ഭൂപ്രകൃതിയുടെയും, ഭാഷയുടെയും അടിസ്ഥാനത്തിൽ ഭരണ പരമായ സൗകര്യങ്ങൾക്ക് വേണ്ടിയിട്ടാണ് ഭാരതഭൂമിയെ സംസ്ഥാനങ്ങളായി വിഭജിച്ചത്. ഏകീകൃതമായ ഒരു സാംസ്കാരിക അടിത്തറ നില നിൽക്കവേ തന്നെഈ വിഭജനം ജനപഥങ്ങളുടെ സ്വതന്ത്രമായ വികാസത്തിന് വഴി തെളിച്ചിട്ടുണ്ട്. ഏതൊരു സംസ്ഥാനവും നേടുന്നപുരോഗതി ഇന്ത്യൻ യൂണിയൻ എന്ന ചരിത്രാതീത സമൂർത്തതയുടെ പുരോഗതിയാണ് എന്ന് വിലയിരുത്താവുന്നതാണ്.
ഈ ലക്‌ഷ്യം മുന്നിൽ കണ്ടാണ്, വിവരമുള്ള ആളുകൾ ഭരണ ഘടനയുടെ പരിപക്വമായ രൂപ രേഖകൾതയാറാക്കിയിട്ടുള്ളത്. കൊച്ചു കൊച്ചു നാട്ടു രാജ്യങ്ങളായി നില നിന്ന് കൊണ്ട് തമ്മിലടിച്ചും, തല കീറിയും സ്വന്തംതല ബ്രിട്ടീഷുകാരന്റെ കക്ഷത്തിനടിയിൽ വച്ച് കൊടുത്ത നഷ്ട പ്രതാപത്തിന്റെ ദുരന്ത സ്മരണകളിൽ നിന്ന്പ്രചോദനം ഉൾക്കൊണ്ടു കൂടിയാവണം ഇന്ത്യൻ യൂണിയൻ എന്ന മഹത്തായ സ്വപ്നത്തിന് ഭരണ ഘടന പരമപ്രാധാന്യം നൽകി നില നിർത്തുന്നത്.
അഞ്ചാറു വ്യാഴവട്ടങ്ങൾ നീണ്ട സ്വതന്ത്ര ഇന്ത്യയുടെ ചരിത്ര സംഭവങ്ങളിലേക്ക് കണ്ണോടിച്ചാൽ, ഭരണ ഘടനയുടെഈ പ്രഖ്യാപിത ലക്ഷ്യങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് നില നിൽക്കുന്ന വിഘടന വാദങ്ങൾ ആർക്കുംഅവഗണിക്കാനാവാത്ത വിധം ഇന്നും സജീവമാണ് . സിക്ക് ഭീകരതയും, നാഗാ കലാപങ്ങളും, തെലുങ്കാനാവാദവും മാത്രമല്ലാ, ആസാമിലും, മിസോറാമിലും, കാശ്മീരിലും, ഇങ്ങു തമിഴ് നാട്ടിൽ പോലും വിഘടനാവാദങ്ങൾ തലയുയർത്തിയതും, അതിൽ ചിലതെങ്കിലും ഇന്നും നില നിൽക്കുന്നതും നമുക്കറിയാം.
കേന്ദ്ര ഭരണാധികാരികളുടെ തന്നെ വിവിധകാല കുറ്റ സമ്മതത്തിന്റെ അടിസ്ഥാനത്തിൽ തന്നെ ചിന്തിക്കുമ്പോൾ ജനതയിലെ വലിയൊരു വിഭാഗം ആളുകൾക്കിടയിൽ പുരോഗതിയുടെ നാട്ടു വെളിച്ചം ഒരു തരി പോലുംഎത്തിച്ചേരുന്നില്ലാ എന്ന് മനസിലാക്കാവുന്നതാണ്. ഇതിനർത്ഥം, ഇന്ത്യൻ കുത്തകകളും, പാശ്ചാത്യ വഴിവാണിഭക്കാരും വിളിച്ചു കൂവുന്നതും, ഇന്ത്യ നേടിയെടുത്തുവെന്ന് അവകാശപ്പെടുന്നതുമായ പുരോഗതിയുടെ. സദ്‌ഫലങ്ങൾ അനുഭവിക്കാനാവുന്നത് കേവലമായ ഒരു ന്യൂന പക്ഷത്തിന് മാത്രമാണെന്നും, മുക്കാൽനൂറ്റാണ്ടിലധികം നീണ്ടആഞ്ഞ ഭരണം കൊണ്ട് ഇന്ത്യൻ ദരിദ്ര വാസിയുടെ അപ്പച്ചട്ടിയിലെ മുറിക്കഷണങ്ങളിൽ കാര്യമായഒരു മാറ്റവും വരുത്താൻ സാധിച്ചിട്ടില്ലാ എന്നുമാണ്. ബ്രിട്ടീഷു കാരന്റെ കാലത്തേ ഉണ്ടായിരുന്ന പതിന്നാലുശതമാനം മേധാവികളുടെ എണ്ണം ഉന്തിയുന്തി ഇരുപതിനും മുകളിലാക്കി വച്ചുവത്രെ! എന്താ പോരെ? ഏതുകഴുതകളാണ് പറയുന്നത് ഇന്ത്യ പുരോഗതി നേടിയില്ലെന്ന് ?
നാം വിഷയത്തിൽ നിന്ന് വിട്ടു. ഇന്ത്യൻ ജനതയിലെ മഹാഭൂതിപക്ഷത്തിനും തങ്ങൾക്കർഹമായ അവകാശങ്ങൾ. അനുഭവിക്കാനായിട്ടില്ലാ എന്ന യാഥാര്ഥ്യം ഔദ്യോഗികമായി അംഗീകാരം നേടുമ്പോൾത്തന്നെ, നൂറ്റി നാൽപ്പത് കോടിയും എന്നേ കവിഞ്ഞുലഞ്ഞു നിൽക്കുന്ന ഇന്ത്യയിലെ മനുഷ്യർക്കിടയിൽ ‘ തങ്ങൾ ഒരു ജനതയാണ് ‘ എന്ന ദേശീയ ബോധം വളർത്തിയെടുക്കുന്നതിൽ പോലും ഭരണ കൂടങ്ങൾ അമ്പേപരാജയപ്പെടുകയാണുണ്ടായത് എന്ന് എനിക്ക് തോന്നുന്നു.
കഴിക്കുന്ന ആഹാരത്തിലും, ധരിക്കുന്ന വസ്ത്രങ്ങളിലും വരെ വർഗ്ഗവൽക്കരണത്തിന്റെ ചോര വാളുകൾ കുത്തിയിറക്കിക്കൊണ്ട് ഭിന്നിപ്പിച്ചു ഭരിക്കുക എന്നപഴയ ബ്രിട്ടീഷ് തന്ത്രം ഇന്ത്യൻമേധാവികൾ വിജയകരമായി പരീക്ഷിച്ചു വിജയിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ? ആയതിന്റെ ഏറ്റവും വലിയതെളിവായി നമ്മുടെ മുന്നിൽ നില നിൽക്കുന്ന യാഥാർഥ്യമാണ് കേരളം – തമിഴ്‌നാട് സർക്കാരുകൾക്കിടയിൽകാലങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ‘മുല്ലപ്പെരിയാർ ‘ എന്ന നീറുന്ന തർക്ക പ്രശ്നം?
ജല സമൃദ്ധിയിൽ നിറഞ്ഞു നിന്ന കേരളം ജല വറുതിയിൽ വീർപ്പു മുട്ടിയ തമിഴ് നാടിന് കുറെ ജലം നൽകാൻകരുണ കാട്ടിയത് മാനുഷികമായ കേവല ധർമ്മം. ഭരണ ഘടനാ പരമായ ബാധ്യത ഉണ്ടെങ്കിൽ കൂടിയും ഇന്നത്തെ ജനകീയന്മാരായിരുന്നെങ്കിൽ അത് നടപ്പിലാകുമായിരുന്നോ എന്ന് സംശയമാണ്. മനുഷ്യ സ്നേഹിയായ മഹാരാജാവിന്റെ മഹാ മനസ്കതയും, ബ്രിട്ടീഷ് സാഹചര്യങ്ങളുടെ അദൃശ്യ സമ്മർദ്ദവും കൊണ്ട് അന്ന് അത്സാധിച്ചു എന്നേയുള്ളു. വിശാലമായ ഒരർത്ഥത്തിൽ എടുക്കുകയാണെങ്കിൽ ആ പ്രവർത്തി ഒരു സ്വതന്ത്രരാജ്യം അനുവർത്തിക്കേണ്ട ഒരു മാതൃക കൂടി ആയിരുന്നു എന്ന് വിലയിരുത്താവുന്നതാണ്. ഒരു രാജ്യത്തിലെവിഭവങ്ങൾ പരസ്പരം പങ്കു വയ്ക്കുമ്പോളാണ്, അതൊരു നല്ല രാജ്യമാവുന്നത് ; ഒരു ലോകത്തിലെ വിഭവങ്ങൾപരസ്പരം പങ്കു വയ്ക്കുമ്പോളാണ് അതൊരു നല്ല ലോകമാവുന്നത് എന്നത് പോലെ !
അയൽക്കാരൻ എന്ന സങ്കല്പം യേശു രൂപപ്പെടുത്തിയത് ഈ ചിന്തയിൽ നിന്നായിരിക്കണം എന്ന് കരുതുന്നു. അടുത്ത വീട്ടിലെ മത്തായിയാണ് അയൽക്കാരൻ എന്ന് പള്ളിക്രിസ്ത്യാനികൾ പറഞ്ഞു കൊണ്ട്നടക്കുന്നുണ്ടെങ്കിലും, താനൊഴികെയുള്ള തന്റെ ലോകത്തെയാണ് യേശു അയൽക്കാരൻ എന്ന് വിളിച്ചത്. അവനു വേണ്ടിയുള്ള ‘ കരുതലിനെ ‘ യാണ് സ്നേഹം എന്ന അതിമനോഹര പദംകൊണ്ട് യേശു വിവക്ഷിച്ചത്. കുറുവടിയേന്തികുർബ്ബാന കാണുന്ന പുത്തൻ പൊളിറ്റിക്കൽ റിലീജിയൻസിന് ഇതൊക്കെ എവിടെ മനസ്സിലാവുന്നു?
അപ്പോൾ തമിഴ് നാടിനു കേരളം കുടിവെള്ളം കൊടുത്തത് ധർമ്മം. വര്ഷങ്ങളായി നിശ്ചിത അളവിൽ തമിഴ് നാട്വെള്ളം ഒഴുക്കിക്കൊണ്ട് പോകുന്നു – അതും ധർമ്മം. നൂറിലധികം വർഷങ്ങൾക്കു മുൻപ് സിമന്റിനേക്കാൾ ബലംകുറഞ്ഞ ‘ സുർക്കി ‘ ഉപയോഗിച്ച് നിർമ്മിച്ച അണക്കെട്ടിന്റെ ബലം കുറയുന്നത് സ്വാഭാവികം. എങ്കിലുംഗ്രാവിറ്റി ബലത്തിൽ നിർമ്മിച്ചിരിക്കുന്നു എന്നതിനാൽ അത് നില നിൽക്കുന്നു. നൂറ്റി നാൽപ്പതോളംഅടി ഉയരത്തിൽ വെള്ളം നിറച്ചു കൊണ്ട് പത്തും തികഞ്ഞ ഗർഭിണിയെപ്പോലെ ഏങ്ങി വലിഞ്ഞു നിൽക്കുന്നമുല്ലപ്പെരിയാറിന്റെ ഇന്നത്തെ നില തമിഴ് നാടിന്യാതൊരാശങ്കയും ഉണ്ടാക്കുന്നില്ല എന്നതാണ് വിശാലമായ ഒരർത്ഥത്തിൽ മാനവികത നേരിടുന്ന ഏറ്റവും വലിയപ്രശ്നം. ! സ്വന്തം കാര്യം സിന്താബാദ് എന്ന കച്ചവട സംസ്ക്കാരം ലോകത്താകമാനം പിടി മുറുക്കുമ്പോൾനാടോടുമ്പോൾ നടുവേ എന്ന നിലയിൽ അവരും ആയിത്തീർന്നു എന്നതാവാം യാഥാർഥ്യം ! സഖ്യ കക്ഷികളുടെ താങ്ങലോടെ ന്യൂ ഡൽഹിയിലെ ഭരണ കസേരകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന കേന്ദ്രത്തിന് മനസ്സുറച്ചു വായതുറക്കാൻ ആവുന്നുമില്ല. ചൂടൻ കഞ്ഞിക്കു വട്ടം ചുറ്റുന്ന കുഞ്ഞു പട്ടികളെപ്പോലെ തെക്കു – വടക്കുപറക്കുന്ന കേരളത്തിലെ ജന പ്രതിനിധികൾക്കും പ്രസ്താവനകളിറക്കി ആശ്വസിക്കാമെന്നല്ലാതെ ഒന്നുംനടക്കുന്നില്ല ( ഇത് എല്ലാവരെയും കുറിച്ചല്ല).
പെരിയാറിന്റെയും, അതിന്റെ കൈവഴികളുടെയും തീരങ്ങളിൽ അവഗണിക്കപ്പെട്ട ബഹുഭൂരിപക്ഷത്തിന്റെയും പ്രതിനിധികളായി കാലാകാലങ്ങളിൽ കുത്തിക്കുത്തി കൊടുക്കാനുള്ള വോട്ട് മാത്രം കൈവശമുള്ള കുറേപാവങ്ങളുണ്ട്. ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന ഒരു വിസ്തൃത പ്രദേശത്ത്ചിലയിടങ്ങളിലെങ്കിലും മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ തങ്ങളുടെ പിഞ്ചോമനകൾക്ക്കാവലിരിക്കുന്ന മാതാ പിതാക്കളുണ്ട്. വർഷങ്ങളായി ഉറങ്ങാൻ കഴിയാതെ തങ്ങളുടെ അരുമകളെ നെഞ്ചോട്ചേർക്കുന്ന മുത്തശ്ശിമാരാരുണ്ട്. താഴ്ച പ്രദേശത്തെ വീട്ടിൽ കുടുംബാംഗങ്ങളെ തനിച്ചാക്കിയിട്ട ഉയർന്നപ്രദേശത്തെ സ്‌കൂളിൽ പഠിക്കാൻ പോകുന്നില്ലാ എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് തന്റെ ജീവിത കാമനകൾക്ക്സ്വയം തിരശീലയിടുന്ന കുരുന്നു ബാല്യങ്ങളുണ്ട്. !!
എവിടെ നമ്മുടെ രാഷ്ട്രീയ, ഭരണ സംവിധാനങ്ങൾ ? അടുത്ത തെരഞ്ഞെടുപ്പിലെ തന്ത്രം മെനയുന്നതിനുള്ളതിരക്കിലാണോ അവർ ? എവിടെ നമ്മുടെ അന്താരാഷ്‌ട്ര ആസന സാംസ്ക്കാരിക വീര നായകന്മാർ ? അക്കാദമിക്കസേരകളിൽ ആസനസ്ഥനാകാനുള്ള ആർത്തിയോടെ തങ്ങളുടെ അജ സ്മൃശുക്കൾ തടവിക്കൊണ്ട് അധികാരികളുടെ ആസനം താങ്ങുകയാണോ അവർ ? എവിടെ മനുഷ്യ കഥാനുഗായികൾ ആവേണ്ട മീഡിയകൾ? മദ്യ – സ്വർണ്ണ – വസ്ത്ര മാഫിയകളുടെ പൃഷ്ഠം ഉരയ്‌ക്കുന്നതിനുള്ള പ്രതലങ്ങളായി തങ്ങളുടെ സ്വർണ്ണത്തിരമുഖങ്ങൾ പരുവപ്പെടുത്തുകയാണോ അവർ ?
ബലക്കുറവുള്ള അണക്കെട്ടിനു പകരമായി മറ്റൊന്ന് നിർമ്മിക്കാമെന്നു കേരളം പറയുമ്പോൾ തമിഴ് നാടിന് അത് സമ്മതമല്ലത്രെ! വൈക്കോലിൽ കിടക്കുന്ന പട്ടിയെപ്പോലെ ഒന്നിനും സമ്മതിക്കാതെ എല്ലാറ്റിന്റെയുംഇടയ്‌ക്ക് കയറി കവച്ചു നിൽക്കുകയാണ് നമ്മുടെ സുപ്രീം കോടതിയുടെനീതി ന്യായ വികല വാദങ്ങൾ. ഇന്ത്യൻ ക്യാപിറ്റലിസത്തിന്റെ ശീതള ഛായയിൽ വായിൽവെള്ളിക്കരണ്ടിയുമായി പിറന്നിരിക്കാൻ ഇടയുള്ള ഒരു സുപ്രീം കോടതി ജഡ്ജിക്ക്, നദീ തീരത്തെ നന മണ്ണിൽ തങ്ങളുടെ മനസ്സും, തലമുറകളുടെ സ്വപ്നങ്ങളും നടുന്ന മലയാളത്തിലെ മനുഷ്യനെക്കുറിച്ചെന്തറിയാം ? കടലാസു രേഖകളിൽ നിന്ന് ന്യായവും നീതിയും വേർതിരിക്കുന്ന വ്യവസ്ഥാപിതമായ ഒരു സംവിധാനത്തിൽനിന്ന് മാറി ചിന്തിക്കുകയും, പകരം, നിസ്സഹായനായ മനുഷ്യന്റെ പച്ചയായ ജീവിത പരിസ്സരങ്ങളിലേക്ക് താണിറങ്ങുന്ന സജീവമായ ഒരു ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തുകയുമാണ് ഇക്കാര്യത്തിൽഅനിവാര്യമായിട്ടുള്ളതെന്ന് ഇത്തരം കോടതി ദൈവങ്ങളോട് ആര് പറയും ?
കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ അനുവാദം ഒരാനകേറാ മലയാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. മനുഷ്യന്റെപ്രാണനേക്കാൾ വിലപ്പെട്ടതായി എന്ത് പരിസ്ഥിതിയാണുള്ളത് സാർ ? കേന്ദ്രത്തിൽ നിന്നുള്ള ഒരനുമതിയാണ്കേരളത്തിന് വേണ്ടതെങ്കിൽ 24 മണിക്കൂറിനകം അത് കിട്ടണം, കിട്ടിയിരിക്കണം. മനുഷ്യന്വേണ്ടി മനുഷ്യൻ ഭരിക്കുന്ന ജനാധിപത്യമാണ് ഇന്ത്യയിൽ നിലവിൽ ഉള്ളതെങ്കിൽ ആദ്യം അതാണ് നടപ്പിലാവേണ്ടത്. കേന്ദ്ര പ്രതിരോധ – പ്രവാസ – വിദേശ – വകുപ്പുകളിലും, മറ്റു സംസ്ഥാനങ്ങളിലെ ഗവർണർ കസേരകളിലും ചടഞ്ഞിരിക്കുന്ന കുറേപ്പേർ ഉണ്ടല്ലോ അഥവാ, ഉണ്ടായിരുന്നുവല്ലോ കേരളത്തിന് ?
ഇതിനുംപുറമേ ഇപ്പോഴുമുണ്ടല്ലോ തെക്കു വടക്ക് പറന്നു നടന്നു ഭരിക്കുന്ന കുറെ മെമ്പർ ഓഫ് പാർലിമെന്റികൾ? കൂടാതെ ലോക് സഭയിലും, രാജ്യ സഭയിലും നിന്ന് അടുത്തൂൺ പറ്റുന്ന ബുദ്ധി ജീവികൾ ? ഇവരൊക്കെ എവിടെ ? ഒരാവശ്യം വന്നപ്പോൾ ഒരുത്തനുമില്ല. റോഡ് വക്കത്തെ വെയ്റ്റിംഗ് ഷെഡിൽ പോലും സ്വന്തം പേരെഴുതി വച്ച് ക്രെഡിറ്റ് തട്ടിയെടുക്കാനാണെങ്കിൽ എന്തൊരു ഉത്സാഹം ? മിടുക്ക് ?
ആരൊക്കെ കൂടിയാണെങ്കിലും വേണ്ടില്ലാ, ഉടൻ തീരുമാനം ഉണ്ടാവണം. മൂന്നടി വ്യാസമുള്ള ഒരു പൈൻസ്റ്റോക്കുപൈപ്പ് പൊട്ടിയപ്പോൾ പനങ്കുട്ടിയിൽ ( നേര്യമംഗലം പവർ ഹൌസ് സ്ഥിതി ചെയ്യുന്നത് പനംകുട്ടിയിലാണ് ) ഉണ്ടായ ദുരന്തം നമുക്കറിയാം. ഒരു വലിയ പ്രദേശത്തെ മണ്ണും, മരങ്ങളും, വീടുകളും, പാറകളും ജല പ്രവാഹംകുത്തിയൊലിപ്പിച്ചു കൊണ്ട് പോയി. മരണമടഞ്ഞവരിൽ ചിലരുടെയെങ്കിലും മൃത ദേഹങ്ങൾ ഇന്ന് വരെയും കണ്ടുകിട്ടിയിട്ടില്ലാ എന്നാണോർമ്മ. (നിശ്ചയമില്ല ) ( വയനാട് ദുരന്തം ഇവിടെ പറയാൻ മനസ്സ് സമ്മതിക്കുന്നില്ല – ക്ഷമിക്കുക. )
മുല്ലപ്പെരിയാറിൽ 140 അടി വെള്ളമാണ് ഭീഷണിയുയർത്തുന്നത്. പനംകുട്ടി ചോർച്ചയേക്കാൾ അനേകായിരംഇരട്ടി സമ്മർദ്ദത്തിൽ നില നിൽക്കുന്ന വെള്ളം. ഇടുക്കി അണക്കെട്ടും ഇപ്പോൾ നിറഞ്ഞുകവിഞ്ഞിരിക്കുന്നതിനാൽ തന്നെ മുല്ലപ്പെരിയാറിന്റെ ഭീഷണി പ്രവചനാതീതമായ ഒരു മാനറിലാണ്ഇപ്പോഴുള്ളത്.
ഞാൻ എഴുതാതെ ഒഴിവാക്കുന്ന ഒരു വാക്കുണ്ട്. അത് സംഭവിക്കാതിരിക്കുന്നതിനായി ഏവരും ഉണരണം. കേരളത്തിലെയും,തമിഴ് നാട്ടിലെയും, കേന്ദ്രത്തിലെയും ഗവർമെന്റുകൾ………, ഇവകളിൽ ഭാഗഭാക്കായിനികുതിപ്പണം കൈപ്പറ്റുന്ന ജന പ്രതിനിധികൾ……, ഊരിയ വാൾ ഉറയിലിട്ടുകൊണ്ട് കോടതികൾ……., മനുഷ്യസ്വപ്നങ്ങളിൽ വിളവിറക്കി ജീവിക്കുന്ന മീഡിയകൾ ……, മനസിന് അജീർണം ബാധിച് ഉറക്കം തൂങ്ങികളായി അഭിനയിച്ച് ആർക്കോ വേണ്ടി ഓക്കാനിക്കുന്ന സാംസ്കാരിക താടി ജീവികൾ…….എല്ലാവരും ഒരുമിച്ചു വന്ന് ഈപ്രശ്നം പരിഹരിക്കണം. തമിഴ് നാടിന് അവകാശപ്പെട്ട വെള്ളം എന്നും അവർക്കുകിട്ടും എന്ന് ഉറപ്പു വരുത്തുന്ന മുൻകൂർ കരാർ….എല്ലാം….എല്ലാം നടപ്പാവണം.
എല്ലാറ്റിലും വലുത് മനുഷ്യനും അവന്റെ ജീവിത സുരക്ഷിതവുമാണ്. അതിനു വേണ്ടി വിട്ടുവീഴ്ച ചെയ്യാൻഏതൊരു സംവിധാനവും തയ്യാറാവണം. അവിടെ സംസ്ഥാനങ്ങളുടെ മാത്രമല്ലാ രാജ്യങ്ങളുടെയും അതിരുകൾഇല്ലാതാവും, ആശംസകൾ !