കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ സംസ്കാര ചടങ്ങിനിടെ നാടകീയ രംഗങ്ങൾ. മൃതദേഹം മെഡിക്കൽ കോളേജിന് പഠനത്തിനായി വിട്ടുനൽകുന്നതിനെതിരെ രംഗത്തെത്തിയ മകൾ ആശ മൃതദേഹം ടൗൺഹാളിൽ നിന്ന് മാറ്റുന്നത് തടഞ്ഞത് തർക്കമായി. തർക്കത്തിനിടെ നാല് മണിയോടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസറിൽ കെട്ടിപ്പിടിച്ച് പ്രതിഷേധിച്ച ആശ ലോറൻസിനെയും മകൻ മിലൻ ലോറൻസിനെയും ബന്ധുക്കൾ ബലം പ്രയോഗിച്ച് മാറ്റിയതിനു ശേഷമാണ് മൃതദേഹം കൊണ്ടുപോകാന്‍ സാധിച്ചത്. തർക്കത്തിനിടെ നടന്ന പിടിവലിയില്‍ ആശ നിലത്തുവീണു. ലോറൻസിൻ്റെ കൊച്ചുമകനും ആശയ്‌ക്കൊപ്പമുണ്ടായിരുന്നു. മകളെയും ചെറുമകനെയും ബലം പ്രയോഗിച്ച് മാറ്റിയതിനു ശേഷമാണ് ലോറൻസിൻ്റെ മൃതദേഹം ടൗൺഹാളിൽ നിന്ന് മാറ്റിയത്. ഗാർഡ് ഓഫ് ഓണറിനുശേഷം ലോറൻസിൻ്റെ മകൾ ആശ മുദ്രാവാക്യം വിളിച്ച സിപിഐഎം പ്രവർത്തകർക്ക് നേരെ കയര്‍ത്തു. സിപിഐഎം മുര്‍ദാബാദ് എന്ന് അലറുകയും ചെയ്തു.
മൃതദേഹം പഠനത്തിനു വിട്ടുകൊടുക്കുന്നതിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകളുടെ വാദം കൂടി കേട്ട ശേഷം അനാട്ടമി ആക്ട് പ്രകാരം മെഡിക്കല്‍ കോളജിന് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. അതുവരെ മൃതദേഹം പഠനാവശ്യത്തിന് ഉപയോഗിക്കരുതെന്നും മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍, തന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറുമെന്ന് ജീവിച്ചിരുന്നപ്പോള്‍ പിതാവ് ആരോടും പറഞ്ഞിട്ടില്ലെന്നായിരുന്നു ആശയുടെ വാദം. പിതാവിന്റെ ആഗ്രഹപ്രകാരമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മകന്‍ സജീവും പറയുന്നു. മെഡിക്കല്‍ കോളജിന് കൈമാറണമെന്നുള്ള രേഖകള്‍ എന്തെങ്കിലുമുണ്ടോ എന്നായിരുന്നു കോടതി ചോദിച്ചത്.
രണ്ട് മക്കള്‍ തയ്യാറാക്കിയ അഫിഡവിറ്റ് മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നല്‍കിയിട്ടുണ്ട്. മകള്‍ ആശയുടെ പരാതിയും പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി തീരുമാനമെടുക്കുന്നതുവരെ മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ലോറൻസ് സമ്മതപത്രം നല്‍കിയതിന് രേഖകളില്ലെന്നാണ് ഹർജിക്കാരി കോടതിയില്‍ വാദിച്ചത്. ലോറൻസ് ഇപ്പോഴും ഇടവക അംഗമാണെന്നും മകൾ ആശ കോടതിയിൽ ചൂണ്ടിക്കാട്ടി. ലോറൻസിന്‍റെ ഭാര്യയുടെ ഭൗതിക ശരീരം സംസ്‌കരിച്ചതും പള്ളിയിലാണെന്നും ഹർജിക്കാരി വാദിച്ചു. ലോറൻസ് പാർട്ടി നേതാവായിരിക്കാം എന്നാല്‍ ഭൗതിക ശരീരം രാഷ്ട്രീയത്തിന്‍റെ ഭാഗമല്ലെന്ന് ആശ കോടതിയില്‍ പറഞ്ഞു. കത്രിക്കടവ് പള്ളിയിൽ സംസ്‌കാരം നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്നും ആശ ആവശ്യപ്പെട്ടു.
സിപിഎം ജില്ലാ സെക്രട്ടറി, ആശയുടെ സഹോദരങ്ങൾ, സർക്കാര്‍ എന്നിവരാണ് കേസിലെ എതിർ കക്ഷികൾ. പാർട്ടി തീരുമാനത്തിന് മക്കൾ വഴങ്ങി എന്നായിരുന്നു ആശയുടെ വാദം. ലോറൻസിന്‍റെ ആഗ്രഹപ്രകാരം കളമശ്ശേരി മെഡിക്കൽ കോളജിന് മൃതദേഹം കൈമാറണം എന്നായിരുന്നു രണ്ട് മക്കളുടെയും അടുത്ത ബന്ധുക്കളുടെയും തീരുമാനം. ലോറൻസിന്‍റെ അടുത്ത ബന്ധുക്കളും പാർട്ടിക്കാരും ഇതിനായി മുന്നിട്ടിറങ്ങിയിരുന്നു.
എന്നാൽ, ഇത്തരത്തിലൊരു താത്പര്യം പിതാവ് പ്രകടപ്പിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശ കോടതിയെ സമീപിച്ചത്. വിഷയം സംബന്ധിച്ച് ആശ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. ലോറൻസിന്‍റെ അവസാന യാത്രയയപ്പും ചതിയിലൂടെ ആണെന്നും ലോറൻസിനേക്കാൾ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്‍റെ പിതാവിന്‍റെ അന്ത്യ കർമങ്ങൾ ക്രിസ്‌തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശ ഫേസ്‌ബുക്കിൽ കുറിച്ചു.
ന്യുമോണിയ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന എംഎം ലോറൻസ് ശനിയാഴ്‌ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങുന്നത്.