ദുബായ്: ഇറാനിലെ ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 51 പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഇറാൻ സ്റ്റേറ്റ് മീഡിയ ഞായറാഴ്ച അറിയിച്ചു. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് (1730 ജിഎംടി) സ്ഫോടനം ഉണ്ടായത്.
മദൻജൂ കമ്പനി നടത്തുന്ന ഖനിയിലെ ബി, സി എന്നീ രണ്ട് ബ്ലോക്കുകളിൽ മീഥെയ്ൻ വാതകം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
“രാജ്യത്തിൻ്റെ കൽക്കരിയുടെ 76% ഈ മേഖലയിൽ നിന്നാണ് നൽകുന്നത്, മദഞ്ചു കമ്പനി ഉൾപ്പെടെ 8 മുതൽ 10 വരെ വൻകിട കമ്പനികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്,” ദക്ഷിണ ഖൊറാസാൻ പ്രവിശ്യാ ഗവർണർ അലി അക്ബർ റഹിമി ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ബി ബ്ലോക്കിലെ രക്ഷാപ്രവർത്തനം പൂർത്തിയായി. ബ്ലോക്കിലുണ്ടായിരുന്ന 47 തൊഴിലാളികളിൽ 30 പേർ മരിക്കുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഹിമി നേരത്തെ പറഞ്ഞിരുന്നു. സി ബ്ലോക്കിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബ്ലോക്കിൽ മീഥേൻ സാന്ദ്രത കൂടുതലാണെന്നും പ്രവർത്തനം ഏകദേശം 3-4 മണിക്കൂർ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സ്‌ഫോടനം നടക്കുമ്പോൾ ബ്ലോക്കുകളിൽ 69 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ പതിനേഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, 24 പേരെ ഇപ്പോഴും കാണാനില്ല,” ഇറാൻ്റെ റെഡ് ക്രസൻ്റ് മേധാവിയെ ഉദ്ധരിച്ച് ഞായറാഴ്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ അനുശോചനം അറിയിച്ചു. “ഞാൻ മന്ത്രിമാരുമായി സംസാരിച്ചു, തുടർനടപടികൾക്കായി ഞങ്ങൾ പരമാവധി ശ്രമിക്കും,” പെസെഷ്കിയൻ പറഞ്ഞു.