അത് നിലനിൽക്കുകയില്ല. ഫൈസൽ വധക്കേസിലും ഇതേപോലെ ദുർബലമായ ഒരു എഫ്‌ഐആർ ആണ് പോലീസ് ഇട്ടിട്ടുള്ളത്. ഇത് സഹായിക്കുക പ്രതികളായ ആർഎസ്എസുകാരെയാണ്. മതസ്പർദ്ധ വളർത്തുക തുടങ്ങിയ വകുപ്പുകൾ ഒന്നും ഈ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയിട്ടില്ല.
ആർഎസ്എസുകാർ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഈ കൊലപാതകത്തെ ദുരഭിമാനക്കൊലകളെയൊക്കെ കൈകാര്യം ചെയ്യുന്ന രൂപത്തിൽ പെട്ടെന്നുണ്ടായ വൈകാരിക വിക്ഷോഭത്തിൽ സംഭവിച്ച കൊലപാതകമായിട്ടാണ് പോലീസ് എഫ്‌ഐആർ ഇട്ടിട്ടുള്ളത്. അതിന്റെ ബലത്തിലാണ് മുൻപ് തിരൂരിൽ നടന്ന യാസിർ വധത്തിൽ പ്രതിയായ മഠത്തിൽ നാരായണൻ ഫൈസൽ വധത്തിലും പ്രതിയായിട്ടും ദിവസങ്ങൾക്കകം അയാൾക്കടക്കം ജാമ്യം നേടി പുറത്തിറങ്ങാൻ സാധിച്ചത്.
പബ്ലിക് പ്രോസിക്യൂട്ടറെ വെക്കുന്നതിൽ കാണിച്ച ഈ കാലതാമസവും കുടുംബം ആവശ്യപ്പെട്ട ആളെ വെക്കാൻ സർക്കാർ തയ്യാറാവാത്തതും ഈ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇടതുസർക്കാർ ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന ഈ നയം അവസാനിപ്പിക്കുകയും കുടുംബം ആവശ്യപ്പെട്ട അഡ്വക്കേറ്റിനെ വെക്കാൻ തയ്യാറാവുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇബ്‌റാഹിംകുട്ടി മംഗലം, കൃഷ്ണൻ കുനിയിൽ, ജംഷീൽ അബൂബക്കർ, ഹംസ വെന്നിയൂർ തുടങ്ങിയവർ സംസാരിച്ചു.
ലുബ്‌ന കൊടിഞ്ഞി, റീന സാനു, സൈതലവി കാട്ടേരി, സാനു പരപ്പനങ്ങാടി എന്നിവർ നേതൃത്വം നൽകി.