കോഴിക്കോട്: മധ്യേഷ്യൻ രാജ്യമായ രാജ്യമായ കിർഗിസ്ഥാനിൽ നടക്കുന്ന അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാമിഅ മർകസ് കുല്ലിയ്യ ഉസ്വൂലുദ്ദീൻ വിദ്യാർഥി ഹാഫിള് സൈനുൽ ആബിദ് പങ്കെടുക്കും. കിർഗിസ്ഥാൻ മുസ്‌ലിം റിലീജ്യസ് അഡ്മിനിസ്‌ട്രേഷന്റെ ആഭിമുഖ്യത്തിൽ മുഫ്‌തി ശൈഖ് ഹാഫിസ് അബ്ദുൽ അസീസിന്റെ മേൽനോട്ടത്തിൽ നടത്തുന്ന മത്സരത്തിൽ 30 രാഷ്ട്രങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കും.
സെപ്റ്റംബർ 23 മുതൽ 30 വരെ നടക്കുന്ന മത്സരങ്ങളിൽ വിവിധ സെഷനുകൾ പൂർത്തീകരിച്ച് അവസാന റൗണ്ടിൽ വിജയിക്കുന്നവർക്കാണ് അവാർഡ് സമ്മാനിക്കുന്നത്. ദുബൈ, താൻസാനിയ അന്താരാഷ്ട്ര ഖുർആൻ മത്സരങ്ങളിൽ ജേതാവായിരുന്നു സൈനുൽ ആബിദ്.
മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്. നിലവിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യോളജി അവസാനവർഷ ബിരുദ വിദ്യാർഥി കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രശസ്ത ഖുർആൻ പാരായണ-മനഃപാഠ മത്സരങ്ങളിൽ എല്ലാ വർഷവും ഇന്ത്യയെ പ്രതിനിധീകരിച്ച് മർകസ് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത വിജയം നേടാറുമുണ്ട്. ഇതിനകം 26 അന്താരാഷ്‌ട്ര അവാർഡുകൾ മർകസ് ഖുർആൻ അക്കാദമിയെ തേടിയെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കിർഗിസ്ഥാനിലേക്ക് പുറപ്പെട്ട ഹാഫിള് സൈനുൽ ആബിദിനെ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, ജാമിഅ റെക്ടർ ഡോ. എപി അബ്ദുൽ ഹകീം അസ്‌ഹരി, പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് വിജയാശംസകൾ നേർന്ന് യാത്രയാക്കി.