വീയപുരം (എടത്വ ): വീയപുരം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എ. ഷാനവാസാണ് പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കി പ്രതിഷേധവുമായി കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്തു കമ്മിറ്റിയില്‍ എത്തിയത്. വെട്ടം വേണം, അതിന് ബള്‍ബിടണം, കാലതാമസം വരുത്തരുത്* എന്നാണ് പ്ലാക്കാര്‍ഡിലുള്ളത്. ഒരു പോസ്റ്റില്‍ (ബള്‍ബ് കേടാകുന്ന മുറക്ക്) ഒരു വര്‍ഷത്തേക്ക് 640രൂപാ പ്രകാരം 504 പോസ്റ്റില്‍ ബള്‍ബിടാനാണ് കരാര്‍. പ്ലാന്‍ ഫണ്ടില്‍ നിന്നും മൂന്നര ലക്ഷം രൂപ മാറ്റിവെച്ചാണ് പദ്ധതി നടപ്പാക്കിയത്. ബള്‍ബ് കേടാകുന്ന മുറക്ക് നന്നാക്കി കൊടുക്കണമെന്നാണ് കരാര്‍. പക്ഷെ പല വാര്‍ഡുകളിലും മാസങ്ങളായി പലയിടങ്ങളിലായി ബള്‍ബുകള്‍ കത്താറില്ല. പല പ്രാവശ്യം മെമ്പറന്മാര് കേടായ ബള്‍ബുകള്‍ മാറ്റിതരണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. 18 വോള്‍ട്ട് ബള്‍ബാണ് ഇത്തവണയിട്ടത് . 2025ഫെബ്രുവരി മാസം വരെ കത്താത്ത ബള്‍ബുകള്‍ മാറികൊടുക്കണമെന്നാണ് കരാര്‍. ഇതിനും കരാറുകാരന് തയ്യാറാകുന്നില്ല.
ഒരു പോസ്റ്റില്‍ ഒരു ബള്‍ബ് ഇടുന്നതിന് 200 രൂപയോളം ചെലവാകുമെന്നിരിക്കെയാണ് ഭീമമായ തുക കൈപ്പറ്റുകയാണ് കരാറുകാരന്. കരാറുകാരനുമായുള്ള ചിലരുടെ ഒത്തുകളികള്‍ നാടിനെ ഇരുട്ടിലാക്കുകയാണ്. കരാര്‍ നടപ്പാക്കുന്നതില്‍ കാലതാമസം നേരിട്ടപ്പോള്‍ പല മെമ്പര്‍മാരും കൈകാശു കൊടുത്ത് ബള്ബിട്ടിരുന്നു. തനത് ഫണ്ട് ഉള്ളപ്പോഴാണ് മെമ്പര്‍മാര്‍ക്ക് കൈകാശ് എടുക്കേണ്ടിവന്നത്. ഇങ്ങനെ ഇട്ട ബള്‍ബുകള്‍ കേടായാല്‍ കരാറുകാരന് മാറി തരാത്തത് മെമ്പര്‍മാര്‍ക്ക് ബാധ്യതയാകുകയാണ്.
കേടായ ബള്‍ബ് മാറ്റിത്തരാന്‍ തയ്യാറാകാത്ത കരാറുകാരനില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കരാര്‍ ലംഘിക്കുന്ന കരാറുകാരനെ ഇനിയും കരാര്‍ നല്‍കരുതെന്നും പി.എ. ഷാനവാസ് ആവശ്യപ്പെട്ടു.