കൊച്ചി: നടന്മാർക്കെതിരെ പീഡന പരാതി ഉന്നയിച്ച നടിക്കെതിരെ മൂവാറ്റുപുഴ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ എത്തിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന ബന്ധുവായ യുവതിയുടെ പരാതിയിലാണ് കേസ്. നടനും എംഎൽഎയുമായ മുകേഷിനെതിരെയും പരാതി നൽകിയിരുന്ന നടിക്കെതിരെയാണ് കേസ്.
യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. പ്രായപൂർത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നൽകിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറി.
പ്രായപൂർത്തിയാകും മുമ്പ് തന്നെ പലർക്കും കാഴ്ചവച്ചെന്നും മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്സ് മാഫിയയുടെ ആളാണെന്നും കാണിച്ചായിരുന്നു യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. തനിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും യുവതി പറഞ്ഞു.
അതേസമയം ബന്ധുവായ യുവതിയുടേത് വ്യാജ പരാതിയാണെന്നായിരുന്നു നടിയുടെ പ്രതികരണം. വ്യക്തി വൈരാഗ്യം ആണ് പരാതിക്ക് പിന്നിലെന്നും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി പറഞ്ഞിരുന്നു.