കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ ലൈംഗികാതിക്രമക്കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റു ചെയ്യുന്ന മലയാള സിനിമയിലെ രണ്ടാമത്തെ പ്രമുഖനായി നടനും മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (അമ്മ) മുൻ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു.
കോസ്റ്റൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെ കോസ്റ്റൽ പോലീസ് ആസ്ഥാനത്ത് മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്ന് (സെപ്റ്റംബർ 25, ബുധനാഴ്ച) അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ വൈദ്യ പരിശോധന നടത്തി ഇടവേള ബാബുവിനെ വിട്ടയക്കും. ആവശ്യമെങ്കിൽ നടനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജറാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങി ഉപാധികളോടെയായിരുന്നു ഇടവേള ബാബുവിന് കോടതി ജാമ്യം നൽകിയത്.
ചൊവ്വാഴ്ച മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം നടനും നിയമസഭാംഗവുമായ എം.മുകേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോഴും എസ്ഐടി ഇതേ നടപടിക്രമം പാലിച്ചിരുന്നു. ഒരു വനിതാ നടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണങ്ങളുടെ പേരിലാണ് ഇരു താരങ്ങൾക്കുമെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
അമ്മ അംഗത്വത്തിനുള്ള ഫോം പൂരിപ്പിക്കാൻ പോയ കലൂരിലെ ബാബുവിൻ്റെ വസതിയിൽ വച്ചാണ് സംഭവം നടന്നതെന്ന് ഹർജിക്കാരി പറയുന്നു.
രാവിലെ കൊച്ചിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഇടവേള ബാബുവിന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. 10 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലിന് ശേഷം ഒരു മണിയോടു കൂടിയായിരുന്നു നടന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
എറണാകുളം നോര്‍ത്ത് പൊലീസ് സ്‌റ്റേഷനാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. ഇടവേള ബാബു താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയായിരിക്കെ തനിക്കെതിരെ ലൈംഗികാതിക്രമണം നടത്തിയെന്നാണ് ആലുവയിലെ നടിയുടെ പരാതി. അമ്മയില്‍ അംഗത്വം നേടാനായി നടിയെ ഫ്ലാറ്റിലേയ്‌ക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നാണ് കേസ്. പീഡനം, സ്‌ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.