സ്ത്രീ പീഡന കേസില്‍ മുകേഷിന്റെ അറസ്റ്റ്: കുറ്റക്കാരനാണെന്ന് കോടതി വിധിയെഴുതുന്നതുവരെ എം എല്‍ എ സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് ശശി തരൂര്‍

കോട്ടയം: പീഡന കേസിൽ അറസ്റ്റിലായ നടനും എം.എൽ.എ യുമായ മുകേഷ് സ്ഥാനമൊഴിയേണ്ട ആവശ്യമില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. ആരോപണത്തിന്റെ പേരിൽ മാറിനിന്നാൽ, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പോലീസ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്നാണു തരൂർ വാദിക്കുന്നത്. മുകേഷ് രാജിവെക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം ശക്തമാകുമ്പോഴും തരൂർ ഭിന്നാഭിപ്രായമായി നിൽക്കുകയായിരുന്നു.

പോലീസ് അവരുടെ ജോലിചെയ്തു. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ രാജിവെക്കേണ്ട ആവശ്യമില്ല. ഇത് പാർട്ടിയുടെ നയമല്ല, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. ‘എം.എൽ.എ. സ്ഥാനം ജനപ്രതിനിധിയുടേതാണ്. ജനങ്ങൾ തിരഞ്ഞെടുത്തു, ഇപ്പോൾ ഒരു അറസ്റ്റുണ്ടായിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കഥ വേറയാണ്. വെറും ആരോപണത്തിൽ ജനപ്രതിനിധി മാറിനിന്നാൽ, അഥവാ മൂന്നുമാസം കഴിഞ്ഞ് ഞങ്ങൾക്ക് കേസില്ലെന്ന് പോലീസ് പറഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്ത് പറ്റും? ജനങ്ങൾക്ക് ചില അവകാശങ്ങളുണ്ടല്ലോ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ. അത്രയേയുള്ളൂ. ആര് തെറ്റുചെയ്താലും നീതി അതിന്റെ വഴിക്ക് നടപ്പിലാകണം എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ’, ശശി തരൂർ വ്യക്തമാക്കി.

ഏതൊരാൾക്കും നിരപരാധിത്വം തെളിയിക്കാൻ അവകാശമുണ്ടെന്നായിരുന്നു മുകേഷിനെതിരെ ആരോപണമുയർന്ന ഘട്ടത്തിൽ ശശി തരൂരിന്റെ നിലപാട്. ആദ്യം കുറ്റവാളിയാണോ നിരപരാധിയാണോ എന്ന് തെളിയട്ടെ. ബാക്കി ചർച്ചകൾ എന്നിട്ടു പോരേ. ഒരാൾക്കെതിരേ ഒന്നിലധികം പീഡനപരാതികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ടെന്നും അന്ന് അദ്ദേഹം പ്രതികരിച്ചു. ലൈംഗികാതിക്രമ കേസിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് നടനും എം.എൽ.എയുമായ എം. മുകേഷിനെ പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10.15-ഓടെ ആരംഭിച്ച ചോദ്യംചെയ്യൽ 1.15-വരെ നീണ്ടു. രണ്ടുകേസുകളിലാണ് മുകേഷിനെ ചോദ്യംചെയ്തത്.

 

 

 

 

Print Friendly, PDF & Email

Leave a Comment

More News