കാഴ്ചയിൽ ‘ഭീകരത’ തോന്നുന്ന മുഖങ്ങള്‍; പക്ഷെ ഇവര്‍ തൃശൂർ നഗരത്തിലെ ഹൃദയങ്ങൾ കീഴടക്കി

എടത്വ: കറുത്ത ഷർട്ടും കറുത്ത കണ്ണാടിയും ചുവപ്പ് നിറത്തിലുള്ള മുണ്ടും ധരിച്ച് ഓരോരുത്തര്‍ തൃശൂര്‍ കേരള വർമ്മ കോളജ് ഗ്രൗണ്ടിലേക്ക് എത്തുമ്പോൾ കാണികളുടെ ഇടയിൽ ആദ്യം ഭയം ഉളവാക്കിയെങ്കിലും പിന്നീട് ഈ ‘ഭീകര’രോടോപ്പം നിന്ന് സെൽഫി എടുക്കുന്നതിന് തിരക്കിലായിരുന്നു സാംസ്ക്കാരിക നഗരം. അടുത്ത് ഇടപ്പെട്ടവർക്കെല്ലാം മധുരിക്കും ഓർമ്മകൾ പങ്കുവെച്ചാണ് ‘മൊട്ട കൂട്ടം’ മടങ്ങിയത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നും കൂടാതെ പ്രവാസികളായവരുമായ നൂറോളം ‘മൊട്ടകൾ’ ആണ് ഇന്നലെ സംഗമിച്ചത്.വാട്ട്സാപ്പ് കൂട്ടായ്മയിൽ കൂടി പരിചയപെട്ട 500- ലധികം അംഗങ്ങളിൽ നിന്നും നൂറോളം പേര്‍ ആണ് പരസ്പരം അനുഭവങ്ങൾ പങ്കുവെച്ചും ഫോട്ടോ എടുത്തും വീണ് കിട്ടിയ ദിനം ആനന്ദകരമാക്കിയത്. കഴിഞ്ഞ 2 മാസം മുമ്പ് ഒന്നിച്ചത് വെറും 25 മൊട്ടകൾ മാത്രമായിരുന്നെങ്കില്‍ ഇന്ന് 20 മടങ്ങ് അംഗങ്ങളുമായി വളർച്ചയുടെ പാതയിലാണ് ‘മൊട്ട ഗ്ലോബൽ’. പ്രവാസികൾ ഉൾപ്പടെ അന്താരാഷ്ട്ര തലത്തിൽ ഉന്നതസ്ഥാനിയരായ നിരവധി വ്യക്തിത്വങ്ങൾ ഇതിനോടകം അംഗങ്ങളായതായി സജീഷ് കുട്ടനെല്ലൂർ പറഞ്ഞു. മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവർക്കിടയിൽ ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിൽ. ചിട്ടയായ പ്രവർത്തന ശൈലി അവലംബിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള ആഗോള തലത്തിൽ മികച്ച കൂട്ടായ്മയായി മാറ്റുകയെന്നതാണ് പരമ പ്രധാനമായ ലക്ഷ്യം.

‘മൊട്ട കൂട്ട’ത്തെ സംബന്ധിച്ച് കേട്ടറിഞ്ഞ് നിരവധി വ്യക്തികൾ അംഗങ്ങളാകാൻ എത്തുന്നുണ്ടെങ്കിലും കർശന നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ അംഗത്വം നല്‍കുന്നുള്ളൂ. തലമുടി മുണ്ഡനം ചെയ്ത വ്യക്തിയാണെങ്കിലും അഡ്മിൻ പാനലിന്റെ ഹോം സ്റ്റഡി റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് അംഗത്വം നല്‍കുന്നത്. മതസൗഹാർദ്ദത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും ഊന്നൽ നല്‍കി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരാണ് ഇതിനോടകം മൊട്ട ഗ്ലോബലിലേക്ക് എത്തിയത്.

അപൂര്‍വങ്ങളിൽ അപൂര്‍വമായ ഈ ഒത്തുചേരൽ യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ പ്രത്യേക പരിഗഗണനയ്ക്കായി നിർദ്ദേശിക്കുകയും ചെയ്തതായി യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറി ഡോ.ജോൺസൺ വി ഇടിക്കുള അറിയിച്ചു. തൃശൂർ നഗരത്തില്‍ നടന്ന പുലികളിയിൽ കാനാട്ടുക്കര സംഘത്തിന് ഒപ്പം ജനലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയാണ് ‘മൊട്ടക്കൂട്ടം’ മടങ്ങിയത്.

Print Friendly, PDF & Email

Leave a Comment

More News