ന്യൂഡല്‍ഹി: 2017ൽ ഓടുന്ന വാഹനത്തിനുള്ളില്‍ നടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി ചൊവ്വാഴ്ച (സെപ്റ്റംബർ 17, 2024) ജാമ്യം അനുവദിച്ചു. ഏഴ് വർഷത്തോളമായി സുനിൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണെന്ന് ജസ്റ്റിസ് എ എസ് ഓക്ക അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
സുനിയുടെ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാർ കടുത്ത അസംതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് വിധി പറയുന്ന ഘട്ടത്തിലാണ്. പൾസർ സുനിക്ക് ജാമ്യം അനുവദിക്കുകയാണെങ്കിൽ തുടർ വിചാരണ അടക്കമുള്ള പല കാര്യങ്ങളിലും കാലതാമസം ഉണ്ടാകാം.
കേസിലെ സാക്ഷിവിസ്‌താരം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. പ്രതിഭാഗത്തുനിന്നുള്ള സാക്ഷിവിസ്‌താരം ഇനി നടക്കേണ്ടതായി ഉള്ളതിനാലാണ് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള അസംതൃപ്‌തി. ജാമ്യ വ്യവസ്ഥയുടെ നടപടിക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല.
കേസിലെ പ്രതികളാക്കപ്പെട്ടവർക്ക് നിയമത്തിന്‍റെ വഴിയിൽ നിന്ന് ലഭിച്ച നീതി തനിക്ക് ലഭിക്കുന്നില്ല. ആറര വർഷത്തിലധികമായി വിചാരണ തടവുകാരനായി തുടരുന്നു തുടങ്ങിയ വസ്‌തുതകളാണ് സുപ്രീം കോടതിക്കു മുന്നിൽ പൾസർ സുനിയുടെ അഭിഭാഷകൻ ഉന്നയിച്ചത്. കേസിലെ മുഖ്യ സൂത്രധാരൻ ജാമ്യ വ്യവസ്ഥയിൽ പുറത്തു കഴിയുന്നു. തനിക്ക് നീതി ലഭിക്കുന്നില്ല തുടങ്ങിയ വസ്‌തുതകളും അഭിഭാഷകൻ സുപ്രീം കോടതിയെ ധരിപ്പിച്ചു. മാത്രമല്ല പൾസർ സുനിയുടെ ആരോഗ്യ പ്രശ്‌നങ്ങളും ജാമ്യത്തിന്‍റെ ഘടകം ആയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഏപ്രിലിൽ പൾസർ സുനി എന്നറിയപ്പെടുന്ന സുനിലിൻ്റെ ജാമ്യം സുപ്രീംകോടതി നിരസിച്ചിരുന്നു. കേസിൻ്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി പലതവണ സമയം നീട്ടി നൽകിയിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, വിചാരണ പൂർത്തിയാക്കാൻ 2024 മാർച്ച് 31 വരെ സുപ്രീം കോടതി സമയം നൽകിയിരുന്നു. നേരത്തെ 2022 ജനുവരി 31, 2023 ജൂലൈ 31 എന്നീ രണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച സമയപരിധി പാലിക്കുന്നതിൽ വിചാരണ പരാജയപ്പെട്ടു.
ലൈംഗികാതിക്രമക്കേസ് ജനരോഷത്തിന് ഇടയാക്കിയിരുന്നു. കേരള സിനിമാ മേഖലയിൽ നിന്നുള്ള വനിതാ അഭിനേതാക്കളുടെ കൂട്ടായ്മ ചൂഷണം ആരോപിച്ച് ന്യായമായ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. 2017-ൽ മുൻ കേരള ഹൈക്കോടതി ജസ്റ്റിസ് കെ. ഹേമ അദ്ധ്യക്ഷയായി സംസ്ഥാന സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.
2024 ഓഗസ്റ്റ് 19-ന് പരസ്യമാക്കിയ കമ്മിറ്റിയുടെ തിരുത്തിയ റിപ്പോർട്ട്, സംസ്ഥാന ചലച്ചിത്ര വ്യവസായത്തിനുള്ളിൽ വിവേചനം, ലൈംഗിക ചൂഷണം, സ്വജനപക്ഷപാതം തുടങ്ങിയ കേസുകൾ ഉയർന്നുവന്നതോടെ വന്‍ വിവാദത്തിനും വഴിയൊരുക്കി.