കൊച്ചി: ഇന്നലെ അന്തരിച്ച മലയാള സിനിമയിലെ ‘അമ്മ’ കവിയൂര്‍ പൊന്നമ്മയെ അവസാനമായി ഒരു നോക്കു കാണാന്‍ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് ഓടിയെത്തിയത്. ഇന്ന് കവിയൂര്‍ പൊന്നമ്മയുടെ പൊതുദര്‍ശനം കളമശേരി ടൗണ്‍ ഹാളില്‍ നടക്കുകയാണ്. നിരവധി താരങ്ങളും സുഹൃത്തുക്കളും ആണ് ഇവിടേക്ക് പൊന്നമ്മയെ ഒരു നോക്ക് അവസാനമായി കാണാന്‍ ഒഴുകിയെത്തുന്നത്.
സിനിമയില്‍ കവിയൂര്‍ പൊന്നമ്മയുടെ സ്‌നേഹം വാത്സല്യം ഏറെ അനുഭവിച്ച് അറിഞ്ഞ താരങ്ങള്‍ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിതുമ്പുകയാണ്. അമ്മയെ അവസാനമായി കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തി.
നടന്മാരായ മോഹന്‍ലാലും, മമ്മൂട്ടിക്കും ഒപ്പം സിദ്ദിഖ്, കുഞ്ചന്‍, മനോജ് കെ ജയന്‍, സംവിധായകന്മാരായ രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ഒരുനോക്ക് കാണാന്‍ എത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.
ഇന്നലെയായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ അമ്മ മുഖമായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ.
ക്യാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന പൊന്നമ്മ കഴിഞ്ഞ ദിവസമാണ് മണരത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ലിസി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഇന്ന് രാവിലെ 9 മുതല്‍ 12 വരെയാണ് കളമശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ട് നാല് മണിക്ക് ആലുവയ്‌ക്ക് സമീപം കരുമാലൂരിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
സംവിധായകനും തിരക്കഥാകൃത്തുമായ പരേതനായ മണി സ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ്. യുഎസിലുള്ള ഏക മകള്‍ ബിന്ദു കഴിഞ്ഞ ദിവസം അമ്മയെ കാണാന്‍ എത്തിയിരുന്നു. അന്തരിച്ച നടി കവിയൂര്‍ രേണുക സഹോദരിയാണ്.
നാടകങ്ങളില്‍ ഗായികയായാണ് കവിയൂര്‍ പൊന്നമ്മ കലാരംഗത്തേക്ക് ചുവടുവയ്‌ക്കുന്നത്. പിന്നാലെ നാടകത്തില്‍ നടിയായും തിളങ്ങി. 14-ാം വയസില്‍ ‘ശ്രീരാമ പട്ടാഭിഷേകം’ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് വെള്ളിത്തിരയിലും അരങ്ങേറി. അഭിനയത്തിന് പുറമെ, നിരവധി സിനിമകളില്‍ പൊന്നമ്മ പാടിയിട്ടും ഉണ്ട്.