വേണാട് എക്സ്പ്രസ്സിലെ ദുരിത യാത്ര: വ്യാപക പ്രതിഷേധവുമായി യാത്രക്കാര്‍

കൊച്ചി: വേണാട് എക്‌സ്പ്രസില്‍ യാത്രക്കാര്‍ നേരിടുന്ന കഷ്ടപ്പാടുകളുടെ ദൃശ്യങ്ങൾ പുറത്ത്. കാലുകുത്താന്‍ പോലും ഇടമില്ലാതെ യാത്രക്കാർ കഷ്ടപ്പെടുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. തിങ്ങിനിറഞ്ഞ ട്രെയിനിൽ യാത്രക്കാർ വലയുകയാണ്. ഒരിഞ്ചുപോലും സ്ഥലമില്ലാതെ യാത്രക്കാർ തിങ്ങിനിറഞ്ഞ ഈ ട്രെയിനിലെ യാത്ര ഏറെ ദുരിതത്തിലാക്കുകയാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ട്രെയിനിന്റെ സമയക്രമം മാറ്റിയതാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. നിന്നു തിരിയാന്‍ പോലും സ്ഥലമില്ലാതെ സ്ത്രീകളും മുതിര്‍ന്നവരും തളര്‍ന്നു വീഴുന്ന കാഴ്ചയാണ് ട്രെയിനിലെന്നും അവര്‍ പറയുന്നു. വന്ദേ ഭാരത് ട്രെയിന്‍ കടന്നുപോകാന്‍ വേണാട് നിര്‍ത്തിയിടുന്നതും ദുരിതം ഇരട്ടിയാക്കുന്നു എന്ന് പരാതിയുണ്ട്. വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ വേണാട് എക്‌സ്പ്രസിന്റെ സമയം മാറ്റിയതും തിരിച്ചടിയായിട്ടുണ്ട്. വേണാട് എക്‌സ്പ്രസിസിലെ ദുരിത യാത്രയെക്കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും റെയില്‍വെ ഇടപെടുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

വേണാട് എക്‌സ്പ്രസിലെ ജനറല്‍ കോച്ചുകളുടെ എണ്ണം ഉള്‍പ്പെടെ വര്‍ധിപ്പിക്കണമെന്നും ട്രെയിന്‍ പിടിച്ചിടാത്ത തരത്തില്‍ സമയം പുനക്രമീകരിക്കണമെന്നും മെമു സര്‍വീസ് ആരംഭിക്കണമെന്നുമാണ് റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ആവശ്യം.

തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.25ന് പുറപ്പെടുന്ന ട്രെയിന്‍ പലപ്പോഴും ഏറെ വൈകിയാണ് ഷൊര്‍ണൂരില്‍ എത്തുന്നത്. എറണാകുളത്തേക്കുള്ള യാത്രക്കാര്‍ ഉള്‍പ്പെടെയാണ് വേണാട് എക്‌സ്പ്രസ് പിടിച്ചിടുന്നതില്‍ ഏറെ ദുരിതത്തിലാകുന്നത്. രാവിലെ ഓഫീസില്‍ പോകണ്ടവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ആശ്രയിക്കുന്ന ട്രെയിനാണ് വേണാട് എക്‌സ്പ്രസ്. എറണാകുളം വഴി മെമു സര്‍വീസ് ആരംഭിക്കാതെ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Print Friendly, PDF & Email

Leave a Comment

More News