ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം എഡിജിപിഎം ആർ അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പി വി അൻവർ എംഎൽഎ രംഗത്ത്. അജിത് കുമാര്‍ കൊടും ക്രിമിനൽ ആണെന്നും അയാളെ പിരിച്ചുവിടണമെന്നുമാണ് അന്‍വര്‍ പറയുന്നത്.
പോലീസ് ഡിപ്പാർട്ട്മെന്റിന് കളങ്കം വരുത്തുന്ന പ്രവര്‍ത്തിയാണ് അജിത് കുമാറിന്റേതെന്നും, അയാളെ താഴെ ഇറക്കണമെന്നും മാറ്റി നിർത്തണമെന്നുമാണ് താന്‍ ആദ്യം പറഞ്ഞതെന്നും, ഒരാഴ്ച മുൻപ് ഞാൻ അതിൽ നിന്ന് പുറകോട്ട് പോയി എന്നും അയാളെ ഡിസ്മിസ് ചെയ്യണമെന്നും പറഞ്ഞു.
എഡിജിപി എം ആർ അജിത് കുമാർ പോലീസ് ഡിപ്പാർട്ട്മെന്റിന് പറ്റുന്ന ആളല്ല എന്നും ജനങ്ങൾക്ക് കാര്യം അറിയാമെന്നും പറഞ്ഞ പിവി അൻവർ എഡിജിപി കൊടും ക്രിമിനലാണ് എന്നതിൽ ഒരു തർക്കവുമില്ല എന്നും പറഞ്ഞു. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പിവി അൻവറിനോട് മാധ്യമങ്ങളിൽ പ്രതികരണം നടത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുകയും മാധ്യമങ്ങൾ വഴി സർക്കാറിനും പാർട്ടിക്കും എതിരെ പി വി അൻവർ ആരോപണങ്ങൾ പ്രചരിപ്പിക്കുകയാണ് എന്ന് പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ശത്രുക്കൾക്ക് സർക്കാരിനെയും പാർട്ടിയെയും ആക്രമിക്കാനുള്ള ആയുധങ്ങളായി അൻവർ സ്വീകരിക്കുന്ന ഉത്തരം നിലപാടുകൾ മാറുകയാണ് എന്ന് വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പാർട്ടിക്ക് അൻവർ എംഎൽഎയുടെ ഈ നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും ഇത്തരം നിലപാടുകൾ തിരുത്തണമെന്നും പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്ന് പിന്തിരിയണമെന്നും അൻവർ എംഎൽഎയോട് അഭ്യർത്ഥിച്ചിരുന്നു.