തിരുവനന്തപുരം: സംസ്ഥാനത്ത് നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ മഴ ഒരിടത്തും പ്രവചിച്ചിട്ടില്ലെങ്കിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അപകടകരമായ മഴയ്ക്ക് സാധ്യതയില്ലാത്തതിനാൽ സംസ്ഥാനത്ത് ഒരിടത്തും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
ചൊവ്വാഴ്ച പുലർച്ചെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ താരതമ്യേന മഴ കുറവായിരിക്കും. മറ്റെല്ലായിടത്തും ഇടത്തരം മഴ ലഭിക്കും.
അതേ സമയം വ്യാഴാഴ്ച വരെ തെക്ക് പടിഞ്ഞാറൻ അറബിക്കടലിൻ്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും മധ്യ പടിഞ്ഞാറൻ അറബിക്കടലിൻ്റെ അനുബന്ധ ഭാഗങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കി.മീ വരെയും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം നടത്തരുതെന്ന് നിർദേശിച്ചു.