റിയാദ്: സൗദി അറേബ്യയിലെ മക്ക ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് സൗദി സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അൽ-ജുമും, മെയ്‌സാൻ, തായിഫ്, അദം, അൽ-അർദിയാത്ത്, അൽ-കാമിൽ എന്നിവിടങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാൻ, പ്രാദേശിക കാലാവസ്ഥാ അപ്‌ഡേറ്റുകൾ പിന്തുടരാനും അധികാരികളുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടു.
നജ്‌റാൻ, മദീന മേഖലകളിൽ നേരിയതോ മിതമായതോ ആയ മഴയും അൽ-ബഹ, അസീർ, ജസാൻ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് സിവിൽ ഡിഫൻസ് പ്രവചിക്കുന്നു.
കാലാവസ്ഥാ മുന്നറിയിപ്പിൻ്റെ വെളിച്ചത്തിൽ, സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരാനും താഴ്‌വരകളും താഴ്ന്ന പ്രദേശങ്ങളും പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും സിവിൽ ഡിഫൻസ് താമസക്കാരോട് അഭ്യർത്ഥിച്ചു. സുരക്ഷാ മാർഗനിർദേശങ്ങൾക്കായി മഴക്കാലത്ത് മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രക്ഷേപണം ചെയ്യുന്ന നിർദ്ദേശങ്ങൾ നിരീക്ഷിക്കണമെന്നും പ്രസ്താവന ഊന്നിപ്പറയുന്നു.