ധാക്ക: ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ ആറു രോഗികൾ കൂടി ഡെങ്കിപ്പനി ബാധിച്ച് മരിക്കുകയും 926 പേരെ വൈറസ് ജ്വരം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.
സെപ്റ്റംബർ 17 ന് അഞ്ച് രോഗികളും, സെപ്തംബർ 18-ന് ആറ് പേരും ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിൻ്റെ (ഡിജിഎച്ച്എസ്) കണക്കനുസരിച്ച്, ഈ വർഷം ബംഗ്ലാദേശിൽ കൊതുക് പരത്തുന്ന രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 131 ആയിട്ടുണ്ട്.
ഇവരിൽ 172 ഡെങ്കി രോഗികളെ ധാക്ക നോർത്ത് സിറ്റി കോർപ്പറേഷൻ്റെ കീഴിലുള്ള ആശുപത്രിയിലും 144 പേർ ധാക്ക സൗത്ത് സിറ്റി കോർപ്പറേഷനിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 2,822 പേര്‍ ഡെങ്കിപ്പനി ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
2024 ജനുവരി 1 മുതൽ ഇതുവരെ 24,034 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ഡെങ്കിപ്പനി ബാധിച്ച് 1,705 പേർക്ക് ജീവൻ നഷ്ടപ്പെട്ടത് റെക്കോർഡ് മരണ വർഷമായി മാറി.