പെരിന്തൽമണ്ണ – അങ്ങാടിപ്പുറം പാതയിലെ ഗതാഗതക്കുരുക്കിനുള്ള ശാശ്വതപരിഹാരമായ ഓരേടം പാലം – മാനത്തുമംഗലം ബൈപ്പാസ് നിർമ്മാണം വേഗത്തിൽ ആരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിവേദനം പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റെ ഓഫീസിൽ നൽകി.
വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിമാരായ കാദർ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയിൽ, അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സെയ്താലി വലമ്പൂർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
ദേശീയപാത 966 (NH 213) യിലെ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷൻ മുതൽ അങ്ങാടിപ്പുറം ടൗൺ വരെയുള്ള ഭാഗങ്ങളിൽ ഇപ്പോഴത്തെ ഗതാഗതക്കുരുക്ക് വലിയ പ്രശ്നമാകുകയാണ്. ഇത് യാത്രക്കാർക്കും വാഹന ഗതാഗതത്തിനും വലിയതോതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. നാലുവരിയായ റോഡ്, റെയിൽവേ മേൽപ്പാലത്തിന് സമീപം, രണ്ട് വരിയായി ചുരുങ്ങുന്നതാണ് ഈ ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
മലപ്പുറം, പാലക്കാട് ജില്ലയിലെ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് പെരിന്തൽമണ്ണയിലെ ആശുപത്രികളാണ്, അടിയന്തിര സേവനങ്ങൾക്ക് (ആംബുലൻസുകൾ ഉൾപ്പെടെ) ഈ ഗതാഗതക്കുരുക്ക് വലിയ തടസ്സമാണ്. ഇത് ചിലപ്പോൾ ജീവിത നഷ്ടങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്.
പഠനത്തിനും ജോലിക്കും പോകുന്നവർക്ക് യാത്ര നടത്തുന്നത് വളരെ പ്രയാസകരമായിട്ടുണ്ട്. ചില ബസുകൾ സമയമാനത്തിൽ എത്താൻ കഴിയാതെ സർവീസ് ഉപേക്ഷിക്കുന്നത് യാത്രക്കാർക്ക് നിരവധി ദൈനംദിന ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം നൽകുന്നതിനായി 2010-ൽ ബൈപ്പാസ് നിർമാണത്തിന് ഭരണാനുമതി ലഭിക്കുകയും 10 കോടി രൂപയുടെ ഫണ്ട് അനുവദിച്ച് അലൈൻമെന്റ് ഫിക്‌സ് ചെയ്ത് സർവേ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എങ്കിലും, ഈ പദ്ധതി ഇപ്പോഴും നടപ്പിലാക്കാതെ കിടക്കുകയാണ്.
വകുപ്പ് മന്ത്രി വിവിധ സന്ദർശനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും ബൈപ്പാസ് നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. അതിനാൽ, ഈ പദ്ധതിയുടെ നിർമാണം എത്രയും വേഗം ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവിശ്യപ്പെട്ടു.