കൊച്ചി: പീഡന പരാതിയിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും കസ്റ്റഡിയിലെടുക്കാൻ നിർദേശം നൽകുകയും ചെയ്തതിനു പിന്നാലെ പ്രതികരിച്ച് യുവതി രംഗത്ത്. ‘ജീവിതം ഒരു ബൂമറാംഗ് പോലെയാണ്. നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ക്ക് തിരിച്ചടി കിട്ടും’ എന്നാണ് ഇരയുടെ പ്രതികരണം.
രഹസ്യ വിവരങ്ങൾ പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതിൽ അതൃപ്തിയുണ്ടെന്നും ഡിജിറ്റൽ തെളിവുകളടക്കം നശിപ്പിക്കാൻ ശ്രമമുണ്ടെന്നും അവർ പ്രതികരിച്ചു. സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും ഇര പറഞ്ഞു. സിദ്ദിഖിൻ്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുന്നതിനിടയിലാണ് ഇരയുടെ പ്രതികരണം.
മസ്‌കറ്റ് ഹോട്ടലിൽവച്ച് നടൻ സിദ്ദിഖ് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. സിദ്ദിഖിനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
ഇതിനു പിന്നാലെ, നടനെ ഉടൻ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി കൊച്ചി പൊലീസിന് നിർദേശം നൽകി. സുപ്രിംകോടതിയെ സമീപിക്കുംമുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് നിർദേശം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. എന്നാൽ അന്വേഷണ സംഘത്തിന് ഇതുവരെ സിദ്ദിഖുമായി ബന്ധപ്പെടാനായിട്ടില്ല. എറണാകുളത്തെ ഇരു വീടുകളിലും നടൻ ഇല്ല. നടനായി തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.
രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം. കൊച്ചി സിറ്റി പൊലീസിൻ്റെ ഒരു സംഘം കൊച്ചിയിലും മറ്റൊരു സംഘം റൂറൽ മേഖലകളിലുമാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ സിദ്ദിഖ് വീട്ടിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നെടുമ്പാശ്ശേരിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാണ്. സിദ്ദിഖ് ഇവിടെയുള്ള രണ്ട് ഹോട്ടലുകളിൽ താമസിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ഇതിനിടെ, കേസന്വേഷിക്കുന്ന തിരുവനന്തപുരം മ്യൂസിയം പൊലീസ് കൊച്ചിയിലേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്. സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുറപ്പെട്ടത്. പീഡന പരാതിക്കു പിന്നാലെ, താരത്തിനെതിരെ വീണ്ടും ആരോപണവുമായി നടി രംഗത്തെത്തിയിരുന്നു. സിദ്ദിഖ് കൊടും ക്രിമിനലാണെന്ന് പറഞ്ഞ നടി, സിനിമയിൽ നിന്നും താരത്തെ വിലക്കണം എന്നും ആവശ്യപ്പെട്ടിരുന്നു. തന്നോട് മാത്രമല്ല ഹോട്ടൽ ജീവനക്കാരോടും സിദ്ദിഖ് മോശമായി പെരുമാറിയെന്നും നടി പറഞ്ഞിരുന്നു.
തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് രാവിലെയാണ് തള്ളിയത്. തനിക്കെതിരായ ആരോപണങ്ങള്‍ ആടിസ്ഥാനരഹിതമാണെന്നാണ് സിദ്ദിഖ് ഹര്‍ജിയില്‍ ബോധിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് യുവനടി ഉന്നയിച്ച ആരോപണങ്ങളില്‍ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ല. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്കു പിന്നിലുള്ളതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സിദ്ദിഖ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.