ഈ കപ്പല്‍ ആടിയുലയുകയില്ല…സര്‍ (ലേഖനം): രാജു മൈലപ്ര

കേരളത്തിലുള്ള തന്‍റെ പ്രജകളെ ആണ്ടിലൊരിക്കല്‍ മാത്രം സന്ദര്‍ശിക്കുവാനുള്ള ‘വിസിറ്റിംഗ് വിസ’ മാത്രമേ വാമനന്‍ മഹാബലിക്ക് കൊടുത്തിരുന്നുള്ളൂ. ഒറ്റദിവസം കൊണ്ട് ഓടി നടന്ന്, തന്‍റെ പ്രജകള്‍ പതിനെട്ട് കൂട്ടം കൂട്ടി വയറുനിറയെ സദ്യ കഴിച്ച്, ഏമ്പക്കം വിടുന്ന കാഴ്ച കണ്ട്, സന്തോഷത്തോടെ തിരിച്ചു പാതാളത്തിലേക്ക് മടങ്ങിക്കൊള്ളണം. അതാണ് കണ്ടീഷന്‍.

ഈ വിസ അനുവദിക്കുന്ന കാലത്ത് കേരളീയര്‍, കേരളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഇന്ന് അതു വല്ലതുമാണോ അവസ്ഥ. ലോകത്തിന്‍റെ മുക്കിലും മൂലയിലുമെല്ലാം മലയാളികളുണ്ടല്ലോ! അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി, വിവിധ സംഘടനകളുടെ വകയായി ഏതാണ്ട് മൂന്നു മാസക്കാലത്തോളം ഓണാഘോഷ പരിപാടികളുണ്ട്.

ഈ ആഘോഷങ്ങള്‍ കൊഴുപ്പിക്കുവാനായി വിശിഷ്ടാതിഥികളായി പങ്കെടുക്കുവാന്‍ കേരളത്തില്‍ നിന്നുമെത്തിയിട്ടുള്ള രാഷ്ട്രീയ നേതാക്കന്മാരും സിനിമാ താരങ്ങളും ഇവിടെ ചുറ്റിത്തിരിയുന്നുണ്ട്.

അവരോടൊപ്പം നിന്നു ഫോട്ടോയെടുക്കുന്നതും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നതുമൊക്കെ നല്ല കാര്യം തന്നെ. പക്ഷേ, നടികളെയൊന്നും തോണ്ടാനും ചൊറിയാനുമൊന്നും നില്‍ക്കരുത്. നടിമാര്‍ക്ക് കൈ കൊടുക്കുമ്പോള്‍ കൈവെള്ളയില്‍ ചൊറിയാനോ കണ്ണിറുക്കി കാണിക്കുവാനോ ശ്രമിക്കരുത്. കഴിവതും അഭിവാദ്യങ്ങള്‍ ‘കൂപ്പുകൈ’യില്‍ ഒതുക്കുന്നതാണ് ബുദ്ധി! അല്ലെങ്കില്‍ ഒരുപക്ഷേ, ‘ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്-ഒരു അമേരിക്കന്‍ അനുബന്ധം’ എന്ന പേരില്‍ മറ്റൊരു റിപ്പോര്‍ട്ടുകൂടി വന്നേക്കാം. കലികാലമാണ് സൂക്ഷിക്കണം.

നാട്ടില്‍ നിന്നും വന്ന വിശിഷ്ടാതിഥികള്‍ ഇവിടെ ജനിച്ചുവളര്‍ന്ന, മലയാളി കുട്ടികള്‍ക്കു ചില നല്ല ഉപദേശങ്ങള്‍ കൊടുക്കുന്നതായുള്ള വാര്‍ത്ത വായിച്ചു. പിള്ളേര്‍ക്കു മലയാളം അറിയാത്തത് അവരുടെ ഭാഗ്യം. ഇവിടെയുള്ളവര്‍ തന്നെ ഒരു പരുവത്തിലൊക്കെയാണ് പിള്ളേരുടെ മുന്നില്‍ പിടിച്ചു നില്‍ക്കുന്നത്.

എന്‍റെ സിനിമാ ബന്ധം ‘ഉദയാ, നീലാ’ ചിത്രങ്ങളിലൂടെ തുടങ്ങി, സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ കാലഘട്ടം വരെ എത്തിയിട്ട് ഫുള്‍സ്റ്റോപ്പിട്ടിരിക്കുകയാണ്.

അതുകൊണ്ടുതന്നെ ‘ആടുജീവിതവും’, ‘ആവേശ’വുമൊന്നും ആസ്വദിക്കാനുള്ള കഴിവ് എനിക്കില്ലാതെപോയി.

ഇപ്പോള്‍ എന്‍റെ വിശ്രമവേളകളിലെ വിനോദമെന്നു പറയുന്നത് നാട്ടില്‍ നിന്നുമുള്ള വാര്‍ത്താ ചാനലുകളും യൂട്യൂബ് ചാനലുകളും കാണുകയെന്നുള്ളതാണ്. ഒരു സിനിമയ്ക്കു വേണ്ടുന്നതിലുമധികം ചേരുവകള്‍ അതിലുണ്ട്.

എന്നാല്‍, ഇന്നത്തെ എന്‍റെ വിഷയം അതൊന്നുമല്ല. ഈ വിഷയത്തില്‍ അഭിപ്രായം പറയേണ്ട ഒരു കാര്യവുമെനിക്കില്ല. എന്നാല്‍, ചിലതൊക്കെ കാണുമ്പോഴും കേള്‍ക്കുമ്പോഴും അറിയാതെ പ്രതികരിച്ചുപോകും.

‘അത്രയ്ക്കായോ, എന്നാല്‍ ഇന്നു രണ്ടു തല്ലു കൊണ്ടിട്ടേ ഞാന്‍ പോകൂ’ എന്നൊരു മാനസികാവസ്ഥ!

കഴിഞ്ഞ ഒരു മാസത്തിലധികമായി കേരളത്തിലെ ഒരു ജനപ്രതിനിധി, അദ്ദേഹം ഉള്‍പ്പെടുന്ന ഒരു സര്‍ക്കാര്‍ സംവിധാനത്തിനെതിരായി നിരവധി ആരോപണങ്ങള്‍ ‘തെളിവ്’ സഹിതം വാര്‍ത്താ സമ്മേളനം നടത്തി വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വ്യക്തിതാല്പര്യത്തിനു വേണ്ടിയല്ല, വരുംതലമുറയുടെ ഭാവി ഭാസുരമാക്കുവാന്‍ വേണ്ടിയാണ് താനിത് ചെയ്യുന്നതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നുണ്ട്. അദ്ദേഹത്തിന്‍റെ ഉദ്ദേശ്യശുദ്ധിയെ ഞാന്‍ മാനിക്കുന്നു.

കേരളത്തിലെ ക്രമസമാധാന നില ആകെ തകരാറിലാണെന്നും അതു നിയന്ത്രിക്കുവാന്‍ നിയോഗിക്കപ്പെട്ട ഉത്തരവാദിത്വപ്പെട്ട വ്യക്തികള്‍ എല്ലാത്തരം കൊള്ളരുതായ്മകള്‍ക്കും കൂട്ടുനില്‍ക്കുകയാണെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത്, ഹവാല, കൊലപാതകം, ബലാത്സംഗം….. അങ്ങനെ എന്തെല്ലാം? കേട്ടിട്ട് കൊതിയാവുന്നു.

ഇതു പലതവണ ആവര്‍ത്തിച്ചു കേട്ടപ്പോള്‍, അന്തിച്ചര്‍ച്ചയിലെ ചൂടുള്ള വിഷയമായപ്പോള്‍, ‘എവിടെയോ എന്തോ ഒരു പന്തികേട്’ എന്ന് പലര്‍ക്കും തോന്നിത്തുടങ്ങി. ഇതേക്കുറിച്ച് ഉടനടി അന്വേഷണം വേണമെന്ന് ചില ഘടകകക്ഷികള്‍ തന്നെ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആടിയുലയുകയാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.

കപ്പിത്താന്‍ മാത്രം ഒന്നും ഉരിയാടുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അഴിമതിയും കൈക്കൂലിയുമൊന്നും ഒരു കുറ്റമല്ല. അഴിമതി നടത്തിയതിന്‍റെ പേരില്‍ ഒരു രാഷ്ട്രീയക്കാരനും തടവറയില്‍ കഴിയുന്നില്ല.

പത്തിന്‍റെ പൈസാ കൈയില്‍ ഇല്ലാത്തവന്‍ ഒരു രാഷ്ട്രീയക്കാരന്‍റെ കുപ്പായമണിഞ്ഞ് കളത്തിലിറങ്ങിയാല്‍, കണ്ണടച്ചു തുറക്കുന്നതിനു മുന്‍പ് കോടീശ്വരനാകും. ഇത് എങ്ങനെ, എവിടെ നിന്നൊന്നും ആരും അന്വേഷിക്കാറില്ല.

ക്യാപ്റ്റന്‍ മൗനവ്രതത്തിലാണെന്നു കണ്ടപ്പോള്‍, ആരോപണമുന്നയിച്ചുകൊണ്ടിരുന്ന ജനപ്രതിനിധിക്ക് ആരാധകര്‍ കൂടി. ഇദ്ദേഹത്തിന്‍റെ കൂടെ കൂടുന്നതാണ് തങ്ങളുടെ ഭാവി നിലനില്പിന് നല്ലതെന്നു ചിലര്‍ കണക്കുകൂട്ടി. ഒളിഞ്ഞും തെളിഞ്ഞും അവര്‍ അമ്പെയ്ത്ത് തുടങ്ങി. ആരും നേരെ നിന്ന് ഒന്നും പറയുന്നില്ല. എതിരാളി സൂര്യനാണ്. അടുത്താല്‍ കരിഞ്ഞുപോകും!

അവസാനം രണ്ടും കല്പിച്ച്, വരുന്നതു വരട്ടെയെന്നു കരുതി, ഒരേ പ്രത്യയശാസ്ത്രത്തോടെ, ഒരമ്മയുടെ വയറ്റില്‍ പിറന്ന, സിപിഐ എന്ന പ്രസ്ഥാനത്തിന്‍റെ സെക്രട്ടറി, ആരോപിതരെ അധികാര സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തിയിട്ട്, ഉടനടി അന്വേഷണം വേണമെന്നു കടുപ്പിച്ചു പറഞ്ഞു.

അതോടെ സംഗതി ആകെപ്പാടെ ഉഷാറായി. മാധ്യമപ്പട വാര്‍ത്ത ഏറ്റെടുത്തു. അന്തിച്ചര്‍ച്ചകളുടെ ചൂടേറ്റു പല ടെലിവിഷനുകളും പൊട്ടിത്തെറിച്ചു. ക്യാമറക്കണ്ണുകള്‍ ‘ഇപ്പോള്‍ താഴെ വീഴും’ എന്നുള്ള പ്രതീക്ഷയോടെ മുട്ടനാടിന്‍റെ പിറകേ വെള്ളമൊലിപ്പിച്ചു നടക്കുന്ന കുറുക്കനെപ്പോലെ പിന്നാലെ കൂടി.

എന്നാല്‍, എങ്ങനെ എറിഞ്ഞാലും നാലു കാലില്‍ വീഴുന്ന പൂച്ചയുടെ കൗശലബുദ്ധിയുള്ള സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. പതിവിലേറെ പ്രകാശത്തോടെ, പ്രസന്നവദനനായി, പുഞ്ചിരിയോടെ.

‘കടക്കൂ പുറത്ത്’ എന്ന പതിവ് ഡയലോഗിനു പകരം ‘എന്തു വേണമെങ്കിലും ചോദിച്ചോളൂ, എനിക്കൊരു ധൃതിയുമില്ല’ എന്ന മുഖവുരയോടെ!

‘ഇപ്പം പൊട്ടും, ഇപ്പം പൊട്ടും’ എന്ന പ്രതീക്ഷയില്‍ ചോദ്യമുന്നയിച്ച പത്രപ്രവര്‍ത്തകര്‍ക്ക് കിറുകൃത്യമായ ഉത്തരം കിട്ടിയപ്പോള്‍, അണ്ണാക്കില്‍ പഴം തിരുകിയ അവസ്ഥയായി.

‘വന്നു കയറിയ’ ജനപ്രതിനിധി ഉന്നയിക്കുന്ന ഒറ്റ ആരോപണങ്ങളും അന്വേഷിക്കുന്ന പ്രശ്നമേയില്ല എന്നു തീര്‍ത്തു പറഞ്ഞു. ഇവിടെ നിന്നു കറങ്ങിത്തിരിയാതെ വന്ന വഴിക്ക് മടങ്ങിപ്പോകുന്നതാണ് നല്ലത് എന്നൊരു താക്കീതിന്‍റെ ധ്വനി ആ സ്വരത്തിലുണ്ടായിരുന്നോ എന്നു സംശയം.

വളരെ ആവേശകരമായി, അമേരിക്കന്‍ മലയാളികളുടെ ഊഷ്മളമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നാടു ചുറ്റിക്കൊണ്ടിരുന്ന സെക്രട്ടറി, ‘ഭിന്നതകളുണ്ടെങ്കിലും ഈവള്ളം മുക്കാനാവില്ല എന്നൊരു പ്രസ്താവന ഇറക്കിയിട്ട്, നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പ്രമാണിച്ച് സന്ദര്‍ശനം വെട്ടിച്ചുരുക്കി നാടുവിട്ടു.

കപ്പലു മുക്കാന്‍ ശ്രമിച്ചാല്‍, കപ്പിത്താന്‍ എന്നെയെടുത്തു കരകാണാക്കടലില്‍ എറിയുമെന്നുള്ള തിരിച്ചറിവ് അദ്ദേഹത്തിനു നല്ലതു പോലെയുണ്ട്. താന്‍ കടലില്‍ ചാടിയാല്‍, കൂടെയുള്ളവരൊന്നും ഒപ്പം ചാടുകയില്ലെന്ന് ഉറപ്പ്. അവശേഷിക്കുന്ന ഒന്നര വര്‍ഷം കടുംവെട്ടിന്‍റെ കാലമാണ്. അതു വേണ്ടായെന്നു വെയ്ക്കത്തക്ക മണ്ടന്മാരൊന്നുമല്ല കൂടെയുള്ള മന്ത്രിമാര്‍.

മൈലപ്രയില്‍ ജനിച്ചു വളര്‍ന്ന, ഞങ്ങളുടെ ഗ്രാമത്തിന്‍റെ അഭിമാനമായ മന്ത്രിയുടെ വാക്കുകളോടെ ഞാന്‍ നിര്‍ത്തുന്നു.

“ഈ കപ്പല്‍ ആടിയുലയുകയല്ല, ഈ കപ്പല്‍ നവകേരളത്തിന്‍റെ തീരത്തേക്ക് അടുക്കുകയാണ്. ഇതിനൊരു കരുത്തനായ കപ്പിത്താനുണ്ട്.”

‘ലാല്‍ സലാം…!’

Print Friendly, PDF & Email

Leave a Comment

More News