ജീവിതാനുഭവങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും ചില അനുഭവങ്ങള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത സംത്യപ്തിയും മറ്റു ചില അനുഭവങ്ങള്‍ നൊമ്പരങ്ങളായും നമ്മളുടെ ഉള്ളില്‍ ഉണ്ടാകും. 2010 സെപ്റ്റംബറില്‍ എനിക്കുണ്ടായ ഒരു സംത്യപ്തിയുടെ അനുഭവം വര്‍ഷങ്ങള്‍ക്ക് ശേഷം പൊന്നാടയുടെ രൂപത്തില്‍ ഒരു അംഗികാരം ആയി എന്നെ തേടി വന്നതു കൊണ്ടു മാത്രം ആണ് ആ ഓര്‍മ്മകള്‍ ഇവിടെ കുറിക്കുന്നത്. കൈരളി ചാനലിലെ ‘കഥ പറയുമ്പോളള്‍’ എന്ന കഥാപ്രസംഗത്തിന്‍റെ റിയാലിറ്റി ഷോ നടക്കുന്ന സമയം ആ ഷോയില്‍ ബിനോയി കുര്യാക്കോസ് വൈയ്ക്കം ഒരു മല്‍ത്സരാര്‍ത്ഥി ആയിരുന്നു. എന്‍റെ നാട് വൈയ്ക്കം ആയിരുന്നതു കൊണ്ട് അതില്‍ എനിക്ക് അഭിമാനം തോന്നുകയും നാട്ടില്‍ ചെല്ലുമ്പോള്‍ ഈ കലാകാരനെ കണ്ട് ഒരു അനുമോദനം അറിയിക്കണമെന്നും കൂടി മനസില്‍ കുറിച്ചിട്ടു.
നാട്ടില്‍ ചെന്ന സമയത്ത് ചെമ്മനത്തുകര അമല സ്ക്കൂളില്‍ കുട്ടികളുടെ കലോല്‍ത്സവം നടക്കുന്നു. കലാകാരമ്മാരേയും കലയേയും ഒത്തിരി ഇഷ്ടപ്പെടുന്നതു കൊണ്ടു തന്നെ ആ പരിപാടി ആസ്വദിക്കുവാന്‍ വേണ്ടി അവിടെ ചെല്ലുന്നു.
പ്രോഗ്രാംമിന്‍റെ ഇടയില്‍ കേട്ട ഒരു അനൗണ്‍സ്മെന്‍റ് ‘കഥപറയുമ്പോള്‍’ എന്ന റിയാലിറ്റി ഷോയില്‍ വിജയിയായ ബിനോയി കുര്യാക്കോസിനെ വേദിയിലേക്ക് വിളിക്കുന്നു. നാട്ടില്‍ വരുമ്പോള്‍ പരിചയപ്പെടണം എന്ന് ആഗ്രഹിച്ച വ്യക്തി ദേ സ്റ്റേജില്‍ നില്‍ക്കുന്നു. കൂടാതെ ഈ മല്‍ത്സരാര്‍ത്ഥി ആ സ്ക്കൂളില്‍ തന്നെ കീ ബോര്‍ഡ് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ആണ് എന്നുള്ള വിവരം കൂടി അവരുടെ അനുമോദന പ്രസംഗത്തില്‍ നിന്ന് മനസിലാക്കുവാന്‍ സാധിച്ചു.
ബിനോയി സ്റ്റേജില്‍ നിന്ന് ഇറങ്ങി വരുന്നത് നോക്കി ഞാന്‍ അവിടെ നിന്നു. ഇറങ്ങി പോകുന്ന വഴിക്ക് എന്നെ പരിചയപ്പെടുത്തി എനിക്ക് പറയുവാന്‍ കരുതി വച്ചത് പറയുകയും അതൊടൊപ്പം എന്‍റെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ബിനോയ് പറഞ്ഞ മറ്റൊരു കാര്യം അടുത്ത മാസം അമേരിക്കയില്‍ എന്‍റെ കൂട്ടുകാരന്‍ രമേഷ് പിഷാരടി ഉള്‍പ്പെടുന്ന ഒരു ഷോ വരുന്നുണ്ട്. രമേഷിനെ കണ്ടാല്‍ എന്‍റെ അന്വേഷണം കൊടുക്കണം. ഞങ്ങള്‍ ഒരുമിച്ച് പല പ്രോഗ്രാമുകളും ചെയ്തിട്ടുണ്ട്. രമേഷ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ഒരു കലാകാരന്‍ ആണ് . ‘കപ്പല്‍ മുതലാളി’ എന്ന പടത്തില്‍ നായകനായി അഭിനയിച്ചു കഴിഞ്ഞതേയുള്ളു.
ഏഷ്യാനെറ്റില്‍ ധര്‍മ്മജനും ചേര്‍ന്നു കൊണ്ടുള്ള ഒരു പ്രോഗ്രാമിലും രമേഷ് ഉണ്ട്. രമേഷിനെ കുറിച്ച് ബിനോയി കുറെ പ്രശംസിച്ചു പറയുകയുണ്ടായി. പക്ഷേ എനിക്ക് രമേഷിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഇത്രയും ഉയര്‍ന്നു വരുന്ന സിനിമയിലും മുഖം കാണിച്ചു കഴിഞ്ഞ ഈ കലാകാരനെ കുറിച്ച് എനിക്ക് അറിയില്ലല്ലോ എന്നുള്ള ഒരു ചമ്മല്‍ എന്നില്‍ ചെറുതായി ഉണ്ടായി. ബിനോയില്‍ നിന്നാണ് ഞാന്‍ രമേഷിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്.
ഷോ 2010 സെപ്റ്റംബറില്‍ ഡാളസില്‍ വന്നപ്പോള്‍ പ്രേക്ഷകരില്‍ ഒരാളായി ഞാനും അവിടെ ഉണ്ടായിരുന്നു. രമേഷ് എന്ന ആര്‍ട്ടിസ്റ്റിന്‍റെ പേര് വിളിച്ചു പറയുന്നത് കേള്‍ക്കുവാന്‍ ഞാന്‍ ആകാംക്ഷയോടെ കാത്തിരിന്നു. പ്രതീക്ഷിച്ചതു പോലെ രമേഷ് സ്റ്റേജിലേക്ക് വരുന്നു. ഒരു പത്തു മിനിറ്റിന്‍റെ വണ്‍മാന്‍ ഷോ മാത്രമേ ഉണ്ടായിരുന്നുള്ളു കാരണം അവര്‍ പറഞ്ഞത് രമേഷിന് സുഖമില്ല എന്നുമാത്രമായിരുന്നു.
സുഖമില്ല എന്ന് അവര്‍ അറിയിച്ചപ്പോള്‍ എനിക്കു തോന്നി രമേഷിന് ഇപ്പോള്‍ തന്നെ അവര്‍ അവിടെ നിന്ന് കൊണ്ടു പോകുമായിരിക്കും അങ്ങിനെ സംഭവിച്ചാല്‍ നാട്ടില്‍ വച്ച് രമേഷിന്‍റെ കൂട്ടുകാരനു കൊടുത്ത വാക്ക് നടക്കില്ലല്ലോ അതുകൊണ്ടു തന്നെ ഞാന്‍ ഓഡിറ്റോറിയത്തിന്‍റെ വെളിയിലേക്ക് തിടുക്കത്തില്‍ ചെന്നു. മനസില്‍ കരുതിയിരുന്നതു പോലെ തന്നെ രമേഷിനെ സംഘാടകര്‍ വിശ്രമത്തിനു വേണ്ടി താമസസ്ഥലത്തേക്ക് കൊണ്ടു പോകുകയായിരുന്നു. രമേഷ് ഇരിക്കുന്ന കാറിനരുകിലേക്ക് ഞാന്‍ നടന്നു. എന്‍റെ മുഖഭാവം കണ്ട് രമേഷ് കാറിന്‍റെ ചില്ല് താഴ്ത്തി ഞാന്‍ ചോദിച്ചു വൈയ്ക്കത്തുള്ള ഒരു ബിനോയിയെ അറിയുമോ? അറിയും എന്ന മറുപടി കിട്ടി. ബിനോയ് പറഞ്ഞിരുന്നു രമേഷിനെ കാണുമ്പോള്‍ ബിനോയിയുടെ അന്വേഷണം പറയണമെന്ന്. പിന്നെ എനിക്ക് ഒന്നും പറയുവാനില്ലായിരുന്നു. എന്‍റെ റോള്‍ കഴിഞ്ഞു.
എനിക്ക് നല്ല സുഖമില്ല അതു മാത്രമേ രമേഷ് എന്നോട് സംസാരിച്ചുള്ളു. ഈ വളരെ കുറച്ചു നേരത്തെ സംസാരത്തിനു ശേഷം ഞാന്‍ ഓഡിറ്റോറിയത്തിലേക്ക് തിരിച്ചു പോയി.
പിറ്റെ ദിവസം ഞായറാഴ്ച ആയിരുന്നു. എനിക്ക് ഒരു ഫോണ്‍ വരുന്നു. അത് തലേ ദിവസം പ്രോഗാം ഒന്നിച്ചിരുന്ന് കണ്ട എന്‍റെ കൂട്ടുകാരിയുടേതായിരുന്നു. അവള്‍ എന്നോടു ചോദിച്ചു, പിഷാരടിയെ നിങ്ങളുടെ വീട്ടീലേക്ക് കൊണ്ടു വരാമോ കാരണം പിഷാരടിക്ക് ചിക്കണ്‍ പോക്സ് പിടിപ്പെട്ടു. ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ആയിരുന്നു. എന്‍റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അവള്‍ ഫോണ്‍ വച്ചിട്ടു പോയി.
എന്‍റെ ഭര്‍ത്താവും ആയി ഞാന്‍ ഈ കാര്യം പങ്കു വച്ചു അങ്ങിനെ ഞങ്ങള്‍ എടുത്ത തീരുമാനം രമേഷിനെ വീട്ടിലേക്ക് സ്വാഗതം ചെയ്യുക എന്നതായിരുന്നു. ഉടന്‍ തന്നെ അവരുടെ സംഘാടകരെ വിളിച്ചു അഡ്രസ് വാങ്ങി. പോകുന്നതിനു മുന്‍മ്പ് രമേഷിനെ വിളിച്ചു ഞങ്ങളുടെ തീരുമാനം അറിയിച്ചു. എനിക്കും എന്‍റെ കുടുബത്തിനും പിഷാരടിയെ പരിചരിക്കാന്‍ സാധിക്കുകയും അത് ഞങ്ങള്‍ക്ക് രണ്ട് കൂട്ടര്‍ക്കും ഒരിക്കലും മറക്കാന്‍ പറ്റാത്ത സംത്യപ്തിയുടെ ഒരു അനുഭവമായി മാറുകയും ചെയ്തു. ബിനോയി ഒരു അന്യേഷണം മാത്രം പറയുവാന്‍ ഏല്‍പ്പിച്ചിച്ച കാര്യം ആണ് ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് എന്‍റെ വീട്ടീല്‍ താമസിക്കാന്‍ ഇടവരുത്തിയത്. ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും സമാനതയുള്ള ഒരു കാര്യം മൂന്നു പേരും തലയോലപറമ്പ് ഡി. ബി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ് എന്നുള്ളതാണ്. അതുപേലെ തന്നെ മറ്റൊരു കാര്യം ഇവിടെ സൂചിപ്പിക്കാനുള്ളത് ബിനോയ് പൂമരം 2017 എന്ന ഷോയില്‍ വൈയ്ക്കം വിജയലക്ഷ്മിക്കിയുടെ കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റായി 2017 സെപ്റ്റംബര്‍ 23ാം തീയതി ഡാളസില്‍ ഷോ നടത്തുകയും അതിനു ശേഷം എന്‍റെ വീട്ടില്‍ വരാനും താമസിക്കുവാനുമുള്ള അവസരം ലഭിക്കുകയും ചെയ്തു.
കാലങ്ങള്‍ കടന്നു കുറെ കടന്നു പോയി, 2024 സെപ്റ്റംബര്‍ 14-ാം തീയതി താരാ ആര്‍ട്ട്സിന്‍റെ മ്യൂസിക്കല്‍ സ്റ്റാര്‍ നൈറ്റ് ഡാളസില്‍ ഞാന്‍ ഉള്‍പ്പെടുന്ന ഡി. മലയാളിയുടെ നേത്യത്തത്തില്‍ നടത്തപ്പെട്ടു.
ഡി മലയാളിയിലെ അംഗങ്ങളായ സണ്ണി മാളിയേക്കല്‍, പി. പി ചെറിയാന്‍, സിജു. വി. ജോര്‍ജ്, ബിജിലി ജോര്‍ജ്, അനസ്വര്‍ മാമ്പിള്ളി, ബന്നി ജോണ്‍, രജ്ഞിത്ത് എന്നിവരോട് കൂടെ ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഡാളസില്‍ ഈ ഷോ ഒരു വന്‍ വിജയമാക്കി മാറ്റുവാന്‍ സാധിച്ചു.
ഇനി പൊന്നാട വന്ന വിഷയത്തിലേക്ക് കടക്കാം. രമേഷ് പിഷാരടി സ്റ്റേജിലേക്ക് വരുമ്പോള്‍ പ്രേക്ഷകരില്‍ നിന്ന് വളരെ ഉച്ചത്തിലുള്ള ഹര്‍ഷാരവം മുഴങ്ങുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കോമഡികള്‍ ജനങ്ങളെ ബോറടിപ്പിക്കാതെ വളരെ രസകരമായ രീതിയില്‍ അവതരിപ്പിക്കുന്നത് കണ്ട് ഡാളസിലെ ഷാരോണ്‍ ഇവന്‍റ് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ ഇരുന്ന് ഞാനും ആസ്വദിക്കുകയായിരുന്നു.
പിന്നെ ഞാന്‍ കേള്‍ക്കുന്നത് രമേഷ് വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് വന്നപ്പോള്‍ ചിക്കണ്‍ പോക്സ് വന്ന കഥയും എന്‍റെ പേര് പറയുന്നു. എന്നെ സ്റ്റേജിലേക്ക് വിളിക്കുന്നു. അതുമാത്രമല്ല ഞാന്‍ പഠിപ്പിക്കുന്ന സ്പാനീഷ് ഭാഷയെ കുറിച്ച് പറയുന്നു. പിന്നീട് ഒരു പൊന്നാട രമേഷ് എന്നെ അണിയിച്ച് ആദരവും പ്രകടിപ്പിക്കുകയുണ്ടായി. എല്ലാം പെട്ടന്നായിരുന്നു സംഭവിച്ചത്. ഓര്‍ക്കാപുറത്ത് കിട്ടിയ ഈ അംഗികാരത്തിന് എനിക്ക് പറയുവാന്‍ വാക്കുകള്‍ ഇല്ലായിരുന്നു.
രമേഷിനു വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ത്ഥന ആയിരിക്കാം എനിക്ക് അങ്ങിനെ ഒരു ചിന്ത വന്നതും ഞങ്ങളുടെ വീട്ടീല്‍ താമസിപ്പിച്ചതും. പൊന്നാട കിട്ടിയതിനെ കുറിച്ച് പറയുകയാണെങ്കില്‍ നമ്മള്‍ പ്രത്യുപകാരം പ്രതീക്ഷിക്കാതെ ചെയ്യുന്ന പ്രവ്യത്തികള്‍ക്ക് ഒരു ദിവസം പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത സ്ഥലത്തു വച്ച് നമ്മളെ തേടി ആ പ്രതിഫലം വന്നിരിക്കും. അതുകൊണ്ടായിരിക്കാം 14 വര്‍ഷത്തിനു ശേഷം എന്നെ തേടി ഈ പൊന്നാട ഡാളസിലെ വേദിയില്‍ വച്ച് രമേഷിന്‍റെ കൈയ്യില്‍ നിന്നു തന്നെ കിട്ടിയത്.
പൊന്നാട അണിയിച്ച രമേഷ് പിഷാരടിക്കും എനിക്കു വേണ്ടി പൊന്നാട തയ്യറാക്കി വച്ചിരുന്ന ഡി മലയാളിക്കും ഹ്യദയത്തിന്‍റെ ഭാഷയില്‍ സ്നേഹവും നന്ദിയും അറിയിച്ചു കൊള്ളുന്നു.