കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നത് എന്താണെന്ന് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് “എന്നോടല്ല, നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ” എന്ന് പ്രകോപിതനായി സുരേഷ് ഗോപിയുടെ മറുപടി.
കൊച്ചിയില്‍ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ് ഗോപി. പ്രധാനമന്ത്രി വയനാട് സന്ദര്‍ശിച്ച ശേഷം കേന്ദ്ര സഹായം വളരെ വേഗം എത്തിക്കുമെന്ന് പറഞ്ഞിരുന്നു എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോഴാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
“നിങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിക്കൂ…. എനിക്ക് ഇതു തീരെ ഇഷ്ടമല്ല, ഒരു വിഷയം നിങ്ങള്‍ തന്നെ കൊണ്ടു വന്ന്….” കൈരളിയുടെ മൈക്ക് നോക്കിയിട്ട് “നിങ്ങടെ മുഖ്യമന്ത്രിയോട് തന്നെ ചോദിച്ചാല്‍ മതി”യെന്ന് പറഞ്ഞ് സുരേഷ് ഗോപി സ്ഥലം വിട്ടു.
വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സന്ദര്‍ശനം നടത്തിയിരുന്നു. ഡല്‍ഹിയിലെത്തി കേരളത്തിന്റെ ആവശ്യങ്ങള്‍ പഠിച്ച് സഹായം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. നാളിതുവരെ ആ സഹായം വെറും വാഗ്ദാനമായി തന്നെ തുടരുകയാണ്. അടുത്തിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്റെ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.