മലപ്പുറം: ജില്ലയിൽ സ്ഥിരീകരിച്ച എം പോക്‌സ് രോഗവ്യാപനം കുറഞ്ഞ വേരിയൻ്റ് 2B ആണെന്ന് പരിശോധനാഫലം കണ്ടെത്തി. ആഫ്രിക്കയിൽ സ്ഥിരീകരിച്ച 1ബി വേരിയൻ്റ് മലപ്പുറം സ്വദേശിയായ യുവാവിന് പിടിപെട്ടോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബിലായിരുന്നു പരിശോധന.
ടു ബി വകഭേദമായതിനാല്‍ വായുവിലൂടെ വൈറസ് വ്യാപിക്കില്ല. രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്. നിലവിൽ ഇയാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അബൂദാബിയില്‍ നിന്ന് കണ്ണൂരിലെത്തിയ യുവതിക്ക് എം പോക്‌സെന്ന് സംശയം. 32 കാരിയായ യുവതിയാണ് എം പോക്‌സ് ലക്ഷണങ്ങളോടെ കണ്ണൂരിലെത്തിയത്. യുവതി പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സാമ്പിൾ പരിശോധക്ക് അയച്ചു. ദുബൈയില്‍നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം വീണ്ടും എത്തും. രോഗവാഹകർ എന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ സംഘം നിരീക്ഷിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെൽത്ത്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക.