ഇരുപതാമത് റഷ്യൻ മുസ്‌ലിം ഇന്റർനാഷണൽ ഫോറം: ഡോ. ഹുസൈൻ സഖാഫി ഇന്ത്യയെ പ്രതിനിധീകരിക്കും

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്

കോഴിക്കോട്: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഇന്നും നാളെയുമായി നടക്കുന്ന ഇരുപതാമത് മുസ്‌ലിം ഇന്റർനാഷണൽ ഫോറത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ മർകസ് പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പങ്കെടുക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ‘സമാധാനത്തിന്റെ മാർഗം: സഹവർത്തിത്വത്തിന്റെ സംഭാഷണങ്ങൾ’ എന്ന പ്രമേയത്തിൽ റിലീജ്യസ് ബോർഡ് ഓഫ് മുസ്‌ലിംസ് ഓഫ് ദി റഷ്യൻ ഫെഡറേഷന്റെയും റഷ്യൻ മുഫ്തീസ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം നടക്കുന്നത്. ഇത് രണ്ടാം തവണയാണ് റഷ്യൻ സമ്മേളനത്തിൽ ഡോ. ഹുസൈൻ സഖാഫി ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

ഇമാം തിർമിദി(റ)യുടെ 1200-ാം ജന്മ വാർഷികത്തിന്റെയും മോസ്‌കോ ഹിസ്റ്റോറിക്കൽ മോസ്കിന്റെ 200-ാം സ്ഥാപക വാർഷികത്തിന്റെയും ഭാഗമായാണ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ മുഫ്തിമാരും മതസംഘടനാ നേതൃത്വവും യൂണിവേഴ്‌സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളുമാണ് ക്ഷണിതാക്കൾ. കൂടാതെ റഷ്യൻ ഫെഡറേഷന്റെ 60 മേഖലകളിൽ നിന്നുള്ള മുഫ്തിമാരും സമ്മേളനത്തിൽ പങ്കെടുക്കും. റിലീജ്യസ് ബോർഡ് ഓഫ് മുസ്‌ലിംസ് ഓഫ് ദി റഷ്യൻ ഫെഡറേഷൻ ചെയർമാൻ ശൈഖ് റവിൽ സൈനുദ്ദീന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യൻ പ്രതിനിധികൾ പങ്കെടുക്കുന്നത്. ഇസ്‌ലാമിക പ്രബോധന രംഗത്ത് 40 വർഷം പൂർത്തീകരിക്കുന്ന ശൈഖ് സൈനുദ്ദീനെ സമ്മേളനം ആദരിക്കും. ജാമിഅ മർകസ് ഇന്റർനാഷണൽ റിലേഷൻസ് ഓഫീസർ ത്വാഹ സഖാഫി മണ്ണുത്തിയും സമ്മേളനത്തിന്റെ ഭാഗമാകും.

Print Friendly, PDF & Email

Leave a Comment

More News