ന്യൂയോർക് /തിരുവല്ല: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ നാല് ദിവസം നീണ്ടു നിന്ന പ്രതിനിധി മണ്ഡലയോഗവും സ്പെഷ്യൽ മണ്ഡലയോഗവും സമാപിച്ചു.
മലങ്കര മാർത്തോമാ സുറിയാനി സഭാ പ്രതിനിധി മണ്ഡലയോഗവും സ്പെഷ്യൽ മണ്ഡലയോഗവും നോട്ടിസനുസരിച്ചു 2024 സെപ്റ്റംബർ 17മുതൽ 20 വരെ തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമാ വലിയ മെത്രാപ്പോലിത്താ സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു.
പ്രാരംഭദിനം 10 മണിക്ക് പാട്ട്, ആരാധന എന്നിവയോടെ ആരംഭിച്ച യോഗത്തിൽ അഭി. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ ധ്യാന പ്രസംഗം നിർവഹിച്ചു. ആകെയുള്ള 1485 അംഗങ്ങളിൽ 1031 പേർ യോഗത്തിൽ സംബഡിച്ചു. സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ സ്വാഗതപ്രസംഗം നടത്തി. റിപ്പോർട്ട് വർഷത്തിൽ നിര്യാതരായ വിവിധ വ്യക്തികളെയും വയനാട് ദുരന്തത്തിൽ ഇരയായവരെയും അനുസ്മരിച്ചുകൊണ്ട് സഭ സെക്രട്ടറി അനുശോചനപ്രമേയം അവതരിപ്പിച്ചു.തുടർന്ന് അഭി. മെത്രാപ്പോലിത്ത തിരുമേനി അധ്യക്ഷപ്രസംഗം നിർവഹിച്ചു.
സഭാ സെക്രട്ടറി 2023-24 ലെ വാർഷിക റിപ്പോർട്ട്, വരവ് -ചെലവ് കണക്ക് എന്നിവ അവതരിപ്പിച്ചു. സഭാ ട്രസ്റ്റീ അഡ്വ. അൻസിൽ സക്കറിയ സപ്പ്ളിമെന്ററി ബഡ്ജറ്റ് അവതരിപ്പിച്ചു അനുമതി തേടി. ചർച്ചകൾക്ക് ശേഷം സപ്ളിമെന്ററി ബഡ്ജറ്റ് യോഗം അംഗീകരിച്ചു. തുടർന്ന് 3 മണിക്കൂർ നീണ്ട ചോദ്യോത്തര വേളയിൽ ഭരണാഘടനാനുസൃതം നൽകിയ ചോദ്യങ്ങൾക്കു രേഖാമൂലം സെക്രട്ടറി മറുപടി നൽകി. അഭി. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പയുടെ പ്രാർത്ഥന, അഭി. മെത്രാപ്പോലീത്താ യുടെ ആശിർവാദം എന്നിവയോടെ 7.30 pm നു ഒന്നാം ദിവസത്തെ യോഗം സമാപിച്ചു.
സെപ്റ്റംബർ 18 നു രണ്ടാം ദിവസത്തെ യോഗം രാവിലെ 9.30 നു അഭി. മെത്രാപ്പോലിത്താ തിരുമേനിയുടെ അധ്യക്ഷതയിൽ ആരംഭിച്ചു. പാട്ട്, അഭി. തോമസ് മാർ തീത്തോസ് എപ്പി സ്കോപ്പയുടെ പ്രാർത്ഥന എന്നിവയോടെ ആരംഭിച്ച യോഗത്തിൽ ആദ്യദിനത്തിലെ മിനിറ്റ്സ് വായിച്ചു ഭേദഗതികളോടെ അംഗീകരിച്ചു. തുടർന്ന് 10.10 നു ഭരണഘടനഭേദഗതി കൾക്കായുള്ള സ്പെഷ്യൽ മണ്ഡലയോഗം ആരംഭിച്ചു. .
എപ്പിസ്കോപ്പായ്‌ക്കു 80 വയസ്സ് പൂർത്തിയാകുമ്പോൾ സ്വയമേവ ഔദ്യോഗിക ചുമതലകളിൽനിന്നും വിരമിക്കാവുന്നതാണ് എന്ന ബഹു. എപ്പിസ്കോപൽ സിനഡ് കൊണ്ടുവന്ന ഭേദഗതി നീണ്ട ചർച്ചകൾക്കു ശേഷം പിൻവലിച്ചു.
അഭി. ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പസ്കോപ്പയുടെ പ്രാർത്ഥന, അഭി. മെത്രാപ്പോലിത്തയുടെ ആശീർവാദം എന്നിവയോടെ രണ്ടാം ദിനത്തെ യോഗം സമാപിച്ചു.
മണ്ഡലയോഗത്തിന്റെ മൂന്നാമത്തെ ദിനം രാവിലെ 7.30 നു തിരുവല്ല സെൻറ്. തോമസ് മാർത്തോമാ പള്ളിയിൽ വിശുദ്ധ കുർബ്ബാനയ്ക്ക് അഭി. സക്കറിയാസ് മാർ അപ്രേം തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് പള്ളിയിൽ നടന്ന സമ്മേളനത്തിൽ സജീവ സേവനത്തിൽ നിന്ന് വിരമിച്ച 26 വൈദീകർക്കു യാത്രയയപ്പും , സഭയുടെ വിവിധ അവാർഡുകൾ നേടിയവർക്കുള്ള അനുമോദനങ്ങളും നൽകി.
അഭി. മെത്രാപ്പോലിത്തായുടെ അധ്യക്ഷതയിൽ സ്പെഷ്യൽ മണ്ഡലംയോഗം ആരംഭിച്ചു. ഭരണഘടനയുടെ വിവിധ വകുപ്പുകളിന്മേൽ നിർദ്ദേശിക്കപ്പെട്ട ഭേദഗതികൾ ചർച്ച ചെയ്തു. മണ്ഡലത്തിലെ ഇടവക പ്രതിനിധികളിലെ സ്ത്രീ പ്രതിനിധ്യം 20% ൽ നിന്നും 33% ആയി ഉയർത്തിയ വകുപ്പ് 77(1), മെയ് മാസം അവസാനതീയതിക്കു മുൻപായി വാർഷിക റിപ്പോർട്ട്, വരവ് -ചെലവ് കണക്ക്, ബാലൻസ് ഷീറ്റ്, ബഡ്ജറ്റ് എന്നിവ അവതരിപ്പിക്കുന്നതിൽ വീഴ്ച വരുത്തുന്നപക്ഷം സെക്രട്ടറി, ട്രസ്റ്റികൾ എന്നിവർ ചെയ്യേണ്ട ഉത്തരവാദിത്തങ്ങൾ, അവരുടെ മേലുള്ള നടപടികൾ എന്നിവ വിശദമാക്കുന്ന വകുപ്പ് 340, സഭയ്ക്ക് പൊതുവായ തെരഞ്ഞെടുപ്പു ചട്ടങ്ങൾ തയ്യാറാക്കി അടുത്ത മണ്ഡലയോഗത്തിൽ അവതരിപ്പിക്കുന്നതിനു സഭകൗൺസിലിനെ യോഗം ചുമതലപ്പെടുത്തി. തുടർന്ന് മിനിട്സ് വായിച്ചു, ഭേദഗേതികളോടെ പാസ്സാക്കി. അഭി. ജോസഫ് മാർ ഇവാനിയോസ് എപ്പസ്കോപ്പയുടെ പ്രാർത്ഥന, അഭി മെത്രാപ്പോലി ത്തായുടെ ആശിർവാദം എന്നിവയോടെ രാത്രി 12.30 നു മൂന്നാം ദിവസത്തെ യോഗം സമാപിച്ചു.
മണ്ഡലയോഗത്തിന്റെ നാലാം ദിവസത്തിലെ സമ്മേളനം സെപ്റ്റംബർ 20 നു രാവിലെ അഭി. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ യുടെ അധ്യക്ഷതയിൽ രാവിലെ 9.30 നു ആരംഭിച്ചു. അഭി. മാത്യൂസ് മാർ സെറാഫിൻ എപ്പിസ്കോപ്പയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സഭയുടെയും സ്ഥാപനകളുടെയും വാർഷികറിപ്പോർട്ട്, വരവ് -ചെലവ് കണക്ക്,എന്നിവ യോഗം പാസ്സാക്കി. 2024-25 വർഷത്തേക്കുള്ള സഭയുടെയും സ്ഥാപനകളുടെയും ബഡ്ജറ്റ് സഭാ ട്രസ്റ്റി അഡ്വ. അൻസിൽ സക്കറിയ അവതരിപ്പിച്ചു. വയനാട് ദുരന്തബാധിതരെ സഹായിക്കുന്ന തിനുള്ള സഭാ പദ്ധതി ബഡ്ജറ്റിൽ പുതുതായി ഉൾപ്പെടുത്തുന്നതിനു മണ്ഡലം അനുമതി നൽകി. ചർച്ചകൾക്കു ശേഷം 189.85 കോടി രൂപയുടെ ബഡ്ജറ്റ് യോഗം പാസ്സാക്കി.
ഉച്ചക്ക് മത നിരപേക്ഷതയും മാറുന്ന സാമൂഹിക പരിസരവും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനത്തിന് കൺവീനർ റവ. ഡോ. ജോൺ ഫിലിപ്പ് ഏ. നേതൃത്വം നൽകി. തുടർന്ന് U. K -യൂറോപ്പ് -ആഫ്രിക്ക ഭദ്രസനത്തിന്റെ ഭരണഘടന അഭി. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ അവതരിപ്പിച്ചു. ചർച്ചയെ തുടർന്ന് ഭേദഗതികളോടെ യോഗം അതു അംഗീകരിച്ചു. സന്ദേർഭോചിത വിഷയത്തിൽ പുതിയ സെക്രട്ടറിയേറ്റു ബിൽഡിംഗിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനു സഭാ കൗൺസിലിനെ ചുമതലപ്പെടുത്തി. ഉപസംഹാരം, കൃതജ്ഞത, എന്നിവക്ക് ശേഷം മിനിറ്റ്സ് വായിച്ചു പാസ്സാക്കി. പ്രാർത്ഥന, അധ്യക്ഷന്റെ ആശീർവാദം എന്നിവയോടെ 2023-24 ലെ മണ്ഡല യോഗം സമാപിച്ചു.