മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത് കോൺഫറൻസ് 2025-ന്റെ ഒരുക്കങ്ങൾക്ക് ആവേശകരമായ തുടക്കമായി. ന്യൂജേഴ്‌സി നോർത്ത് പ്ലെയിൻ ഫീൽഡ് സെൻറ്. ബസേലിയോസ് ഗ്രീഗോറിയോസ് ഇടവകയിൽ സെപ്റ്റംബർ 15 ഞായറാഴ്ച നടന്ന കോൺഫറൻസിന്റെ ആദ്യത്തെ ആലോചനാ യോഗത്തിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കളാവോസ് അദ്ധ്യക്ഷനായിരുന്നു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വർഗീസ് എം. ഡാനിയൽ, ഫാമിലി കോൺഫറൻസിന്റെ മുൻ ഭാരവാഹികൾ, ഭദ്രാസനത്തിലെ വൈദികർ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഭദ്രാസന അസംബ്ലി അംഗങ്ങൾ, മലങ്കര അസോസിയേഷൻ അംഗങ്ങൾ, ആത്മീയ സംഘടനാ ഭാരവാഹികൾ തുടങ്ങി യോഗത്തിൽ സന്നിഹിതരായിരുന്നവരെ ഇടവക വികാരി ഫാ. വിജയ് തോമസ് സ്വാഗതം ചെയ്തു.
2024-ലെ കോൺഫറൻസിന്റെ റിപ്പോർട്ട് ചെറിയാൻ പെരുമാൾ (സെക്രട്ടറി) അവതരിപ്പിച്ചു. മികച്ച പ്രാസംഗികർ, ആകർഷണീയമായ വിഷയങ്ങൾ, ആത്മീയ അന്തരീക്ഷം, ജനപങ്കാളിത്തം, പ്ലാനിങ് എന്നിവയാൽ മികച്ച നിലവാരം പുലർത്തിയ കോൺഫറൻസ് സംഘടിപ്പിച്ചതിന് 2024-ലെ ഭാരവാഹികളെ മെത്രാപ്പോലീത്ത അഭിനന്ദിച്ചു.
2024 -ലെ കോൺഫറൻസിന്റെ വരവ് ചെലവ് കണക്കുകൾ ട്രസ്റ്റി മാത്യു ജോഷ്വ അവതരിപ്പിച്ചു.
കോൺഫറൻസ് കോർഡിനേറ്റർ ഫാ. അബു പീറ്റർ 2025-ലെ മുഖ്യഭാരവാഹികളെ പരിചയപ്പെടുത്തി. ജെയ്‌സൺ തോമസ്, സെക്രട്ടറി (സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, ബ്രോങ്ക്‌സ്, ന്യൂ യോർക്ക്), ഡോ. ഷെറിൻ ഏബ്രഹാം, ജോയിൻ്റ് സെക്രട്ടറി (സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, എൽമോണ്ട്, ന്യൂയോർക്ക്), ജോൺ താമരവേലിൽ, ട്രഷറർ (സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ജാക്‌സൺ ഹൈറ്റ്‌സ്, ന്യൂയോർക്ക് ), ലിസ് പോത്തൻ, അസിസ്റ്റൻ്റ് ട്രഷറർ (സെൻ്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് ചർച്ച്, ഫിലഡൽഫിയ), ജെയ്‌സി ജോൺ, സുവനീർ എഡിറ്റർ (സെൻ്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, ഫിലഡൽഫിയ), ഫിലിപ്പ് തങ്കച്ചൻ, ഫൈനാൻസ് കോർഡിനേറ്റർ (സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, മൌണ്ട് ഒലിവ്, ന്യൂ ജേഴ്‌സി) എന്നിവരാണ് കോൺഫറൻസ് കമ്മിറ്റിയിലെ കോർ ടീം അംഗങ്ങൾ. കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിന് വരുന്ന ആഴ്ചകളിൽ വിവിധ കമ്മിറ്റികൾ രൂപപ്പെടുത്തുന്നതാണെന്ന് ഫാ. അബു പീറ്റർ അറിയിച്ചു.
അടുത്ത വർഷത്തെ കോൺഫറൻസിനായി സ്ഥലം കണ്ടെത്തുന്നതിന്റെ പുരോഗതിയെക്കുറിച്ച് കോൺഫറൻസ് സെക്രട്ടറി ജെയ്‌സൺ തോമസ് ഹ്രസ്വ വിവരണം നൽകി. യുവജനങ്ങളുടെ ആത്മിക പരിപോഷണത്തോടൊപ്പം പ്രൊഫഷണൽ കരിയറിനു സഹായകരമാവുന്ന ആകർഷണീയമായ പരിപാടികളും ആസൂത്രണം ചെയ്യുമെന്ന് ജെയ്‌സൺ തോമസ് അറിയിച്ചു.
യുവജനങ്ങൾക്കും മുതിർന്നവർക്കും അവരുടെ അഭിരുചികൾക്ക് അനുയോജ്യമായ രീതിയിൽ ഫലപ്രദമായ ഒരു കോൺഫറൻസ് നടത്തുവാൻ ഏവരും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് മാർ നിക്കളാവോസ് ഉദ്ബോധിപ്പിച്ചു.
ഡോ. ഷെറിൻ എബ്രഹാം, ലിസ് പോത്തൻ എന്നിവർ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നിസ്സീമമായ കടപ്പാട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) അല്ലെങ്കിൽ ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832) എന്നിവരുമായി ബന്ധപ്പെടുക.